പടം പരാജയപ്പെട്ടു, വിതരണക്കാരന്റെ നഷ്ടം നികത്തി രജനീകാന്ത്; അധികമായി ഒരുലക്ഷം കൂടി നൽകി

സൂപ്പർസ്റ്റാർ രജനീകാന്ത് പല കാര്യങ്ങളിലും വ്യത്യസ്തനാണ്. താൻ അഭിനയിച്ച പടം വിജയിച്ചില്ലെങ്കിൽ നിർമാതാവിന്റെ നഷ്ടം നികത്താൻ അദ്ദേഹം മുന്നിലുണ്ടാവും. പടം വിജയിച്ചാൽ സംവിധായകന് വലിയ സമ്മാനങ്ങൾ കൊടുക്കാനും അദ്ദേഹത്തിന് മടിയില്ല. അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് തെലുഗു ഡിസ്ട്രിബ്യൂട്ടറായ എൻ.വി.പ്രസാദ്.
2002-ൽ പുറത്തിറങ്ങിയ സിനിമയാണ് 'ബാബ'. രജനീകാന്ത് തന്നൊണ് ചിത്രത്തിന്റെ തിരക്കഥാരചന നിർവഹിച്ചതും. രജനീകാന്തിനൊപ്പം അമ്രീഷ് പുരി, മനീഷ കൊയ്‌രാള തുടങ്ങിയ താരങ്ങളുണ്ടായിട്ടും സിനിമ ബോക്‌സോഫീസിൽ പരാജയപ്പെട്ടു. ആ സിനിമയുടെ ആന്ധ്രാപ്രദേശിലെ വിതരണാവകാശം സ്വന്തമാക്കിയത് പ്രസാദ് ആണ്. പടം പരാജയപ്പെട്ടപ്പോൾ നഷ്ടപ്പെട്ട ഓരോ രൂപയും രജനി തിരികെ നൽകി. അതിനൊപ്പം ഒരു ലക്ഷം രൂപ കൂടി അദ്ദേഹം നൽകിയെന്നും പ്രസാദ് ഓർക്കുന്നു.
''സിനിമയുടെ റിലീസിനായി ആന്ധ്രാപ്രദേശ്, നിസാം മേഖലകളിലെ വിതരണാവകാശം ഞാൻ എടുത്തിരുന്നു. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ, ബോക്‌സ് ഓഫീസിലെ പ്രകടനം എങ്ങനെയെന്നറിയാൻ രജനികാന്ത് സാർ നേരിട്ട് എന്നെ വിളിച്ചു''.
റിലീസ് കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം, രജനീകാന്തിന്റെ ഓഫീസിലെത്താൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ മാനേജർ പ്രസാദിനെ വിളിച്ചു. അവിടെ നടന്നത് വെറുമൊരു സാധാരണ സംഭാഷണമായിരുന്നില്ല. ''ഞാൻ അവിടെ ചെന്നപ്പോൾ നഷ്ടത്തിന്റെ പൂർണ്ണമായ കണക്ക് നൽകാൻ അവർ ആവശ്യപ്പെട്ടു. എല്ലാം കണക്കുകൂട്ടിയപ്പോൾ ആകെ തുക 1.60 കോടി രൂപയായി. പിറ്റേദിവസം വീണ്ടും വരാൻ അവർ എന്നോട് പറഞ്ഞു'' പ്രസാദ് ഓർമ്മിച്ചു.
അടുത്ത ദിവസം പ്രസാദ് തിരിച്ചെത്തിയപ്പോൾ രജനികാന്ത് വിലപേശലുകൾക്കൊന്നും മുതിർന്നില്ല; അദ്ദേഹം മുഴുവൻ തുകയും അതിൽ കൂടുതലും തിരികെ നൽകി. ''ഉണ്ടായ നഷ്ടം മുഴുവൻ രജനീകാന്ത് സാർ തിരികെ നൽകി, ഒപ്പം ലാഭവിഹിതമായി ഒരു ലക്ഷം രൂപ അധികമായും തന്നു. ഈ തുക തിരികെ ലഭിക്കുന്ന ആദ്യത്തെ വിതരണക്കാരൻ ഞാനാണെന്നും, അടുത്തതായി കർണാടകയിലെ വിതരണക്കാരനാണ് അത് ലഭിക്കുകയെന്നും അദ്ദേഹം എന്നോട് പറഞ്ഞു'', പ്രസാദ് പറഞ്ഞു.
തുടർന്ന് അദ്ദേഹം പറഞ്ഞ ആ വാചകം പ്രസാദ് ഒരിക്കലും മറന്നിട്ടില്ല. ''നിങ്ങൾക്ക് നഷ്ടമുണ്ടാക്കാനല്ല, മറിച്ച് എന്റെ സംതൃപ്തിക്ക് വേണ്ടിയാണ് ഞാൻ 'ബാബ' എന്ന സിനിമ ചെയ്തത്,' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു'', പ്രസാദ് ഓർത്തു. വിജയിക്കുമെന്ന് രജനീകാന്ത് ഏറെ പ്രതീക്ഷിച്ച ചിത്രമായിരുന്നുവത്. അതിന്റെ പരാജയം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. പിന്നീട് മൂന്നുവർഷത്തോളം ഒരു സിനിമ പോലും അദ്ദേഹം ചെയ്തതുമില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rajinikanth compensated Telugu distributor NV Prasad for the financial losses of the 2002 film 'Baba'., He refunded the complete loss of Rs 1.60 crore without any bargaining., Rajinikanth additionally gave Rs 1 lakh extra as a goodwill gesture., The actor stated he made the film for his satisfaction, not to cause losses to distributors.