400 ഹിറ്റുകളും 50 ബ്ലോക്ക്ബസ്റ്ററുകളും സമ്മാനിച്ചത് മലയാളം നടനാണ്, ഷാരൂഖ് ഖാനും ബച്ചനും മേലെ

പ്രേംനസീർ | mbi library
പ്രേംനസീർ | mbi library

ഇന്ത്യൻ സിനിമയുടെ ഒരു നൂറ്റാണ്ടിലധികം കാലത്തെ ചരിത്രത്തിൽ ഒട്ടേറെ സൂപ്പർതാരങ്ങൾ പിറന്നിട്ടുണ്ട്. പല ഭാഷകളിൽ നിന്നായി വന്ന് ബോക്സോഫീസിൽ ആധിപത്യം സ്ഥാപിച്ചതിനൊപ്പം സാംസ്‌കാരിക പ്രതീകങ്ങൾ കൂടിയാവുകയായിരുന്നു ഇവർ. ആരാണ് ഏറ്റവും വലിയ വിജയിയെന്ന് ഒരിക്കലും പറയാനാവില്ലെങ്കിലും ഒരു വ്യക്തി തന്റെ വിജയിച്ച സിനിമകളുടെ എണ്ണംകൊണ്ട് വേറിട്ടുനിൽക്കുന്നുണ്ട്.

400-ൽ അധികം ഹിറ്റ് ചിത്രങ്ങളും 50 ബ്ലോക്ക്ബസ്റ്ററുകളും സ്വന്തം പേരിലുള്ള ഈ നടൻ മറ്റാരുമല്ല, മലയാള സിനിമാ ഇതിഹാസം പ്രേം നസീറാണ്. ഒരു പ്രധാന നടനെന്ന നിലയിൽ ഏറ്റവും കൂടുതൽ ബോക്‌സ് ഓഫീസ് ഹിറ്റുകൾ നൽകിയതിന്റെ റെക്കോർഡ് പ്രേം നസീറിന്റെ പേരിലാണ്. 1950-കളുടെ തുടക്കം മുതൽ 1989-ൽ മരിക്കുന്നതുവരെ നീണ്ട സിനിമാ ജീവിതത്തിൽ 900-ൽ അധികം സിനിമകളിൽ അഭിനയിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും നസീറിന്റെ പേരിലുണ്ട്, 720 സിനിമകൾ. 50 ബ്ലോക്ക്ബസ്റ്ററുകൾ ഉൾപ്പെടെ 400-ലധികം ഹിറ്റ് സിനിമകളിൽ അദ്ദേഹം നായകനായി. ഇത് ഇന്ത്യൻ സിനിമയിലെ മറ്റൊരു നടനും എത്തിപ്പെടാനാവാത്ത നാഴികക്കല്ലാണ്.

1926-ൽ തിരുവിതാംകൂറിൽ അബ്ദുൾ ഖാദർ എന്ന പേരിൽ ജനിച്ച പ്രേം നസീർ, കൗമാരപ്രായത്തിൽ നാടകരംഗത്തെത്തി. പഠനം പൂർത്തിയാക്കിയ ശേഷം, 1952-ൽ 'മരുമകൾ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് 'വിശപ്പിന്റെ വിളി' എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തു. ഈ സിനിമയുടെ സമയത്താണ് അദ്ദേഹം പ്രേം നസീർ എന്ന് പേരുമാറ്റിയത്. തുടർന്നുള്ള വർഷങ്ങളിൽ, പ്രണയം, ദുരന്തം, പുരാണം, ചരിത്രം തുടങ്ങിയ പലതരം കഥകളുടെ ഭാഗമായ അദ്ദേഹം മലയാള സിനിമയുടെ നിത്യഹരിത റൊമാന്റിക് ഹീറോയായി മാറി.

1960-കളിലും 1970-കളിലുമാണ് നസീർ സിനിമാ ലോകത്ത് ആധിപത്യം സ്ഥാപിച്ചത്. ഓരോ ദശാബ്ദത്തിലും ഒരു ഡസനിലധികം ഹിറ്റുകളാണ് നൽകിയത്. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർസ്റ്റാറായി അദ്ദേഹം നിലകൊണ്ടു. 1980-കളോടെ, അദ്ദേഹം സഹനടന്റെ വേഷങ്ങളിലേക്ക് മാറി. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി 1983-ൽ ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 1989-ൽ അഞ്ചാംപനി ബാധിച്ചാണ് മരണം. മരണശേഷമാണ് അവസാന ചിത്രമായ പ്രിയദർശന്റെ 'കടത്തനാടൻ അമ്പാടി' പുറത്തിറങ്ങുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover Prem Nazir, the Malayalam icon with over 400 hits & 50 blockbusters. Learn about his unparalleled success in Indian cinema, surpassing other superstars.