ചിത്രം,കാലാപാനി,താളവട്ടം,കിലുക്കം...കണ്ടിരിക്കേണ്ട 15 ലാല്‍-പ്രിയന്‍ സിനിമകള്‍

സിനിമസ്വപ്‌നം കണ്ട കൂട്ടുകാര്‍- പ്രിയനും ലാലും. ആദ്യം അവസരം കിട്ടിയത് ലാലിനായിരുന്നു. 1980-ല്‍ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ല്‍ നരിയായി സെല്ലുലോയിഡിലേക്ക് മോഹന്‍ലാല്‍ കുതിച്ചിറങ്ങി. 1982-ലാണ് 'പടയോട്ടം' സിനിമയുടെ കഥയെഴുതിക്കൊണ്ട് പ്രിയദര്‍ശന്‍ സിനിമാജീവിതം ആരംഭിക്കുന്നത്. അതേ വര്‍ഷം അഞ്ചുസിനിമകള്‍ക്ക് കൂടി പ്രിയന്റെ പേന പ്രാണന്‍ നല്‍കി. തൊട്ടടുത്ത വര്‍ഷവും പ്രിയന്റെ സിനിമകള്‍ വന്നു. 1985-ൽ 'പൂച്ചയ്ക്കൊരു മൂക്കുത്തി' എന്ന ചിത്രത്തിലൂടെ ആദ്യമായി പ്രിയദര്‍ശന്‍ സംവിധായകവേഷമണിഞ്ഞപ്പോള്‍ നായകനായത് മോഹന്‍ലാല്‍. എണ്‍പതുകളുടെ രണ്ടാം പാതിയില്‍ മലയാള സിനിമയില്‍ ഹിറ്റുകള്‍ തീര്‍ത്ത ഈ കൂട്ടുകെട്ട് തൊണ്ണൂറുകള്‍ പൂര്‍ണമായും വരുതിയിലാക്കി. തുടരെത്തുടരെ വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെയും മഹാനടനെയും ഒരുപോലെ പ്രിയന്‍ സിനിമകള്‍ ചൂഷണം ചെയ്തു. എക്കാലവും ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ജോഡി മലയാളിക്ക് നല്‍കിയ വസന്തക്കാഴ്ചകളില്‍ ഏറ്റവും മികച്ച ചില സിനിമകള്‍ ഇതാ-
1. ബോയിങ് ബോയിങ് (1985)
പൊട്ടിച്ചിരിയുടെ വെടിക്കെട്ടായിരുന്നു ബോയിങ് ബോയിങ്. മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ടും സുകുമാരിയുടെ ഡിക്കമ്മായിയും നമ്മെ ചിരിപ്പിച്ചതിന് കണക്കില്ല. മോഹന്‍ലാലിന്റെ ശ്യാമും മുകേഷിന്റെ അനിലും അവരുടെ സൗഹൃദവും കള്ളത്തരങ്ങളും നിറഞ്ഞുനില്‍ക്കുന്ന സിനിമ. ജഗതിയും ശങ്കരാടിയും ചേര്‍ന്നുള്ള ഹാസ്യരംഗങ്ങളും മറക്കാനാവില്ല.
പ്രണയിനിയെ നഷ്ടപ്പെട്ട് മനസ്സിന്റെ താളം തെറ്റിയ വിനുവിനെ മോഹന്‍ലാല്‍ ഗംഭീരമാക്കി. മനസ്സിന്റെ ഇടര്‍ച്ചകളെ അങ്ങേയറ്റം തന്മയത്വത്തോടെ ലാല്‍ പകര്‍ന്നാടിയപ്പോള്‍ അത്യുഗ്രന്‍ വൈകാരിക പ്രകടനവുമായി നെടുമുടിയും ക്രൂരനായ പ്രതിനായകനായി സോമനും സിനിമയെ അവിസ്മരണീയമാക്കി. ജഗതിയുടെ നാരായണന്‍ സിനിമക്കാഴ്ചയ്ക്ക് നര്‍മത്തിന്റെ നിറം നല്‍കുന്നു.
വിശ്വവിഖ്യാതമായ താമരശേരി ചുരവും ആന വലിച്ചുകൊണ്ട് പോകുന്ന റോഡ് റോളറുമാണ് ആദ്യം ഓര്‍മിപ്പിക്കുന്നതെങ്കിലും അത്യന്തം വൈകാരികമായ കഥയാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. ശരാശരി ചെറുപ്പക്കാരുടെ, ഗതികെട്ട നിര്‍ഭാഗ്യവാന്മാരുടെ മുഖമാണ് ഈ സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രമായ പവിത്രന്‍. ഒരു കോണ്‍ട്രാക്ടറായി ജീവിച്ചുപോകാനുള്ള അയാളുടെ പെടാപ്പാടിന് എതിര്‍നില്‍ക്കുന്നത് സ്വന്തം ചേട്ടനും അളിയനുമാണ്. വേദനകളും അപമാനങ്ങളും സഹിച്ച് എല്ലാത്തിനെയും അതിജീവിക്കാനുള്ള ശക്തി അയാള്‍ ആര്‍ജിച്ചെടുക്കുന്നതാണ് സിനിമയുടെ പ്രമേയം.
4. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988)
ശ്രീനിവാസനും മോഹന്‍ലാലും വെള്ളിത്തിരയില്‍ ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് ചിരിമേളം സമ്മാനിച്ചിട്ടുണ്ട്. ആ ചിരിക്കൂട്ടിന്റെ ആദ്യകാല സിനിമകളില്‍ ഒന്നാണിത്. കുടിവെള്ളം ദുര്‍ലഭമായ മദ്രാസിലെ ഒരു കോളനി. അവിടെ സ്വസ്ഥമായി ജീവിച്ചുപോകുന്ന മുകുന്ദനെ(മോഹന്‍ലാല്‍) കാണാന്‍ കൂട്ടുകാരന്‍ വിശ്വനാഥെത്തുന്നു(ശ്രീനിവാസന്‍). തന്റെ തന്ത്രങ്ങളും വാക്ചാതുരിയും ഉപയോഗിച്ച് വിശ്വനാഥ് കോളനിക്കാരെ കയ്യിലെടുക്കും. അയാളുടെ ചതികളും വഞ്ചനകളും പുറത്തുവരുന്നത് കഥാന്ത്യത്തില്‍ മാത്രമാണ്. മുകുന്ദനും സുമിത്രയുമായുള്ള പ്രണയം, നായകകഥാപാത്രം കടന്നുപോകുന്ന സംഘര്‍ഷങ്ങള്‍... ഇതിനൊക്കെ മേമ്പൊടിയായി ജഗതിയും ഇന്നസെന്റും ഒരുക്കുന്ന നര്‍മരംഗങ്ങള്‍.
5. ആര്യന്‍ (1988)
എല്ലാം നഷ്ടപ്പെടുന്ന ദുരന്തനായകനാണ് 'ആര്യനി'ലെ ദേവന്‍(മോഹന്‍ലാല്‍). ഗതകാല പ്രൗഢി മാത്രം പറയാനുള്ള ഒരു ദരിദ്രബ്രാഹ്‌മണ കുടുംബത്തിലാണ് ദേവന്‍ ജനിക്കുന്നത്. ദാരിദ്ര്യം ദേവന്റെ ചിറകുകള്‍ അരിയുന്നു. തിരുവാഭരണം മോഷ്ടിച്ചെന്ന കള്ളക്കേസില്‍പെട്ട് അയാള്‍ ജയിലിലാകുന്നു. ജയില്‍വാസം കഴിഞ്ഞു തിരിച്ചെത്തുന്ന ദേവനെ അച്ഛന്‍ അപമാനിച്ച് ഇറക്കിവിടുന്നു. ബോംബെയിലെ അധോലോകത്ത് ദേവന്‍ സ്വന്തം വിലാസം ഉണ്ടാക്കിയെടുക്കുന്നു. ചെറുവിജയങ്ങള്‍ നേടുന്നുണ്ടെങ്കിലും അവിടെയും ദേവന്‍ ജയിലിലാകുന്നുണ്ട്. ഒടുവില്‍ നാട്ടിലേക്ക് മടങ്ങിയെത്തി പഴയ ശത്രുക്കളെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ച് കുടുംബത്തിന് മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നു. എന്നിട്ടും ജീവിതം അയാളെ തോല്‍പ്പിക്കുകയാണ്.
മോഹന്‍ലാലിന്റെ സുദീര്‍ഘമായ കരിയറില്‍ പ്രേക്ഷകര്‍ ഏറ്റവും ഓര്‍ത്തുവെക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഉള്ള എവര്‍ഗ്രീന്‍ സിനിമ. അതീവ സ്വാഭാവികമായും അനായാസവുമായി ഹാസ്യം കൈകാര്യം ചെയ്യാനുള്ള മോഹന്‍ലാലിന്റെ അതിശയിപ്പിക്കുന്ന കയ്യടക്കത്തിന് 'ചിത്ര'ത്തോളം നല്ല ഉദാഹരണമില്ല. നെടുമുടി, ശ്രീനിവാസന്‍, രഞ്ജിനി എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ കോമഡി സീനുകള്‍ എത്ര കണ്ടാലും ചിരിവരും. ചിരിപ്പിച്ചു ചിരിപ്പിച്ച് മുറിവേല്‍പ്പിച്ചു കടന്നുപോയ സിനിമ, ഗാനരംഗങ്ങള്‍ക്കും പ്രശസ്തമാണ്. സ്വാമിനാഥ, നഗുമോ തുടങ്ങിയ ക്ലാസിക് ഗാനരംഗങ്ങളിലെ മോഹന്‍ലാലിന്റെ ചുണ്ടനക്കം അതിശയിപ്പിക്കും.
7. വന്ദനം(1989)
ബാംഗ്ലൂര്‍ പശ്ചാത്തലമായി വരുന്ന പോലീസ് സിനിമ. പ്രൊഫസര്‍ ഫെര്‍ണാണ്ടസ് എന്ന ക്രിമിനലിനെ പിടികൂടാന്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്ന ഉണ്ണികൃഷ്ണന്‍ എന്ന ഇന്‍സ്പെക്ടര്‍ ആണ് മോഹന്‍ലാല്‍. പ്രതിയെ കണ്ടെത്താന്‍ അയാളുടെ മകള്‍ ഗാഥയെ പിന്തുടരുന്ന ഉണ്ണികൃഷ്ണന്‍ അവളുമായി പ്രണയത്തിലാകുന്നു. അപൂര്‍ണമായ അവരുടെ പ്രണയം പ്രേക്ഷകരില്‍ ഒരു നൊമ്പരമായി അവശേഷിക്കും. നെടുമുടിയുടെ ഉജ്ജ്വലമായ പ്രതിനായക വേഷം. പപ്പു, സുകുമാരി, മുകേഷ്, ജഗദീഷ് എന്നിവര്‍ പൊലിപ്പിക്കുന്ന ഹാസ്യം.
ചിരിയുടെ ഒരിക്കലും നിലയ്ക്കാത്ത കിലുക്കാംപെട്ടി. ജോജിയും(മോഹന്‍ലാല്‍) നിശ്ചലും(ജഗതി) തമ്മിലുള്ള ഇണക്കവും പിണക്കവും, നന്ദിനിയുടെ കുരുത്തക്കേടുകള്‍, കിട്ടുണ്ണിയും ജഡ്ജിയേമാനും തമ്മിലുള്ള ഉരസലുകള്‍,പശ്ചാത്തലത്തിലൊഴുകുന്ന ഊട്ടിയുടെ കുളിരും... നായകനായ മോഹന്‍ലാലിനേക്കാള്‍ രേവതിയും ജഗതിയുമാണ് സിനിമയില്‍ നിറയുന്നത്. മോഹന്‍ലാല്‍-ജഗതി കോമ്പിനേഷന്‍ മലയാളസിനിമ കണ്ട ഏറ്റവും ഹിറ്റ് കോമഡി പാര്‍ട്ണര്‍ഷിപ്പായി മാറിയത് 'കിലുക്ക'ത്തോടെയാണ്. അവസാന ഭാഗം വൈകാരികമായി മാറുന്നുണ്ടെങ്കിലും സിനിമ കണ്ടുതീരുമ്പോള്‍ മനസ്സില്‍ നറുചിരി നിലനില്‍ക്കും.
9.അഭിമന്യു (1991)
മുംബൈയിലെ ചേരികളും തെരുവുകളും അധോലോകജീവിതവും അടുത്തുകാണിച്ച സിനിമ. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന ഹരിയും കൂട്ടരും എളുപ്പത്തില്‍ പണം സമ്പാദിക്കാനായി നിയമം കയ്യിലെടുക്കാന്‍ തീരുമാനിക്കുന്നു. പിടിച്ചുനില്‍ക്കാനുള്ള ചെറുത്തുനില്‍പ്പിനിടെ ഒരു ലോക്കല്‍ ഗുണ്ടയായി ഹരി മാറുന്നു. കൊല്ലും കൊലയും നിത്യസംഭവമായ ജീവിതം ഒരു ചുഴി പോലെയാണ്. പുറത്തുകടക്കാനാകാത്തവിധം ഹരിയും കൂട്ടുകാരും ആഴങ്ങളിലേക്ക് വീഴുകയാണ്. ഒടുവില്‍, എല്ലാം വിട്ടെറിഞ്ഞ് മറ്റൊരിടത്തേക്ക് മാറി പുതുജീവിതം തുടങ്ങാനുള്ള യാത്രയിലാണ് ഹരി. പക്ഷേ, ആ യാത്ര ഹരിയുടെ അവസാനയാത്രയായി മാറുന്നു.
10.അദ്വൈതം (1992)
സ്വാമി അമൃതാനന്ദ എന്ന ആത്മീയാചാര്യനായും ശിവപ്രസാദ് എന്ന സാധാരണക്കാരനായും ശിവന്‍ എന്ന ഗുണ്ടയായും ഒരേ കഥാപാത്രത്തിന്റെ പല അവതാരങ്ങള്‍ മോഹന്‍ലാല്‍ സിനിമയില്‍ പകര്‍ത്തി. ലക്ഷ്മി എന്ന നായികയായി രേവതിയും ശിവന്റെ ഉറ്റ ചങ്ങാതിയായ വാസുവായി ജയറാമും അഭിനയിച്ചു. രാഷ്ട്രീയം, പ്രണയം, പക, അഴിമതി, പാപബോധം, പശ്ചാത്താപം...നിരവധി പ്രമേയങ്ങള്‍. വാസുവിനെ നഷ്ടപ്പെടുമ്പോഴുള്ള ശിവന്റെ വേദനയും വെറിയും ഒരേ സീനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നുണ്ട്. എല്ലാം മറന്ന് അമൃതാനന്ദ എന്ന രൂപത്തിലേക്ക് പരകായപ്രവേശം നടത്തിയ ശിവപ്രസാദ് സംഹാരരൂപിയായ ശിവനിലേക്ക് മടങ്ങുന്ന രംഗവും മഹാനടന്റെ കയ്യില്‍ ഭദ്രം.
11.മിഥുനം (1993)
ദാക്ഷായണി ബിസ്‌കറ്റ്‌സ് എന്ന ഫാക്ടറി സ്വപ്നം കാണുന്ന, അതിനായി അധികാരികളുടെ കാലുപിടിക്കുന്ന, സര്‍ക്കാരോഫീസുകളില്‍ കയറിയിറങ്ങുന്ന നിര്‍ഭാഗ്യവാനായ നായകനാണ് മോഹന്‍ലാലിന്റെ സേതുമാധവന്‍. അളിയനും ചേട്ടനും നിരന്തരം പോരടിക്കുന്ന വീടും സങ്കല്പലോകത്ത് ജീവിക്കുന്ന സുലോചന എന്ന പ്രണയിനിയും സേതുവിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. എന്തിനും പരിഹാരം കണ്ടെത്താന്‍ കഴിവുള്ള പ്രേമന്‍ (ശ്രീനിവാസന്‍) കൂടെയുള്ളതാണ് ആകെ ആശ്വാസം. പ്രേമനും ഒടുവില്‍ സേതുവിന് പാരയാകുന്നു. ശരാശരിക്കാരന്റെ ജീവിതയാഥാര്‍ഥ്യങ്ങളെ അതേപടി പകര്‍ത്തുന്ന സിനിമ നര്‍മരംഗങ്ങള്‍ കൊണ്ടും സമ്പന്നം. നെടുമുടിയുടെ തേങ്ങയുടക്കല്‍ മാത്രം മതി മണിക്കൂറുകളോളം ഓര്‍ത്ത് ചിരിക്കാന്‍.
12.തേന്മാവില്‍ കൊമ്പത്ത് (1994)
മാണിക്യനും കാര്‍ത്തുമ്പിയും ശ്രീകൃഷ്ണനും അപ്പക്കാളയും ഗിഞ്ചിമൂട ഗാന്ധാരിയും കാര്‍ത്തു ചേച്ചിയും പ്രേക്ഷകമനസ്സില്‍ അനശ്വരരാണ്. തേന്മാവിന്റെ മധുരവും മണവും പച്ചപ്പും നിറഞ്ഞുനില്‍ക്കുന്ന ഈ സിനിമ. കെ.വി. ആനന്ദിന്റെ ക്യാമറ കണ്ടെടുത്ത അതിമനോഹര ദൃശ്യങ്ങള്‍. കള്ളുകുടിയും തല്ലുപിടിയുമായി നടക്കുന്ന മാണിക്കനും(മോഹന്‍ലാല്‍) ശ്രീകൃഷ്ണന്‍ ചേട്ടനും(നെടുമുടി വേണു). കാടിനുള്ളില്‍ വഴിതെറ്റിപ്പോകുന്ന മാണിക്കന്റെ കാളവണ്ടി ചെന്നെത്തുന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അങ്ങേയറ്റം ദുഷ്‌കരമായ ഭാഷയും... മാണിക്കന്റെ ജീവിതം കീഴ്‌മേല്‍ മറിക്കുന്ന 'ചെറിയ ബുത്തി'യുള്ള അപ്പക്കാള(ശ്രീനിവാസന്‍)യുടെ തന്ത്രങ്ങള്‍. കാര്‍ത്തുമ്പിയുടെയും കാര്‍ത്തുച്ചേച്ചിയുടെയും പ്രണയം. പോരാത്തതിന് ഞാന്‍ ആരെന്ന് തേടിയുള്ള പപ്പുവിന്റെ തത്വചിന്തയും.
13.മിന്നാരം (1994)
ഒരു ക്ലാസ്സിക് പ്രിയദര്‍ശന്‍ കോമഡി എന്ന ലേബല്‍ തീര്‍ത്തും അവകാശപ്പെടാവുന്ന സിനിമ. സമാധാനമായി ജീവിക്കുന്ന ജോജി(മോഹന്‍ലാല്‍)യെത്തേടി പഴയ കാമുകി നീന(ശോഭന) തിരിച്ചെത്തുന്നു. അവളുടെ മകളുടെ പിതൃത്വം അയാള്‍ ഏറ്റെടുക്കണമെന്നാണ് ആവശ്യം. നിരപരാധിത്വം തെളിയിക്കാനുള്ള തത്രപ്പാടുകള്‍ ഒന്നൊന്നായി പരാജയപ്പെടുന്നതോടെ നീന നിരത്തുന്ന തെളിവുകള്‍ക്ക് മുന്നില്‍ എല്ലാവരും ജോജിയെ അവിശ്വസിക്കുന്നു. ജഗതിയും പപ്പുവും മണിയന്‍പിള്ള രാജുവും തിലകനും ലാലു അലക്‌സും അടങ്ങിയ താരനിര. കുടുകുടെ ചിരിക്കാന്‍ കാരണങ്ങള്‍ തന്നിട്ട് ഒടുക്കം കണ്ണീര്‍ വീഴ്ത്തിക്കൊണ്ടാണ് സിനിമ കടന്നുപോകുന്നത്.
സ്വാതന്ത്ര്യസമരം പ്രമേയമാക്കി നിരവധി സിനിമകള്‍ ഇന്ത്യന്‍ ഭാഷകളില്‍ പിറന്നിട്ടുണ്ട്. അതില്‍ ഏറ്റവും മികച്ചതെന്ന് നിസ്സംശയം വിളിക്കാം 'കാലാപാനി'യെ. സാങ്കേതിക വിദ്യ ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത ഒരുകാലത്ത് ഇത്ര സുന്ദരമായി ഒരു സിനിമ ഒരുക്കിയ പ്രിയദര്‍ശനെ എത്ര വാഴ്ത്തിയാലും മതിവരില്ല. ബ്രിട്ടീഷുകാരുടെ കിരാതവാഴ്ചയുടെ കാഴ്ചകളാണ് സിനിമ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഗോവര്‍ധന്‍ എന്ന കഥാപാത്രവും പ്രഭുവിന്റെ മുകുന്ദനും സ്വാതന്ത്ര്യത്തിനായി ജീവന്‍ കൊടുത്ത ആയിരങ്ങളെ പ്രതിനിധീകരിക്കുന്നു. ഭര്‍ത്താവ് മരിച്ചതറിയാതെ കാത്തിരിക്കുന്ന തബുവിന്റെ പാര്‍വതിക്കുട്ടി ഒരു നീറ്റലാണ്.
15 .കിളിച്ചുണ്ടന്‍ മാമ്പഴം (2003)
മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പിനേഷന്‍ തകര്‍ത്താടിയ സിനിമ. മലബാറിലെ മുസ്ലിം ജീവിതവും ഭാഷയും കടന്നുവരുന്ന സിനിമയില്‍ നായകനായ അബ്ദു(മോഹന്‍ലാല്‍)വിനെക്കാള്‍ തലപ്പൊക്കം പ്രതിനായകനായ കോലറയ്ക്കല്‍ മൊയ്തുട്ടി ഹാജിക്കാണ്(ശ്രീനിവാസന്‍). ഹാജ്യാരുടെ മൂന്നാം ബീവി ആമിനയെ തിരഞ്ഞെത്തുന്ന മുന്‍ കാമുകന്‍ അബ്ദു. അബ്ദുവിന്റെയും ആമിനയുടെയും പ്രണയമാണ് സിനിമയുടെ കേന്ദ്ര ബിന്ദു. ഇരുന്തലക്കാടന്‍ എന്ന കള്ള മന്ത്രവാദിയായി ജഗതി നിറഞ്ഞാടുന്ന സിനിമ ഒട്ടേറെ ഹാസ്യരംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്.
(പുനപ്രസിദ്ധീകരണം)
Content Highlights: priyadarsan-mohanlal creative partnership