കുടജാദ്രിയില്‍ കുട ചൂടുമാ, ഈ പാട്ടിനുപിന്നിലെ മനോഹരശബ്ദം; പാതിയില്‍ നിലച്ച സംഗീതം പോലെ അവരുടെ ജീവിതം

സ്വര്‍ണലത
സ്വര്‍ണലത

90-കളില്‍ സിനിമാപ്പാട്ടുകളേക്കാള്‍ ആളുകള്‍ നെഞ്ചേറ്റിയത് ചില ആല്‍ബംസോങ്ങുകളാണ്. ഇന്നത്തെ പോലെ സാമൂഹ്യമാധ്യമങ്ങളോ അധികം ടി.വി.ചാനലുകളോ ഒന്നുമില്ലാത്ത കാലം. ടി.വി.യിലും റേഡിയോയിലും കേള്‍ക്കുന്ന പാട്ടുകള്‍ക്ക് ഇമ്പമേറും, എന്നും ഓര്‍ത്തിരിക്കുകയും ചെയ്യും. ഇന്നും ആളുകള്‍ മൂളുന്ന പാട്ടുകള്‍. അതിലൊന്നാണ്
കുടജാദ്രിയില്‍ കുട ചൂടുമാ 
കൊടമഞ്ഞുപോലയീ പ്രണയം 
തഴുകുന്നു എന്നെ പുണരുന്നു 
രാഗസാന്ദ്രമാണീ പ്രണയം...

മലയാളത്തിലെ ഒരനശ്വരഗായികയാണിത് പാടിയത്, സ്വര്‍ണലത. പത്തുഭാഷകളിലായി ഏഴായിരത്തിലധികം സിനിമാപ്പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും, സ്വര്‍ണലത എന്ന പേര് കേള്‍ക്കുമ്പോള്‍, ആദ്യം മൂളുക ഈ പാട്ട് തന്നെയായിരിക്കും. അതിനൊപ്പം തന്നെ മനോഹരമായ കുറേ തമിഴ്-മലയാളം പാട്ടുകളും. 

കേരളത്തില്‍നിന്ന് സംഗീതത്തിന്റെ നെറുകയിലേക്ക്...
സ്വര്‍ണലത ജനിച്ചത് പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ്. കുടുംബം അധികം വൈകാതെ കര്‍ണാടകയിലേക്ക് താമസംമാറ്റി. സംഗീതത്തോടായിരുന്നു ചെറുപ്പംമുതലേ സ്വര്‍ണലതയ്ക്ക് ഏറ്റവും പ്രിയം. മൂന്നാം വയസ്സില്‍ തന്നെ സംഗീതം പഠിക്കാന്‍ തുടങ്ങി. ചേച്ചി സരോജയായിരുന്നു ആദ്യത്തെ ഗുരു. പതിനാലാം വയസ്സിലാണ് സ്വര്‍ണലത സിനിമയ്ക്കായി പാടുന്നത്. എം.എസ്.വിശ്വനാഥന്റെ സംഗീതത്തില്‍, നീതിക്കു ദണ്ഡനൈ എന്ന തമിഴ് സിനിമയ്ക്കായി. 

സിനിമയില്‍ പാടണമെന്ന ആഗ്രഹത്താല്‍, എം.എസ്.വിശ്വനാഥനെ ചെന്ന് കാണുകയായിരുന്നു. ഒരു പാട്ടുപാടിപ്പിച്ചു, എന്നിട്ട് അവസരമുണ്ടെങ്കില്‍ വിളിക്കാമെന്നും പറഞ്ഞ്, എം.എസ്.വി അവരെ പറഞ്ഞുവിട്ടു. അദ്ദേഹം വാക്കുപാലിക്കുകയും ചെയ്തു. ആ പാട്ടൊരു തുടക്കം മാത്രമായിരുന്നു. ഏത് വികാരവും മനോഹരമായി പ്രതിഫലിപ്പിക്കുന്ന, ഉള്ളിലേക്ക് തറച്ചുകയറുന്ന ശബ്ദം തന്നെയായിരുന്നു അവരുടെ പ്രത്യേകത. അവരുടെ ശബ്ദത്തോളം വ്യത്യസ്തമായ ശബ്ദങ്ങള്‍ അധികം കേട്ടിട്ടില്ലെന്ന് അതിനുശേഷം എം.എസ്.വിശ്വനാഥന്‍ പറയുകയും ചെയ്തു. 'സ്വര്‍ഗം ഭൂമിക്ക് നല്‍കിയ അനുഗ്രഹം' എന്നാണ് സ്വര്‍ണലതയുടെ ശബ്ദത്തെ എം.എസ്.വിശ്വനാഥന്‍ വിശേഷിപ്പിച്ചത്.

അവിടുന്ന് മലയാളം, തെലുഗു, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങി മറ്റുഭാഷകളിലേക്കും സ്വര്‍ണലതയുടെ ശബ്ദം കടന്നുചെന്നു. ഫാസ്റ്റ് നമ്പറുകളും മെലഡികളും ഒരുപോലെ ഭദ്രമായിരുന്നു അവരുടെ ശബ്ദത്തില്‍. ഇളയരാജയും, എ.ആര്‍.റഹ്മാനും കുറേ നല്ല പാട്ടുകള്‍ സ്വര്‍ണലതയ്ക്കായി നല്‍കി. 90-കളിലെ ഒട്ടുമിക്ക എ.ആര്‍.റഹ്മാന്‍, ഇളയരാജ ഹിറ്റുകളും സ്വര്‍ണലതയാണ് പാടിയത്. തന്റെ എല്ലാത്തരത്തിലുള്ള പാട്ടുകള്‍ക്കും ഇളയരാജ സ്വര്‍ണലതയുടെ ശബ്ദമുപയോഗിച്ചു. ഇളയരാജ സംഗീതം നല്‍കിയ ചിന്നത്തമ്പി (1991)യിലെ പാട്ടിനാണ് സ്വര്‍ണലതയ്ക്ക് ആദ്യമായി തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാനപുരസ്‌കാരം ലഭിക്കുന്നത്. അതും പതിനെട്ടാമത്തെ വയസ്സില്‍. നീയെങ്കേ എന്‍ അന്‍പേ, രാക്കമ്മ കയ്യൈത്തട്ട്, ഉന്നൈ നിനൈത്തേന്‍ പാട്ട് പടിച്ചേന്‍...ഇങ്ങനെ എത്രയോ ഹിറ്റുകള്‍. ഇളയരാജയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്ന് സ്വര്‍ണലതയുടേതായിരുന്നു.

മായാ മച്ചിന്ദ്ര, മുക്കാല മുക്കാബല, കുച്ചി കുച്ചി റാക്കമ്മ, ഉളുന്തു വിതൈക്കയിലേ....റഹ്മാന്റെ സംഗീതത്തില്‍ 80-ഓളം പാട്ടുകളാണ് അവര്‍ പാടിയത്. അത് ഏറ്റവും മനോഹരമായ രീതിയില്‍ പാടുകയും ചെയ്തു സ്വര്‍ണലത. എ.ആര്‍.റഹ്മാന്‍ സംഗീതം നല്‍കിയ കറുത്തമ്മ (1994) എന്ന സിനിമയിലെ പാട്ടിന് മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരവും തമിഴ്‌നാട് സംസ്ഥാനപുരസ്‌കാരവും അവരെ തേടിയെത്തി. എ.ആര്‍.റഹ്മാന്‍ തന്നെ ഈണംനല്‍കിയ അലൈപായുതേ (2000) എന്ന സിനിമയിലെ പാട്ടിനും സംസ്ഥാനപുരസ്‌കാരം ലഭിച്ചു. സ്വര്‍ണലതയുടെ ശബ്ദത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയ റഹ്മാന്‍, അവര്‍ക്ക് ഹിന്ദിയിലും അവസരം നല്‍കി. രംഗീല എന്ന സിനിമയിലെ 'ഹായ് റാമാ യേ ക്യാ ഹുവാ' എന്ന പാട്ട് സ്വര്‍ണ്ണലതയുടെ പ്രശസ്തി ബോളിവുഡിലുമെത്തിച്ചു.  വളരെ ചുരുങ്ങിയ സമയംകൊണ്ട് സംഗീതസംവിധായകന്‍ ആഗ്രഹിച്ചതിനും അപ്പുറത്തേക്ക് പാട്ടിനെ കൊണ്ടുപോകാനുള്ള കഴിവാണ് എല്ലാവര്‍ക്കും അവരെ പ്രിയങ്കരിയാക്കിയത്. 

മലയാളത്തില്‍ അത്രയധികം പാട്ടുകള്‍ പാടാന്‍ അവര്‍ക്ക് അവസരം കിട്ടിയിട്ടില്ല. എങ്കിലും പാടിയതെല്ലാം സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ തന്നെ. മാണിക്യക്കല്ലാല്‍ (വര്‍ണ്ണപ്പകിട്ട്), നന്ദലാല (ഇന്‍ഡിപെന്‍ഡന്‍സ്), കടമിഴിയില്‍ (തെങ്കാശിപ്പട്ടണം), അവ്വാ അവ്വാ (സത്യം ശിവം സുന്ദരം)...തുടങ്ങിയവ അവയില്‍ ചിലതുമാത്രം. മുപ്പത്തിയേഴാം വയസ്സിലാണ് അവരെ മരണം തട്ടിയെടുക്കുന്നത്.ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുമായി അവര്‍ ബുദ്ധിമുട്ടുകയായിരുന്നു. അതാണ് മരണകാരണമായതും. അപ്പോഴും അവരെ കാത്ത് കുറേ സംഗീതസംവിധായകരും ഒരുപിടി നല്ല പാട്ടുകളും കാത്തിരിപ്പുണ്ടായിരുന്നു...

Content Highlights: remembering singer swarnalatha