പാൻ-ഇന്ത്യൻ നടനെന്ന് പറയുന്നത് നിർത്തണമെന്ന് പ്രിയാമണി, നമ്മളെല്ലാവരും ഇന്ത്യക്കാരാണ്

പ്രിയാമണി | PTI
പ്രിയാമണി | PTI

പാൻ-ഇന്ത്യൻ നടനെന്നും നടിയെന്നുമുള്ള വിശേഷണം അവസാനിപ്പിക്കണമെന്ന് പറയുകയാണ് നടി പ്രിയാമണി. പ്രാദേശിക സിനിമകളിലും ഹിന്ദി സിനിമകളിലും ഒരുപോലെ അഭിനയിച്ചിട്ടുള്ള നടിക്ക് പാൻ ഇന്ത്യൻ വിശേഷണത്തോട് എതിർപ്പാണ്. "നമ്മൾ പാൻ-ഇന്ത്യ എന്ന പദമുപയോഗിക്കുന്നത് നിർത്തണമെന്ന് ഞാൻ കരുതുന്നു. നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. എന്താണ് ഈ പാൻ-ഇന്ത്യ? എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾക്ക് മറ്റ് ഇൻഡസ്ട്രികളിൽ ജോലി കിട്ടുന്നു, അതൊരു നല്ല കാര്യമാണ് - എന്നാൽ ബോളിവുഡിൽ നിന്ന് ഒരാൾ തെക്കേ ഇന്ത്യയിലേക്ക് വരുമ്പോൾ നിങ്ങൾ അവരെ 'പ്രാദേശിക നടൻ' എന്ന് വിളിക്കുന്നില്ലല്ലോ. വർഷങ്ങളായി, ഇരുവശത്തുനിന്നുമുള്ള നടന്മാർ പല ഭാഷകളിലായി പ്രവർത്തിച്ചിട്ടുണ്ട്. എന്തിനാണ് നമ്മൾ പെട്ടെന്ന് ആളുകളെ ഇപ്പോൾ ലേബൽ ചെയ്യുന്നത്?"-പ്രിയാമണി ചോദിച്ചു.

കമൽഹാസൻ, രജനികാന്ത്, പ്രകാശ് രാജ്, ധനുഷ് തുടങ്ങിയ താരങ്ങളും മറ്റു പലരും ദശാബ്ദങ്ങളായി വിവിധ ഭാഷകളിൽ പ്രവർത്തിച്ചിട്ടും അവരെ ആരും അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും, അവർ ഇന്ത്യൻ നടന്മാർ എന്ന് മാത്രമാണ് അറിയപ്പെട്ടിരുന്നതെന്നും നടി പറയുന്നു.

"ഞങ്ങൾ ഏത് ഭാഷയിൽ പ്രവർത്തിക്കുന്നു എന്നതിൽ കാര്യമില്ല, ആരാണെന്നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ എന്താണെന്നും അംഗീകരിക്കുക. നടന്മാർ ഈ പദം അമിതമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പുതിയ പ്രവണത തമാശയായി തോന്നുന്നു"- പ്രിയാമണി കൂട്ടിച്ചേർത്തു.

'ദി ഫാമിലി മാൻ' എന്ന സീരീസിൻ്റെ മൂന്നാം സീസണിലാണ് പ്രിയാമണി ഇനി വരാനിരിക്കുന്നത്. ഷോയുടെ ജനപ്രീതിയെക്കുറിച്ചും പ്രേക്ഷകരുടെ പ്രതികരണശേഷിയെക്കുറിച്ചും ചോദിച്ചപ്പോൾ അവരുടെ മറുപടി ഇങ്ങനെയായിരുന്നു. "ആളുകൾ വളരെ സെൻസിറ്റീവ് ആയിരിക്കുന്നു. അഭിപ്രായങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്, എന്നാൽ ഒന്നിനെയും അമിതമായി വിശകലനം ചെയ്യുകയോ മറ്റുള്ളവരെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഒരു സിനിമയെ അത് എന്താണോ, അതുപോലെ കാണുക. ഒരുപാട് പേർ കഠിനാധ്വാനം ചെയ്യുന്നുണ്ട്, അതിനെ അഭിനന്ദിക്കുക. സിനിമയെ സിനിമയായി, അത് എന്താണോ അതുപോലെ കാണുക. നിർമാതാക്കളും അഭിനേതാക്കളും ഒരുപാട് പരിശ്രമിക്കുന്നുണ്ട്. വിജയിക്കാം, വിജയിക്കാതിരിക്കാം, അതൊക്കെ സാധാരണം. എല്ലാവരുടെയും ഇഷ്ടം ഒരേപോലെയാവില്ല. അഭിപ്രായങ്ങൾ നല്ലതാണ്. പക്ഷേ, അമിതമായി വിമർശിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യരുത്. അതിനെ റെഡ് ഫ്ലാഗ്, ഗ്രീൻ ഫ്ലാഗ്, ജെൻ Z എന്നൊന്നും ആക്കിമാറ്റരുത്. അതൊരു സിനിമ മാത്രമാണ്. എല്ലായ്പ്പോഴും ഇന്നത്തെ ലോകത്തിൻ്റെ പ്രതിഫലനമാകണമെന്നില്ല. ചലച്ചിത്രകാരന് ഒരു കാഴ്ചപ്പാടുണ്ട്, ആ കഥാപാത്രങ്ങൾ നിങ്ങളുമായി യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്യാം, അതും കുഴപ്പമില്ല"-പ്രിയാമണി പറഞ്ഞു.

തൊഴിൽപരമായ കാര്യങ്ങൾ ഭർത്താവുമായി ചർച്ചചെയ്യാറുണ്ടെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കാറുണ്ടെന്നും നടി പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അദ്ദേഹത്തെ കേട്ടപ്പോഴൊക്കെ ഗുണകരമായിട്ടുണ്ടെന്നും മിക്കപ്പോഴും തങ്ങളുടെ തീരുമാനം ഒന്നായിരിക്കുമെന്നും പ്രിയാമണി പറയുന്നു. "അദ്ദേഹം സത്യസന്ധമായി പറഞ്ഞാൽ വളരെ നല്ലൊരു മനുഷ്യനാണ്. എൻ്റെ എല്ലാ പരിഭവങ്ങളും കേൾക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം അഭിപ്രായങ്ങൾ പറയുകയും ചെയ്യും. അക്കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവതിയാണ്"- അവർ പറഞ്ഞു നിർത്തി. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Actress Priyamani argues against the `pan-India actor` term, emphasizing national unity and the long history of cross-regional work in Indian cinema.