രജനിയും കമലും വീണ്ടും വരുമ്പോള്‍, ആരായിരിക്കും സംവിധായകന്‍?

നീണ്ട 46 വര്‍ഷത്തെ ഇടവേളയ്ക്ക് വീണ്ടും ഒരുമിക്കാനൊരുങ്ങുകയാണ് രജനികാന്തും കമല്‍ഹാസനും. സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒരുമിക്കുമ്പോള്‍ ആരാവും സംവിധായകന്‍ എന്നാണ് സിനിമാലോകം തിരയുന്നത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനായ ലോകേഷ് കനഗരാജിന്റെ പേരാണ് കൂടുതലും ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നത്. എന്നാല്‍, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞയാഴ്ച ദുബായില്‍നടന്ന ഒരു സ്വകാര്യ അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് കമല്‍ഹാസന്‍ ഇരുവരും ഒരുമിക്കുമെന്ന സൂചന നല്‍കിയത്. എന്നാല്‍, കൂടുതല്‍ വിവരങ്ങളൊന്നും നല്‍കിയതുമില്ല.
1970-കളിലാണ് രജനിയും കമലും സിനിമയിലേക്കെത്തുന്നത്. പ്രശസ്ത സംവിധായകന്‍ കെ. ബാലചന്ദറാണ് ഇരുവരെയും തമിഴ് സിനിമയുടെ മുന്‍നിരയിലേക്ക് ഉയര്‍ത്തിയത്. അപൂര്‍വ രാഗങ്ങള്‍, മൂണ്‍ഡ്രു മുടിച്ച്, അവര്‍ഗല്‍, ആടുപുലിയാട്ടം അടക്കം 15-ന് മുകളില്‍ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1985-ല്‍ പുറത്തിറങ്ങിയ ‘ഗിരഫ്താര്‍’ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനം ഇരുവരും ഒരുമിച്ചത്. അമിതാഭ് ബച്ചന്‍ ചിത്രമായിരുന്ന ‘ഗിരഫ്താറി’ല്‍ കാമിയോ റോളിലായിരുന്നു രജനി.
രജനിയെയും കമലിനെയും നായകനാക്കി ലോകേഷ് സിനിമ ചെയ്തിട്ടുണ്ട്. കമലിന്റെ കരിയറിലെ വലിയ ഹിറ്റായ ‘വിക്രം’ ലോകേഷായിരുന്നു സംവിധാനം ചെയ്തത്. രജനിയുടെ അവസാനം പുറത്തിറങ്ങിയ ‘കൂലി’യും ലോകേഷ് ചിത്രമായിരുന്നു. ഇരുവരെയും ഒരുമിപ്പിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം ലോകേഷ് മുമ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Superstars Rajinikanth and Kamal Haasan are set to reunite after 46 years. Speculation is rife about who will direct this much-anticipated project.