“ 'ഐറ്റം ഗേൾ' എന്ന് മുദ്ര കുത്തപ്പെടാൻ ആഗ്രഹിച്ചില്ല, അതുകൊണ്ടാണ് ആ സിനിമയിൽ അഭിനയിക്കാതിരുന്നത്”

രവീണ ടണ്ടൻ | PTI
രവീണ ടണ്ടൻ | PTI

സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് രവീണ ടണ്ടൻ. മികച്ച അഭിനയപാടവം കൊണ്ട് പലതവണ അവർ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. 'കുച്ച് കുച്ച് ഹോതാ ഹേ' പോലുള്ള വമ്പൻ പ്രോജക്റ്റുകളും 'ദിൽ സേ'യിലെ സൂപ്പർഹിറ്റ് ഗാനമായ 'ഛയ്യ ഛയ്യ'യും നിരസിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് താരമിപ്പോൾ.

കരൺ ജോഹർ സംവിധായകനായി അരങ്ങേറ്റം കുറിച്ച 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന ചിത്രത്തിൽ, ഷാരൂഖ് ഖാൻ, കാജോൾ, റാണി മുഖർജി എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ആ സിനിമയോട് താൻ 'നോ' പറഞ്ഞത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, അന്നത്തെ തന്റെ കരിയർ ലക്ഷ്യങ്ങളാണ് അത്തരം തീരുമാനങ്ങളിലേക്ക് നയിച്ചതെന്ന് അവർ വ്യക്തമാക്കി.

"ചില സിനിമകൾ വേണ്ടെന്ന് വെക്കാൻ എന്റേതായ കാരണങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, 'കുച്ച് കുച്ച് ഹോതാ ഹേ.'നീ എന്റെ ആദ്യ സിനിമ ചെയ്തില്ലെന്ന് കരൺ എപ്പോഴും പറയും. ആ സിനിമ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു, കരൺ എന്റെ സുഹൃത്തുമാണ്. നിർഭാഗ്യവശാൽ എന്റെ കരിയറിന്റെ ആ ഘട്ടത്തിൽ, 'മോഹ്‌റ' പോലുള്ള വലിയ സിനിമയ്ക്ക് ശേഷം ഒരു സെക്കൻഡ് ലീഡ് റോൾ ചെയ്തുകൊണ്ട് കരിയർ വീണ്ടും തുടങ്ങാൻ എനിക്ക് കഴിയില്ലായിരുന്നു" 'സൂമിനോട്' സംസാരിക്കവെ രവീണ പറഞ്ഞു.

"അഞ്ച് സീനുകളും അഞ്ച് പാട്ടുകളും മാത്രമേ ഉള്ളൂ എങ്കിൽ പോലും ഒരു സോളോ ഹീറോയിൻ ആയി തുടക്കം കുറിക്കുക എന്നത് എനിക്ക് അത്യന്താപേക്ഷിതമായിരുന്നു. റാണി മുഖർജിയെ സംബന്ധിച്ചിടത്തോളം ആ വേഷം ഗുണകരമായി. കാരണം അവർ അന്ന് പുതിയ മുഖമായിരുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നിർത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങുക എന്നത് പ്രയാസകരമായ ഒരു തീരുമാനമായിരുന്നു."

മണിരത്നം സംവിധാനം ചെയ്ത 'ദിൽ സേ'യിലെ പ്രശസ്തമായ 'ഛയ്യ ഛയ്യ' എന്ന ഗാനവും താൻ നിരസിച്ചതായി രവീണ പങ്കുവെച്ചു. ഷാരൂഖ് ഖാനും മലൈക അറോറയും തകർത്താടിയ ഈ ഗാനം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി.

"ഛയ്യ ഛയ്യ വന്നപ്പോൾ അത് ചെയ്യാൻ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഒരു 'ഐറ്റം ഗേൾ' എന്ന മുദ്ര കുത്തപ്പെടാൻ ഞാൻ ആഗ്രഹിച്ചില്ല. മണിരത്നം ജിയോട് എനിക്ക് നിങ്ങളുടെ സിനിമകളിൽ അഭിനയിക്കാൻ വലിയ ആഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ ആ പാട്ട് ചെയ്യാൻ എനിക്ക് കഴിയില്ലായിരുന്നു. ഇത്തരം സങ്കടങ്ങൾ ജീവിതത്തിൽ ഉണ്ടാകാം, പക്ഷേ നമുക്ക് എല്ലാം ചെയ്യാൻ കഴിയില്ലല്ലോ."

ബോളിവുഡ് കാത്തിരിക്കുന്ന വമ്പൻ ചിത്രം 'വെൽക്കം ടു ദി ജംഗിളിന്റെ' ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് രവീണ ടണ്ടൻ. വർഷങ്ങൾക്കുശേഷം രവീണയും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുകയാണ് ചിത്രത്തിൽ. തൊണ്ണൂറുകളിൽ വെള്ളിത്തിരയിലെ ഹിറ്റ് ജോഡികളായിരുന്ന ഇവർ ഒരു കാലത്ത് പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയം വരെ എത്തിയ ബന്ധം പിന്നീട് വേർപിരിഞ്ഞെങ്കിലും, നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നതിന്റെ ആവേശമാണ് ആരാധകർക്ക്.

1991-ൽ 'പത്തർ കെ ഫൂൽ' എന്ന ചിത്രത്തിലൂടെയാണ് രവീണ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മോഹ്‌റ, ഖിലാഡിയോം കാ ഖിലാഡി, ബഡേ മിയാൻ ചോട്ടേ മിയാൻ, ദുൽഹെ രാജ തുടങ്ങിയവയാണ് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. രവീണയുടെ മകൾ റാഷ തഡാനിയും അടുത്തിടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Raveena Tandon reveals why she turned down iconic films like `Kuch Kuch Hota Hai` and the song `Chaiyya Chaiyya`, prioritizing her career path. Read her reasons.