രൺവീർ സിങ്ങിന്റെ ആദ്യത്തെ 'എ' സർട്ടിഫിക്കറ്റ് സിനിമ; ബോളിവുഡിലെ ദൈർഘ്യം കൂടിയ സിനിമകളിലൊന്ന്

അടുത്ത ദിവസമാണ് രൺവീർ സിങ്ങിന്റെ സിനിമയായ 'ധുരന്ധറി'ന്റെ റിലീസ്. അർജുൻ രാംപാൽ, അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, സാറ അർജുൻ എന്നിവരും അഭിനയിക്കുന്ന, സ്‌പൈ ആക്ഷൻ ത്രില്ലറാണ് സിനിമ. ഒട്ടേറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് സിനിമ ഒടുവിൽ തിയേറ്ററുകളിലെത്തുന്നത്. റോ ഏജന്റിന്റെ വേഷത്തിലാണ് സിനിമയിൽ രൺവീർ അഭിനയിക്കുന്നത്.
40-കാരനായ രൺവീർ സിങ്ങും നായികയായ സാറ അർജുനും തമ്മിലുള്ള പ്രായവ്യത്യാസവും നേരത്തെ ചർച്ചയായിരുന്നു. 20 വയസ്സ് വ്യത്യാസമാണ് അവർക്കിടയിലുള്ളത്. അതിനെ ഒരുകൂട്ടം ആളുകൾ ചോദ്യം ചെയ്തു. ട്രെയിലറും രൺവീറിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നശേഷം മറ്റൊരു ചർച്ചയുമുണ്ടായി. കശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറിയ മേജർ മോഹിത് ശർമ്മയെ അടിസ്ഥാനമാക്കിയുള്ളതാണ് രൺവീറിന്റെ കഥാപാത്രമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സംവിധായകൻ ആദിത്യ ധർ ഈ അവകാശവാദം നിഷേധിക്കുകയും ചെയ്തു.
പിന്നാലെ സിനിമയുടെ റിലീസിനെതിരെ മേജറിന്റെ മാതാപിതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. മേജറിന്റെ ജീവിതം, രഹസ്യദൗത്യങ്ങൾ, രക്തസാക്ഷിത്വം എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ചിത്രീകരിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. അതോടെ സിനിമ നേരത്തെ തീരുമാനിച്ച ദിവസം റിലീസാകുമോ എന്ന് സംശയമുണ്ടായിരുന്നു.
കുടുംബത്തിന്റെ ആവശ്യപ്രകാരം സിനിമ വീണ്ടും കണ്ട് ആരോപണം ശരിയാണോയെന്ന് പരിശോധിക്കാൻ കോടതി സെൻസർ ബോർഡിന് നിർദേശവും നൽകി. മേജറിന്റെ ജീവിതവുമായി ഒരു ബന്ധവും സിനിമയ്ക്കില്ലെന്ന് അതിനുശേഷം ബോർഡ് കോടതിയെ അറിയിക്കുകയും ചെയ്തു.
സിനിമയ്ക്ക് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റാണ് കൊടുത്തിരിക്കുന്നത്. അക്രമദൃശ്യങ്ങളും അശ്ലീലവാക്കുകളും ഉണ്ടെന്നതിനാലാണിത്. നേരത്തെ ചില അക്രമദൃശ്യങ്ങൾ നീക്കംചെയ്യാൻ ബോർഡ് ആവശ്യപ്പെട്ടിരുന്നു. മന്ത്രിയായ കഥാപാത്രത്തിന്റെ പേരുമാറ്റാനും ആവശ്യപ്പെട്ടു. മൂന്നു മണിക്കൂറും 34 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. 17 വർഷത്തിനുശേഷമാണ് ഇത്രയും ദൈർഘ്യമുള്ള സിനിമയിറങ്ങുന്നത്. രൺവീർ സിങ്ങിന്റെ ആദ്യത്തെ എ സർട്ടിഫിക്കറ്റ് സിനിമ കൂടിയാണിത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh`s spy thriller `Durandhar` finally releases after controversies. Get `A` certificate and a runtime of 3h 34m