റഹ്മാനെ അന്ന് അടിക്കാൻ തോന്നിയെന്ന് രാംഗോപാൽ വർമ; 'അഞ്ചുദിവസം കുത്തിയിരുന്ന് ടിവി കണ്ടു'

30 വർഷങ്ങൾക്കുമുമ്പ് റിലീസായ റൊമാന്റിക് സിനിമയാണ് 'രംഗീല'. രാം ഗോപാൽ വർമ സംവിധാനം ചെയ്ത സിനിമയിൽ ഊർമിള മധോൺകർ, ജാക്കി ഷ്റോഫ്, ആമിർ ഖാൻ എന്നിവരാണ് പ്രധാനതാരങ്ങളായത്. ഗാനങ്ങൾക്ക് സംഗീതം നൽകിയത് എ.ആർ.റഹ്മാനും. റഹ്മാന്റെ ആദ്യ ബോളിവുഡ് ചിത്രം എന്നൊരു പ്രത്യേകത കൂടിയുണ്ട് 'രംഗീല'യ്ക്ക്.
തമിഴ്-മലയാളം സിനിമകളിൽ മികച്ച സംഗീതസംവിധാനമൊരുക്കിയെന്ന ഖ്യാതിയാണ് റഹ്മാനെ 'രംഗീല'യുടെ ഭാഗമാക്കുന്നത്. റോജ, യോദ്ധ, തിരുടാ തിരുടാ, ജെന്റിൽമാൻ, കാതലൻ...ഓരോ സിനിമകളിലെയും സംഗീതം റഹ്മാനെ 'മോസ്റ്റ് വാണ്ടഡ്' സംഗീതസംവിധായകനാക്കി. കൂടാതെ, 'റോജ'യിലെ സംഗീതസംവിധാനത്തിന് ദേശീയപുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
'രംഗീല'യ്ക്കുവേണ്ടി രാംഗോപാൽ വർമ സമീപിച്ചപ്പോൾ, ഉടനെ തന്നെ റഹ്മാൻ അതേറ്റെടുക്കുകയും ചെയ്തു. റഹ്മാനൊപ്പം അന്ന് പ്രവർത്തിച്ച അനുഭവം ഓർത്തെടുക്കുകയാണ് രാം ഗോപാൽ വർമ. 'ഹയ് റാമാ' എന്ന പാട്ടിന് സംഗീതമൊരുക്കാനായി ഗോവയിലെത്തിയതാണ് റഹ്മാനും ആർ.ജി.വി.യും അടങ്ങുന്ന സംഘം. ''ഹയ് റാമായുടെ സംഗീതമൊരുക്കണം. അതിനായി ഞങ്ങൾ ഗോവയിലെത്തി. ആദ്യദിവസം റഹ്മാൻ പറഞ്ഞു, 'രാമു, ഞാൻ ഒന്നിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. നാളെ കേൾപ്പിക്കാം'. രണ്ടാമത്തെ ദിവസം റഹ്മാൻ വേറൊരു കാരണം പറഞ്ഞു. മൂന്നാമത്തെ ദിവസം മറ്റൊരു കാരണം. ഇങ്ങനെ അഞ്ചുദിവസമായി. റഹ്മാൻ ഒന്നും ചെയ്യുന്നില്ല. അവസാനം എന്നോട് ഇങ്ങനെ പറഞ്ഞു, 'ഒരു കാര്യം ചെയ്യാം, ഞാൻ ചെന്നൈയിലേക്ക് പോവാം. എന്നിട്ട് അവിടുന്ന് ചെയ്ത് അയച്ചുതരാം'. ഒടുവിൽ അങ്ങനെ തീരുമാനിച്ചു''.
ഗോവയിൽനിന്ന് ചെന്നൈയിലേക്ക് പോവനുള്ള ഒരുക്കങ്ങളായി. അപ്പോഴാണ് യഥാർഥകാരണം റഹ്മാൻ തുറന്നുപറയുന്നത്. ''പോവുന്നതിനുമുമ്പ് റഹ്മാൻ എന്റടുത്ത് വന്നു, എന്നിട്ട് പറഞ്ഞു, 'അടുത്ത ദിവസം ഹോട്ടലിൽ മുറിയെടുക്കുമ്പോൾ അവിടെ ടിവിയില്ലെന്ന് ഉറപ്പാക്കണം. കാരണം ഞാൻ മുഴുവൻ സമയവും ടിവി കണ്ടിരിക്കുകയായിരുന്നു''.
ഇതുകേട്ടപ്പോൾ റഹ്മാനെ അടിക്കാനാണ് തനിക്ക് തോന്നിയതെന്ന് രാം ഗോപാൽ വർമ പറയുന്നു. ''ഒടുവിൽ 'ഹയ് റാമാ'യുമായി റഹ്മാൻ എത്തിയപ്പോഴാണ് എനിക്ക് സമാധാനമായത്. മികച്ച സാധനങ്ങൾ കിട്ടാൻ നമ്മൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് എനിക്ക് മനസ്സിലായി''.
'രംഗീല'യുടെ വിജയത്തിൽ സംഗീതം വലിയൊരു സ്ഥാനം തന്നെയാണ് വഹിച്ചത്. അതിലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായി. രംഗീല രേ, പ്യാർ യേ ജാനേ കൈസെ, തന്ഹാ തന്ഹാ, യാരോ സുൻ ലോ സറാ, ഹയ് റാമാ...എല്ലാ പാട്ടുകളും ആരാധകർ ഏറ്റെടുത്തു. 32 ലക്ഷം ഓഡിയോ കാസറ്റുകളാണ് ചുരുങ്ങിയ സമയംകൊണ്ട് വിറ്റുപോയത്. ആ വർഷത്തെ ഏറ്റവും മികച്ച ആൽബങ്ങളിലൊന്നായി അത് മാറി. ഇതിലെ സംഗീതത്തിന് മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്‌കാരവും റഹ്മാന് ലഭിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Ram Gopal Varma recounts his experience with AR Rahman during the making of `Rangeela`, revealing why the composer took five days to create a song