ധുരന്ധറിനു പിന്നാലെ ശിവനാവാൻ രൺവീർ സിങ്, ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

രൺവീർ സിങ് / AFP
രൺവീർ സിങ് / AFP

'ധുരന്ധർ' സിനിമയിലെ ഹംസ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച രൺവീർ സിങ് പുതിയൊരു കഥാപാത്രത്തിനായി തയ്യാറെടുക്കുകയാണ്. അമിഷ് ത്രിപാഠിയുടെ 'ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ' (Shiva trilogy)യുടെ ചലച്ചിത്രാവിഷ്‌കാരത്തിൽ ശിവനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട കഥാപാത്രമായി നടൻ പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്.

പിങ്ക് വില്ലയുടെ റിപ്പോർട്ട് അനുസരിച്ച്, ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹയുടെ അവകാശം രൺവീർ തന്റെ നിർമ്മാണ കമ്പനിയായ 'മാ കസം ഫിലിം' വഴി സ്വന്തമാക്കിയിട്ടുണ്ട്.  ബെസ്റ്റ് സെല്ലർ നോവലായ ഇതിന് രണ്ട് തുടർഭാഗങ്ങളുണ്ട്. ഹിമാലയത്തിലെ മെലൂഹയെന്ന പുരാതന രാജ്യത്തിൽ നിന്നുള്ള ഒരു യോദ്ധാവിന്റെ ഉയർച്ചയെക്കുറിച്ചാണ് പുസ്തകത്തിൽ പറയുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഇതിനെ വികസിപ്പിക്കാൻ രൺവീർ ബിർല സ്റ്റുഡിയോസുമായി സഹകരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

“മെലൂഹയെ ബിഗ് സ്‌ക്രീനിലെത്തിക്കാൻ രൺവീർ വളരെക്കാലമായി ആഗ്രഹിക്കുന്നു. സമീപകാലത്താണ് ഇതിന്റെ അവകാശം നേടിയത്, ഇപ്പോൾ പ്രോജക്റ്റ് ഔദ്യോഗികമായി പുരോഗമിക്കുകയാണ്. മൂന്ന് സിനിമകളിലൂടെ കഥ പറയാനാണ് പദ്ധതി. തിരക്കഥ എഴുതാനുള്ള ജോലികൾ ഇതിനോടകം ആരംഭിച്ചു. ആദ്യ ഭാഗം 2028-ൽ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു”-ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. സംവിധായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. തിരക്കഥയുടെ ജോലി ഒരു നിശ്ചിത ഘട്ടത്തിലെത്തിയാൽ മാത്രമേ സംവിധായകനെ തീരുമാനിക്കൂ എന്നാണ് അറിയുന്നത്. 

പുരാണം, ചരിത്രം, യാഥാർത്ഥ്യം എന്നിവയെ സമന്വയിപ്പിക്കുന്നതാണ് 2010-ൽ പ്രസിദ്ധീകരിച്ച 'ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ'. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ranveer Singh acquires rights to adapt The Immortals of Meluha., Project to be produced under Maa Kasam Film and Birla Studios., The adaptation is planned as a massive three-part cinematic trilogy., Production and filming for the first installment are scheduled for 2028., The project focuses on world-building and screenplay development currently.