'ഇന്റിമേറ്റ് സീൻ ലീക്കായപ്പോൾ 4 ദിവസം പുറത്തിറങ്ങാൻ കഴിഞ്ഞില്ല, എന്റെ വാച്ച്മാൻ ഉൾപ്പെടെ അതുകണ്ടു'

2005-ലാണ് നടി രാധിക ആപ്‌തെ സിനിമയിലേക്കെത്തുന്നത്. ബംഗാളി, ബോളിവുഡ്, മറാത്തി, തെലുഗു, തമിഴ്, ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ സിനിമയിൽ തന്റെ ഇടം ഉറപ്പിക്കുകയും ചെയ്തു താരം. 'ഹരം' എന്ന മലയാളംസിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായുമെത്തി. കൊമേഴ്‌സ്യൽ സിനിമകൾക്കൊപ്പം തന്നെ സമാന്തരസിനിമകളിലും ഒരുപോലെ വിജയിച്ച താരമാണവർ. ഏറ്റവുമൊടുവിൽ അഭിനയിച്ചത് 'ലസ്റ്റ് സ്‌റ്റോറീസ് 3'യിലാണ്. നെറ്റ്ഫ്‌ളിക്‌സിൽ റിലീസായ ഈ ആന്തോളജി മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
തന്റെ ഒരു സിനിമയിലെ ഇന്റിമേറ്റ് സീൻ ചോർന്നപ്പോൾ താൻ അനുഭവിച്ച മാനസികാഘാതത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അവരിപ്പോൾ. ആ സംഭവത്തിന് ശേഷം തനിക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടെന്നും നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും രാധിക പറഞ്ഞു.
ഇന്റിമേറ്റ് സീനുകൾ ചിത്രീകരിക്കുമ്പോൾ അഭിനേതാക്കൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവെയാണ് ഈ സംഭവത്തെക്കുറിച്ച് രാധിക മനസ്സ് തുറന്നത്. ''അത്തരം രംഗങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുകയായിരുന്നു. എന്നാൽ ഞാൻ ചെയ്ത ഒരു ഇന്റിമേറ്റ് സീൻ ലീക്കായപ്പോൾ, നാലുദിവസത്തോളം എനിക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. പ്രശ്‌നം എന്തെന്നാൽ, ഇത്തരം കാര്യങ്ങളുടെ ആഘാതം വളരെ വേഗത്തിൽ നമ്മുടെ വ്യക്തിജീവിതത്തെയും വീടിനെയും ബാധിച്ചേക്കാം. ആർക്കെങ്കിലും അതുകണ്ട് അനിഷ്ടം തോന്നിയാൽ അവർ നിങ്ങളുടെ വീടിനു മുന്നിലെത്തി ഡോർബെൽ അടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, ഇതത്ര എളുപ്പമുള്ള കാര്യമല്ല; കാര്യങ്ങൾ അതിലേറെ സങ്കീർണ്ണമാണ്. എന്റെ സ്‌റ്റൈലിസ്റ്റിന്റെ ഡ്രൈവർ ആ വീഡിയോ ക്ലിപ്പ് വീണ്ടും വീണ്ടും കാണുകയും, 'നിങ്ങൾ അവളുടെ വീട്ടിലേക്കാണോ പോകുന്നത്?' എന്ന് അവരോട് ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്ത കാര്യം എനിക്കോർമ്മയുണ്ട്. എന്റെ വീടിന്റെ വാച്ച്മാനും അത് കണ്ടിരുന്നു. ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ, അതൊക്കെ കൈകാര്യം ചെയ്യുക വളരെ ബുദ്ധിമുട്ടായിത്തീർന്നു'', ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു അവർ.
അതോടെ തന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയിലായ രാധിക, തന്റെ ടീം അംഗങ്ങളുടെ സഹായം തേടി. അവരോട് തുറന്നുസംസാരിക്കുകയും ചെയ്തു. ''ഒടുവിൽ ഞാൻ എന്റെ ഡ്രൈവറെയും സെറ്റിലെ സഹായിയെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: 'ഒരു വീഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. നിങ്ങൾ അത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അത് നിങ്ങൾക്ക് അയച്ചുതരാം, അതൊന്ന് കാണുക. അതുകണ്ടിട്ട് നിങ്ങൾക്ക് കുഴപ്പമില്ലെന്ന് തോന്നുന്നുവെങ്കിൽ, നിങ്ങൾ എന്നെ സംരക്ഷിക്കണം. അതല്ലെങ്കിൽ, എന്നോടൊപ്പം ജോലി ചെയ്യേണ്ടതില്ല. നിങ്ങളുടെ ശമ്പളം ഇതാ, നിങ്ങൾക്ക് പോകാം.' അപ്പോൾ അവർ രണ്ടുപേരും പറഞ്ഞു, 'ഞങ്ങൾ നിങ്ങളെ സംരക്ഷിച്ചുകൊള്ളാം.' അക്കാലത്ത് ഞാൻ ഒരു അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്, അതുകൊണ്ട് തന്നെ എനിക്ക് വല്ലാതെ ഭയം തോന്നിയിരുന്നു'', രാധിക ഓർക്കുന്നു. ചുരുക്കത്തിൽ, അത്തരം സാഹചര്യങ്ങൾ വളരെ സങ്കീർണ്ണമായേക്കാമെന്നും താരം കൂട്ടിച്ചേർക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Radhika Apte discussed the trauma of her leaked intimate scene. She admitted staying indoors for four days due to anxiety. She addressed the safety and privacy challenges actors face during intimate shoots. She recently starred in Lust Stories 3 on Netflix