'രൺവീർ സിങ്ങിനെ ട്രെഡ്മിൽ എന്നുവിളിച്ചു; നായകനാക്കേണ്ടെന്ന് പലരും പറഞ്ഞു'

ചെറുപ്പംമുതലേ നടനാകാൻ ആഗ്രഹിച്ചയാളാണ് രൺവീർ സിങ്. സ്‌കൂൾ കാലഘട്ടം മുതൽ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. പഠനശേഷം പരസ്യമേഖലയിൽ കോപ്പിറൈറ്ററായി ജോലിചെയ്തു. സിനിമയെന്ന സ്വപ്‌നം ഉള്ളതുകൊണ്ട് അസിസ്റ്റൻഡ് ഡയറക്ടറുമായി. പല സംവിധായകർക്കും പോർട്ട്‌ഫോളിയോ അയച്ചുകൊടുത്തു. പല ഓഡിഷനുകളിലും പങ്കെടുത്തെങ്കിലും, നല്ല അവസരങ്ങളൊന്നും കിട്ടിയില്ല.
'ബാൻഡ് ബാജാ ബാരാത്' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. 'ലൂട്ടേറ', 'ഗോലിയോ കി രാസ് ലീല രാംലീല' എന്നീ സിനിമകൾക്കുശേഷമാണ് രൺവീറിന്റെ കരിയറിന്റെ നല്ലകാലം തുടങ്ങുന്നത്. ബാജിറാവു മസ്താനി, സിംബ, പദ്മാവത് തുടങ്ങിയ സിനിമകളിലൂടെ തന്റെ കരിയർ അദ്ദേഹം ഭദ്രമാക്കി.
എന്നാൽ, ആദ്യകാലത്ത് പല സിനിമകളിൽനിന്നും രൺവീറിനെ ഒഴിവാക്കിയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്. 'ബോംബെ വെൽവെറ്റ്' എന്ന സിനിമയിൽ രൺവീറിനെ നായകനാക്കാനായിരുന്നു അദ്ദേഹം ആദ്യം തീരുമാനിച്ചത്. പക്ഷേ, പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ''അന്ന് രൺവീർ വളരെ ചെറിയ താരമായിരുന്നു. താരതമ്യേന പുതുമുഖവും. ആർക്കും അവനിൽ വിശ്വാസമില്ലായിരുന്നു. ട്രെഡ്മിൽ എന്നാണ് പല വലിയ സംവിധായകരും രൺവീറിനെ വിളിച്ചിരുന്നത്. കാരണം അത്രയ്ക്കും ഊർജമാണ് അയാൾക്ക്. 'അയാൾ നന്നാകുമെന്ന് ഉറപ്പില്ല. റൺബീർ കപൂറാണ് നല്ലത്' എന്ന് പലരും പറഞ്ഞു. എന്റെ മനസ്സിൽ അപ്പോഴേക്കും രൺവീർ എന്ന പേര് ഉറച്ചുപോയിരുന്നു. തീരുമാനം മാറ്റാൻ ഒരുവർഷമാണ് ഞാനെടുത്തത്''.
'ബോംബെ വെൽവെറ്റി'ൽ റൺബീറിനൊപ്പം അനുഷ്‌ക ശർമ, കരൺ ജോഹർ എന്നിവരും പ്രധാനവേഷങ്ങളിലെത്തി. പക്ഷേ ഏറെ പ്രതീക്ഷകളോടെ അദ്ദേഹം ഒരുക്കിയ സിനിമ ഫ്‌ളോപ്പായി. 43 കോടി രൂപ മാത്രമേ കളക്ട് ചെയ്യാൻ കഴിഞ്ഞുള്ളൂ. അത് നിർമാതാക്കളെ കടക്കെണിയിലാക്കുകയും ചെയ്തു.
റൺബീർ സിനിമയിൽ ഒരുകാലത്ത് പരീക്ഷണങ്ങൾ വേണ്ടെന്നുവെച്ചതും 'ബോംബെ വെൽവെറ്റി'നുശേഷമാണെന്ന് അനുരാഗ് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലമെന്നാണ് ആ പരാജയകാലത്തെ റൺബീർ പിന്നീട് ഓർത്തെടുത്തത്. ''തുടക്കത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. സിനിമ പരാജയപ്പെട്ടുവെന്ന് മാത്രമാണ് അറിഞ്ഞത്. എന്നാൽ, മൂന്ന് ആഴ്ച കഴിഞ്ഞിട്ടും എനിക്ക് പലയിടത്തുനിന്നും ഇതിന്റെ പരാജയത്തെക്കുറിച്ചുള്ള മെസേജുകൾ വന്നുകൊണ്ടേയിരുന്നു. അപ്പോഴാണ് ഇത്ര വലിയ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞത്''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover how directors doubted Ranveer Singh, calling him a `treadmill`. Learn about his initial struggles and eventual success despite early rejections