പാട്ടുസീനിനിടയിൽ ജാക്കി ഷ്‌റോഫ് ഊർമിളയെ കൈപിടിച്ച് കറക്കുന്ന രംഗം; അതിനിടയിൽ ഊർമിളയ്ക്ക് മുറിവേറ്റു

വർഷങ്ങൾക്കിപ്പുറവും 'രംഗീല' എന്ന സിനിമ സിനിമാപ്രേമികൾക്ക് ഒരു വികാരമാണ്. പാട്ടുകളായിരുന്നു ആ സിനിമയുടെ ജീവനാഡി. രംഗീല രേ, പ്യാർ യേ ജാനേ കൈസെ, തന്ഹാ തന്ഹാ, യാരോ സുൻ ലോ സറാ, ഹായ് റാമാ...ഇങ്ങനെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായി. 32 ലക്ഷം ഓഡിയോ കാസറ്റുകളാണ് വിറ്റുപോയത്. ആ വർഷത്തെ ഏറ്റവും മികച്ച ആൽബങ്ങളിലൊന്നായി അത് മാറി.
എ.ആർ.റഹ്മാന്റെ ആദ്യബോളിവുഡ് ചിത്രം കൂടിയാണ് 'രംഗീല'. ഇതിലെ സംഗീതത്തിന് മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്‌കാരവും റഹ്മാന് ലഭിച്ചു. ഊർമിള മധോൺകറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി ഇന്നും കണക്കാക്കപ്പെടുന്നതും ഈ സിനിമ തന്നെ.
പാട്ടുകളിലെ രംഗങ്ങളും അന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഹായ് റാമാ' എന്ന പാട്ടിലെ സീനുകളാണ് ആരാധകരെ കൂടുതൽ ആകർഷിച്ചത്. എല്ലാം കൊറിയോഗ്രഫി ചെയ്തത് പ്രശസ്ത കൊറിയോഗ്രാഫറായിരുന്ന സരോജ് ഖാനാണ്. പക്ഷേ ചില ദിവസങ്ങളിൽ സരോജ് തന്റെ സഹായിയായിരുന്ന അഹ്മദ് ഖാനെയാണ് കൊറിയോഗ്രഫിക്കായി അയച്ചത്. 'ഹായ് റാമാ' എന്ന പാട്ടിന്റെ ചിത്രീകരണത്തിന് മേൽനോട്ടം വഹിച്ചതും അന്ന് 19 വയസ്സുള്ള അഹ്മദാണ്.
പാട്ടുചിത്രീകരണത്തിനിടയിലെ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് അഹ്മദ് ഖാൻ. വളരെ പ്രശസ്തമായ കാറ്റ്‌ഫൈറ്റ് രംഗമായിരുന്നു ഒരുദിവസം ചിത്രീകരിച്ചുകൊണ്ടിരുന്നത്. മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ്. ''ജഗ്ഗു ദായെ (ജാക്കി ഷ്‌റോഫ്) കാണുമ്പോൾ വളരെ റഫ് ആയിട്ടുള്ള മനുഷ്യനാണെന്ന് തോന്നും. പക്ഷേ സത്യത്തിൽ അങ്ങനെയല്ല. വളരെ സൗമ്യനായ വ്യക്തിയാണ്. ചിത്രീകരണത്തിനിടയിൽ ഊർമിളയെ കറക്കേണ്ടിയിരുന്നു. ജാക്കി ഊർമിളയെ പിടിച്ചുകറക്കിയപ്പോൾ അവരുടെ കൈയിൽ മുറിവേറ്റു''. അപകടമുണ്ടായിട്ടും അഹ്മദിനെ ആശ്വസിപ്പിക്കാനാണ് ജാക്കി ശ്രമിച്ചത്.
ഊർമിളയെ സൗമ്യമായി കറക്കണമെന്ന് ജാക്കിയോട് പറയാൻ തനിക്ക് പേടിയായിരുന്നുവെന്നും അഹ്മദ് ഓർക്കുന്നു. ഊർമിളയും രണ്ടുമൂന്നുതവണ അസ്വസ്ഥത പ്രകടിപ്പിച്ചുവെന്നും അഹ്മദ് ഓർക്കുന്നു. ഊർമിളയുടെയും അഹ്മദിന്റെയും കരിയറിലെ വഴിത്തിരിവാവുകയും ചെയ്തു സിനിമ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the timeless music, iconic songs, and fascinating behind-the-scenes stories of Rangeela