ഒന്നര വർഷത്തോളം ഒളിമ്പിക് താരത്തിനൊപ്പം പരിശീലിച്ചു; ശ്രീരാമനാകാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് റൺബീർ

റൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് 'രാമായണ: പാർട്ട് വൺ'. നവംബർ 5-നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തുക. അതിനുമുന്നോടിയായി ഒക്ടോബർ 27-ന് ലോസ് ഏഞ്ചൽസിൽവെച്ച് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടത്തിയിരുന്നു. കഴിഞ്ഞദിവസം മുംബൈയിലും പ്രീമിയർ നടന്നു. താരങ്ങൾ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണിപ്പോൾ.
'റിവ്യൂ നേഷൻ' എന്ന മാധ്യമവുമായുള്ള സംഭാഷണത്തിനിടെ, ശ്രീരാമൻ എന്ന കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് റൺബീർ തുറന്നുപറഞ്ഞു. ചിത്രീകരണം ആരംഭിക്കുന്നതിന് ഏകദേശം ഒന്നര വർഷം മുമ്പുതന്നെ താൻ ഈ വേഷത്തിനായി പരിശീലനം തുടങ്ങിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. അമ്പെയ്ത്തിലെ ശരിയായ സാങ്കേതികവിദ്യകൾ പഠിക്കുന്നതിനായി ഒരു ഇന്ത്യൻ ഒളിമ്പ്യൻ താരത്തിനൊപ്പം അദ്ദേഹം പ്രവർത്തിച്ചു. ശരീരചലനങ്ങൾ, ശ്വസനരീതികൾ, ശാരീരികക്ഷമത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക പരിശീലനപരിപാടികളിലും വർക്ക്ഷോപ്പുകളിലും താരം പങ്കെടുത്തു.
തന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കവെ റൺബീർ പറഞ്ഞു, ''ശ്രീരാമൻ ഒരു മികച്ച വില്ലാളിയായിരുന്നു. അതിനാൽ ചിത്രീകരണം തുടങ്ങുന്നതിന് ഒന്നര വർഷത്തോളം മുമ്പ്, ശരിയായ രീതിയിൽ അമ്പെയ്ത്ത് അഭ്യസിക്കുന്നതിനായി ഒരു ഇന്ത്യൻ ഒളിമ്പ്യൻ താരത്തിനൊപ്പം പ്രവർത്തിച്ചു. കുറച്ചു കാലം ന്യൂയോർക്കിലായിരുന്നപ്പോൾ ഞാൻ ചില ക്ലാസുകളിലും പങ്കെടുത്തു. എന്നാൽ, ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ശ്രീരാമൻ ആരാണെന്നതിന്റെ അന്തസ്സത്ത മനസ്സിലാക്കുക എന്നതായിരുന്നു. നിങ്ങൾക്ക് എത്ര വേണമെങ്കിലും വായിക്കാം, പലതരം വ്യാഖ്യാനങ്ങൾ കാണാം; പക്ഷേ, ആത്യന്തികമായി, ഈ കഥാപാത്രത്തിലേക്ക് നിങ്ങൾ എന്ത് ആത്മാവാണ് പകരുന്നത്? ഞാൻ ശ്രീരാമനെ അവതരിപ്പിക്കുമ്പോൾ, അതിൽ നിറയുന്നത് എന്റെ സ്വന്തം ആത്മാവാണ്. എനിക്കെങ്ങനെ അത് മാറ്റാൻ കഴിയും? എങ്ങനെയാണ് ഒരു പുതിയ ആത്മാവിനെ അതിലേക്ക് കൊണ്ടുവരാൻ കഴിയുക?''.
പ്ലാനറ്റ് ഓഫ് ദി ഏപ്സ്' പരമ്പര, 'എക്സ് 2' (2003), 'സൂപ്പർമാൻ റിട്ടേൺസ്' (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ആക്ഷൻ ഡയറക്ടർ ടെറി നോട്ടറിയുമായി ചേർന്ന് പ്രവർത്തിച്ചതിനെക്കുറിച്ചും നടൻ സംസാരിച്ചു. ടെറി നയിച്ച വർക്ക്ഷോപ്പുകൾ കേവലം സംഘട്ടന പരിശീലനത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നവയായിരുന്നില്ലെന്നും, മറിച്ച് ചലനങ്ങളെയും ശരീരഭാഷയെയും കുറിച്ച് നടന്മാർക്ക് വ്യക്തമായ ധാരണ നൽകുന്നതിൽ അവ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും റൺബീർ വെളിപ്പെടുത്തി.
''ടെറി നോട്ടറി ഞങ്ങൾക്ക് ശ്വസനരീതികൾ, എങ്ങനെ നടക്കണം, എങ്ങനെ മരത്തിൽ കയറണം തുടങ്ങിയ കാര്യങ്ങൾ പഠിപ്പിച്ചുതരുന്ന വർക്ക്ഷോപ്പുകൾ നടത്തിയിരുന്നു. അഭിനേതാക്കൾ എന്ന നിലയിൽ, ഓരോ പുതിയ സിനിമയിലൂടെയും പുതിയ കഴിവുകൾ പഠിക്കാൻ കഴിയുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണ്, അതിൽ ഞങ്ങൾ നന്ദിയുള്ളവരുമാണ്. എന്നാൽ 'രാമായണം' എപ്പോഴും സവിശേഷമായിരിക്കും; കാരണം, എല്ലാവർക്കും പ്രിയപ്പെട്ട കഥാപാത്രങ്ങളുള്ള, എല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന ഒരു കഥയാണത്. അതുകൊണ്ട്, ഇതെല്ലാം ചെയ്യാൻ സാധിച്ചത് വളരെ മികച്ചൊരു അനുഭവമായിരുന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranbir Kapoor trained with an Indian Olympian for archer techniques for Ramayana: Part One., The movie's worldwide release is scheduled for November 5., Action director Terry Notary conducted specialized workshops on body language and breathing techniques