‘മകളെന്നെ ഒരു നല്ല മനുഷ്യനാക്കി’; അവളുടെ പിറന്നാൾ ദിനത്തിൽ തന്നെ ശ്രീരാമനായി വേഷപ്പകർച്ച

രാമായണ
രാമായണ

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റൺബീർ കപൂർ - സായ് പല്ലവി ചിത്രം 'രാമായണ' നവംബർ ആറിന് തിയേറ്ററുകളിലെത്തും. റൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹയുടെ നാലാം പിറന്നാൾ ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

‘മകൾക്കായി ഞാൻ മാറുകയായിരുന്നു’
ശ്രീരാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ തന്റെ ജീവിതത്തിലുണ്ടായ ആഴത്തിലുള്ള മാറ്റങ്ങളെക്കുറിച്ച് റൺബീർ മുൻപ് തുറന്നുപറഞ്ഞിരുന്നു. ഈ കഥാപാത്രത്തോട് നീതി പുലർത്താൻ തനിക്ക് സാധിക്കുമോ എന്ന് തുടക്കത്തിൽ സംശയമുണ്ടായിരുന്നതായും.

"ഇതൊരു കരിയർ ബെസ്റ്റ് മൂവി എന്നതിലുപരി എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച അനുഭവമാണ്. രാമായണത്തെയും ശ്രീരാമന്റെ ജീവിതയാത്രയെയും കൂടുതൽ അടുത്തറിയാൻ ഇത് എന്നെ സഹായിച്ചു. എന്റെ ജീവിത മൂല്യങ്ങളിലും കാഴ്ചപ്പാടുകളിലും വലിയ മാറ്റങ്ങളുണ്ടായി. റാഹ എന്നെ ഒരു നല്ല മനുഷ്യനാക്കി, എന്നാൽ അവൾക്ക് വേണ്ടി കൂടുതൽ നല്ലൊരു അച്ഛനും മനുഷ്യനുമാകാൻ രാമായണം എന്നെ പ്രാപ്തനാക്കി. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു," ടോപ്പ് മാഗസിന് നൽകിയ അഭിമുഖത്തിൽ റൺബീർ പറഞ്ഞു.

4,000 കോടി ബജറ്റ്
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റുകളിലൊന്നിലാണ് രാമായണ ഒരുങ്ങുന്നത്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾക്കുമായി ഏകദേശം 4,000 കോടിയോളം രൂപ ചെലവ് വരുമെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി. ഏകദേശം ആറോ ഏഴോ വർഷങ്ങൾക്ക് മുൻപ് ഇത്തരമൊരു സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോൾ പലരും തനിക്ക് ഭ്രാന്താണെന്ന് കരുതിയെന്നും, എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസത്തെ അർഹിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിൽ അവതരിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പലതവണ മാറ്റിവെച്ചശേഷം ജൂലൈ 30-നാണ് ചിത്രത്തിന്റെ ട്രെയിലർ ആഗോളതലത്തിൽ പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ സമ്മിശ്രപ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്.

രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യഭാഗം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുമ്പോൾ, രണ്ടാം ഭാഗം 2027 ദീപാവലിക്കാണ് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത്. റൺബീറിനും സായ് പല്ലവിക്കും പുറമെ യാഷ്, സണ്ണി ഡിയോൾ, രവി ദുബെ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ramayana starring Ranbir Kapoor and Sai Pallavi releases on November 6, 2026., The film is produced on a massive budget of 4,000 crore., Ranbir Kapoor credits his daughter Raha and the role of Lord Rama for his personal growth., The film will be released in two parts, with the second part scheduled for Diwali 2027., Star-studded cast includes Yash, Sunny Deol, and Ravi Dubey.