സാറയുടെയും രൺവീറിന്റെയും പ്രായവ്യത്യാസം ചർച്ച, ഷാരൂഖും ദീപികയും ഇതുപോലെയെന്ന് നെറ്റിസൺസ്

ധുരന്തർ
ധുരന്തർ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞദിവസമാണ് രൺവീർ സിങ്ങിന്റെ 'ധുരന്ധർ' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ, അതിസാഹസികമായ അക്രമങ്ങളും രക്തച്ചൊരിച്ചിൽ നിറഞ്ഞ രംഗങ്ങളും ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. അക്രമസീനുകളോട് ഭിന്നാഭിപ്രായമാണ് പ്രേക്ഷകർക്ക്. ഇതിനിടെ, മറ്റൊരു കാര്യംകൂടി ചർച്ചയാവുന്നുണ്ട്, ചിത്രത്തിൽ നായികയായെത്തുന്ന സാറാ അർജുന്റെ പ്രായം 20 ആണ്. 40 വയസ്സുകാരനായ രൺവീർ സിങ്ങും 20-കാരിയായ സാറയും തമ്മിലുള്ള കെമിസ്ട്രിയെ സോഷ്യൽ മീഡിയയിൽ ഒരുകൂട്ടമാളുകൾ ചോദ്യം ചെയ്യുകയാണ്. 14 വർഷം മുൻപുള്ള ഇരുവരുടെയും ഒരു പഴയ വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതോടെ, ചർച്ച കൂടുതൽ കൊഴുത്തു.

2011-ലെ രൺവീർ സിങ്ങിനെയും സാറ അർജുനെയുമാണ് വൈറലായ വീഡിയോയിൽ കാണിക്കുന്നത്. അന്ന് 26 വയസ്സുണ്ടായിരുന്ന രൺവീർ, തന്റെ രണ്ടാമത്തെ ചിത്രമായ 'ലേഡീസ് വേഴ്സസ് റിക്കി ബാലി'ലെ 'ആദത് സേ മജ്ബൂർ' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നത് ക്ലിപ്പിൽ കാണാം. അതേസമയം, അന്ന് ആറുവയസ്സുകാരിയായിരുന്ന സാറ ഒരു പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ പരസ്യത്തിലാണ് അഭിനയിക്കുന്നത്. പരസ്യത്തിൽ, ഏകദേശം തന്റെ അതേ പ്രായമുള്ള ഒരു ആൺകുട്ടിയോട്, അവർ 'ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും' ആണോ എന്ന് സാറ നിഷ്കളങ്കമായി ചോദിക്കുന്നുണ്ട്. വീഡിയോക്ക് താഴെ സാറാ-രൺവീർ കാസ്റ്റിങ്ങിനെ അനുകൂലിച്ചും ചിലർ കമന്റ് ചെയ്തു. ദീപിക പദുകോണിന്റെയും ഷാരൂഖ് ഖാന്റെയും പ്രായമാണ് അനുകൂലിക്കുന്നവർ പ്രധാനമായും എടുത്തുകാണിക്കുന്നത്. ഇരുവരും തമ്മിൽ 21 വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് ചിലർ കമന്റ് ചെയ്തു. ബാലതാരമായി നിരവധി പരസ്യങ്ങളിലും സിനിമകളിലും അഭിനയിച്ച സാറ ധുരന്ധറിലൂടെ പ്രധാനവേഷത്തിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്.

അർജുൻ രാംപാൽ, അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരും അഭിനയിക്കുന്ന, സ്പൈ ആക്ഷൻ ത്രില്ലർ ധുരന്ധർ ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: The age difference between Ranveer Singh and Sara Arjun in `Dhurantar` sparks debate. Netizens draw parallels to Shah Rukh Khan & Deepika Padukone`s pairing. Explore the controversy!