‘വില്ലൻ ശക്തനാകുമ്പോൾ നായകന്റെ വിജയത്തിന് മാറ്റുകൂടും’- രാജമൗലി

#പി. പ്രജിത്ത്
രാജമൗലി
രാജമൗലി

വിജയിക്കുന്ന പടങ്ങളുടെ ക്രെഡിറ്റ് മിക്കപ്പോഴും ലഭിക്കുക ആ സിനിമകളില്‍ അഭിനയിച്ച താരങ്ങള്‍ക്കാണ്. പക്ഷെ ബാഹുബലിയുടെ കാര്യം മറിച്ചാണ്. ഈ വിജയത്തിന്റെ അവകാശി സംവിധായകന്‍ രാജമൗലിയാണെന്ന് സിനിമാലോകം ഉറച്ചു വിശ്വസിക്കുന്നു. നായകനേക്കാള്‍ ഉയര്‍ന്ന പ്രതിഫലവും സംവിധായകനാണ് കൈപ്പറ്റിയത്.

ബാഹുലിയുടെ വിസ്മയ വിജയത്തെ തുടര്‍ന്ന് ബോളിവുഡിലെ വിലയേറിയ താരങ്ങള്‍ ഉള്‍പ്പെടെ പലരും ബിഗ്ബജറ്റ് സിനിമ ചെയ്യുന്നതിനായി രാജമൗലിയിലേക്ക് ഒഴുകിവരുന്ന കാഴ്ചയാണ് അന്ന് കണ്ടത്. ഇതിഹാസങ്ങളോടും പുരണങ്ങളോടും താല്‍പ്പര്യം നിറഞ്ഞ ബാല്യമായിരുന്നു രാജമൗലിയുടേത്, ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ അമര്‍ ചിത്രകഥകള്‍ വായിച്ചുതുടങ്ങിയതായി അദ്ദേഹം ഓര്‍ക്കുന്നു.

‘അച്ഛനൊപ്പം ലൈബ്രറിയില്‍ പോകുമ്പോഴെല്ലാം പുരാണകഥകളായിരുന്നു തിരഞ്ഞെടുക്കാറ്, വായിച്ചകഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് സുഹൃത്തുകള്‍ക്കുമുന്‍പില്‍ അവതരിപ്പിക്കുന്നതായിരുന്നു കുട്ടിക്കാലത്തെ ശീലം.’
ചെറുപ്പത്തിലെ ഓര്‍മ്മകളിലേക്കിറങ്ങിപോയ രാജമൗലി പെട്ടന്നുതന്നെ തിരിച്ചുവന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

’സിനിമയിലേക്കിറങ്ങുമ്പോഴും ഭാരതചരിത്രവും മിത്തുകളും ഇതിഹാസങ്ങളുമെല്ലാമായിരുന്നു മനസ്സുനിറയെ. അത്തരം കഥകള്‍ പറയാനാണ് എന്നും താല്‍പ്പര്യം. എന്നാല്‍, തുടക്കക്കാരനായ ഒരാളെ വിശ്വസിച്ച് അത്തരം സിനിമകളെടുക്കാന്‍ നിര്‍മ്മാതാക്കളാരും വരില്ലെന്നുറപ്പായിരുന്നു.

അതിനാല്‍ നിലയുറപ്പിക്കാനായി മറ്റുചില ശ്രമങ്ങള്‍ നടത്തി, ഛത്രപതി, മഗധീര, നാന്‍ ഈ(ഈച്ച) പോലുള്ള ചിത്രങ്ങളെല്ലാം അങ്ങനെ പിറന്നതാണ്. ഇപ്പോള്‍ എന്നെ വിശ്വസിച്ച് കോടികള്‍ മുടക്കാന്‍ ആളുണ്ട്. അതുകൊണ്ടുതന്നെ മനസ്സുപറയുന്ന സിനിമകള്‍ ചെയ്യുന്നു.

ചിത്രീകരണം തുടങ്ങുന്നതിന് ആറുവര്‍ഷം മുന്‍പാണ് ബാഹുബലിയെന്ന കൂറ്റന്‍ പ്രോജക്റ്റിനെകുറിച്ച് സംവിധായകന്‍ ചിന്തിച്ചുതുടങ്ങുന്നത്, കഥയും തിരക്കഥയും ഒരുക്കിയശേഷം ഒരുവര്‍ഷത്തോളം ചിത്രത്തിനായുള്ള സജ്ജീകരണങ്ങളിലായിരുന്നു അദ്ദേഹം.
‘ആദ്യഭാഗത്തിന്റെ ചിത്രീകരണം ഒരുവര്‍ഷം നീണ്ടുനിന്നു. ഹൈദരാബാദായിരുന്നു ബാഹുബലിയുടെ പ്രധാന ലൊക്കേഷന്‍. ഹിമാചൽ പ്രദേശിലെ വനപ്രദേശത്തും കേരളത്തിലെ കണ്ണൂരിലുമായാണ് രണ്ടാം ഭാഗം ചിത്രീകരിച്ചത്.’

നായകനെ വെല്ലുന്ന വില്ലന്‍മാരാണ് പലപ്പോഴും രാജമൗലി ചിത്രത്തിന്റെ ഹൈലൈറ്റുകള്‍. വില്ലന്‍മാര്‍ എന്തുകൊണ്ട് ഇത്രയും കരുത്തരായി മാറുന്നു എന്ന ചോദ്യത്തിന് അദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്

'നായകനേക്കാള്‍ ശക്തനാണ് വില്ലനെങ്കില്‍ നായകന്റെ വിജയത്തിന് മാറ്റുകൂടും, രാവണന്‍ കൂടുതല്‍ കരുത്തനാകുമ്പോഴാണ് രാമന്റെ വിജയത്തിന് തിളക്കമേറുന്നത്' ചിരിച്ചമുഖത്തോടെ രാജമൗലി കാഴ്ചപ്പാട് വ്യക്തമാക്കി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover director SS Rajamouli`s insight into creating formidable villains, inspired by epics.