ഗര്‍ഭിണിയായിരിക്കെ ഇറുകിയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചു, ഡോക്ടറെ കാണാന്‍ പോലും അനുവദിച്ചില്ല: രാധിക ആപ്തെ

പ്രസവത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ നടി രാധിക ആപ്‌തെ പങ്കുവെച്ച ഗര്‍ഭകാല ചിത്രങ്ങളും മാതൃത്വ പരമാര്‍ശങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2024 ഡിസംബറിലാണ് നടി രാധിക ആപ്തെയും ഭര്‍ത്താവ് ബെനഡിക്ടും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്. ഗര്‍ഭകാലത്തെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും ശരീരഭാരം വര്‍ധിച്ചതിനെക്കുറിച്ചും രാധിക അന്ന് പറഞ്ഞിരുന്നു. എന്നാല്‍, അടുത്തിടെ നേഹ ധൂപിയയുടെ 'ഫ്രീഡം ടു ഫീഡ്' എന്ന ലൈവ് സെഷനില്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനുശേഷം തനിക്ക് നേരിടേണ്ടിവന്ന വിവേചനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണവർ.
ഒരു ഹിന്ദി സിനിമയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അവര്‍ പറഞ്ഞു, “ഒരു നിര്‍മാതാവിന് ഈ വാര്‍ത്തയില്‍ സന്തോഷമുണ്ടായിരുന്നില്ല. അദ്ദേഹം വളരെ തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചത്. എനിക്ക് വയറിന് അസ്വസ്ഥത ഉണ്ടായിരുന്നിട്ടും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിച്ചു. ഗര്‍ഭകാലത്തെ ആദ്യ മാസങ്ങളായിരുന്നു അത്. എനിക്ക് പല ഭക്ഷണങ്ങളോടും കൊതി തോന്നുമായിരുന്നു, ചോറോ പാസ്തയോ എന്തായാലും ഞാന്‍ ധാരാളം കഴിക്കും. സാധാരണ ശാരീരിക മാറ്റങ്ങളിലൂടെ ഞാനും കടന്നുപോയി. എന്നാല്‍ എന്റെ അവസ്ഥ മനസ്സിലാക്കുന്നതിനു പകരം എന്നോട് മോശമായി പെരുമാറി. സെറ്റില്‍ വെച്ച് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറെ കാണാന്‍ പോലും എന്നെ അനുവദിച്ചില്ല. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.”
ഗര്‍ഭിണിയായിരുന്നെങ്കിലും, അക്കാലയളവില്‍ സിനിമകളില്‍ സജീവമായിരുന്നു രാധിക. സന്തോഷവാര്‍ത്ത പങ്കുവെച്ചതിന് പ്രത്യേക പരിഗണന തന്നില്ലെങ്കിലും ഗര്‍ഭിണിയായ തന്നോട് അല്പം സഹാനുഭൂതിയും മനുഷ്യത്വവും കാണിക്കാമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേ സമയം ഒരു ഇന്റര്‍നാഷണല്‍ പ്രോജക്റ്റിലെ തികച്ചും വ്യത്യസ്തമായ ഒരു അനുഭവവും അവർ പങ്കുവെച്ചു. “ഒരു ഹോളിവുഡ് സംവിധായകന്‍ വളരെ പിന്തുണ നല്‍കുന്ന ആളായിരുന്നു. ഞാന്‍ സാധാരണയിലും കൂടുതല്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഷൂട്ടിങ് അവസാനിക്കുമ്പോഴേക്കും മറ്റൊരു വ്യക്തിയായി മാറിയേക്കാമെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്, 'വിഷമിക്കേണ്ട, ഈ പ്രോജക്റ്റിന്റെ അവസാനത്തില്‍ നിങ്ങള്‍ മറ്റൊരാളായാലും കുഴപ്പമില്ല. കാരണം നിങ്ങള്‍ ഗര്‍ഭിണിയാണ്.' ആ ഉറപ്പും സ്‌നേഹവും എനിക്ക് ആത്മവിശ്വാസം പകര്‍ന്നു”.
2011-ല്‍ ലണ്ടനില്‍ വെച്ചാണ് രാധിക ആപ്തെ വയലിനിസ്റ്റും കമ്പോസറുമായ ബെനഡിക്ട് ടെയ്ലറെ കണ്ടുമുട്ടുന്നത്. 2012 -ല്‍ ഇരുവരും വിവാഹിതരായി. 2024 ഒക്ടോബറിലാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.
കരണ്‍ കാന്ധാരി സംവിധാനം ചെയ്ത സിസ്റ്റര്‍ മിഡ്നൈറ്റ്' എന്ന ചിത്രത്തിലാണ് രാധിക ഒടുവില്‍ അഭിനയിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Radhika Apte reveals the discrimination she faced during pregnancy while working on a Bollywood film