എന്തിനാണ് രണ്‍ബീര്‍ ക്ലീന്‍ ഷേവ് ചെയ്തത്? 40-ാം വയസ്സില്‍ പഴയ ചോക്ലേറ്റ് പയ്യനായി താരം

‘അനിമല്‍’ സിനിമയിലെ രണ്‍ബീര്‍ കപൂറിന്റെ ട്രാന്സ്ഫര്മേഷന് പലരെയും ഞെട്ടിച്ചിരുന്നു. അതുവരെ ചോക്ലേറ്റ് ബോയ് ആയി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രണ്‍ബീറിന്റെ അന്നുവരെ കാണാത്ത പരിവേഷമായിരുന്നു സന്ദീപ് റെഡ്ഡി വാംഗ ചിത്രമായ 'അനിമലി'ല്‍. താടിയും മുടിയും നീട്ടിവളര്‍ത്തിയ, അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രം. അല്പം താടിയും മീശയുമൊക്കെയുള്ള രൂപത്തിലേ കഴിഞ്ഞ കുറച്ചുകാലമായി രണ്‍ബീറിനെ കണ്ടിട്ടുള്ളൂ.
എന്നാല്‍, ദീര്‍ഘകാലത്തിനുശേഷം താടിയും മീശയും പൂര്ണമായിക്കളഞ്ഞ് മെലിഞ്ഞ് വെട്ടിയൊതുക്കിയ മുടിയുമായി പ്രേക്ഷകരെ ആവേശഭരിതരാക്കിയിരിക്കുകയാണ് രണ്‍ബീര്‍. പുതിയ ലുക്കിലുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. സ്വന്തം ബ്രാന്‍ഡിന്റെ ചുവന്ന ടി-ഷര്‍ട്ടും, ഡെനിം പാന്റ്സും നീല തൊപ്പിയും ധരിച്ച് താരം വളരെ സുന്ദരനായി കാണപ്പെട്ടു. ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ഒരു ഫോട്ടോഗ്രാഫര്‍ക്ക് തന്റെ തൊപ്പി കൈമാറുകയും ചെയ്തു.
വേക്ക് അപ് സിദ്, ആജബ് പ്രേം കി ഗസബ് കഹാനി, തമാശ, ബര്‍ഫി, യേ ജവാനി യേ ദീവാനി, ബച്നാ ഏയ് ഹസീനോ തുടങ്ങിയ ചിത്രങ്ങളില്‍ രണ്‍ബീറിന്റെ ക്ലീന്‍ ഷേവ് ലുക്കിന് ആരാധകര്‍ ഒരുപാടുണ്ടായിരുന്നു. അതേസമയം, ഏറ്റവും പുതിയ ലുക്കും കഥാപാത്രത്തിന്റെ ആവശ്യത്തിനു വേണ്ടിയാണെന്നാണ് വിലയിരുത്തല്‍.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം' ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരമിപ്പോള്‍. സായ് പല്ലവി സീതയും രണ്‍ബീര്‍ ശ്രീരാമനുമായിട്ടാണ് ചിത്രത്തിലെത്തുന്നത്. യാഷ് രാവണനായും കാജല്‍ അഗര്‍വാള്‍ മണ്ഡോദരിയായും അഭിനയിക്കും. സണ്ണി ഡിയോള്‍, ലാറ ദത്ത, രവി ദുബെ എന്നിവരുമെത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുക. ആദ്യഭാഗം അടുത്തവര്‍ഷം ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്യും.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന 'ലവ് ആന്‍ഡ് വാര്' എന്ന ചിത്രത്തില്‍ ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവര്‍ക്കൊപ്പം രണ്ബീറുമെത്തും. ചിത്രം ഇപ്പോള്‍ നിര്‍മാണഘട്ടത്തിലാണ്. ഇതിനുപുറമെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'അനിമല്‍ പാര്‍ക്ക്' എന്ന ചിത്രത്തിലൂടെ സന്ദീപ് റെഡ്ഡി വംഗയ്ക്കൊപ്പം വീണ്ടും ഒന്നിക്കാന്‍ രണ്‍ബീര്‍ ഒരുങ്ങുകയാണ്. ഹിറ്റ് ചിത്രമായ അനിമലിന്റെ തുടര്‍ച്ചയാണിത്. ലോകമെമ്പാടുമായി 915 കോടിയിലധികം രൂപ നേടിയ ‘അനിമല്‍’ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.