മറക്കാനാവാത്ത രണ്ട് മമ്മൂട്ടിക്കാഴ്ചകള്‍

ഈ ഫോട്ടോ എനിക്ക് മറക്കാനാവാത്ത ഒരോര്‍മയാണ്. 2004-ല്‍ വി.എം. വിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. കോഴിക്കോടാണ് ലൊക്കേഷന്‍. ഞാനും കോഴിക്കോട്ടുകാരനായതുകൊണ്ട് ഇവിടെ ഷൂട്ടിങ് ഉണ്ടായാല്‍ എനിക്ക് വളരെ സൗകര്യമാണ്. ഇടയ്ക്ക് ലൊക്കേഷനില്‍ കയറി ഫോട്ടോയെടുക്കാം. പ്രത്യേകിച്ച് മമ്മുക്കയുടെ സിനിമയാകുമ്പോള്‍ ഫോട്ടോഷൂട്ട് നടത്താമല്ലോ. ഫോട്ടോഷൂട്ട് നടത്തണമെങ്കില്‍ മമ്മുക്കയ്ക്ക് വര്‍ക്കില്ലാത്ത സമയമാകണം. അതുമാത്രം പോരാ, അദ്ദേഹം സമ്മതിക്കണം. അതുകൊണ്ട് രണ്ട്-മൂന്ന് പ്രാവശ്യം ലൊക്കേഷനില്‍ പോകണം. അപ്പോഴൊക്കെ കാഷ്വലായി ചില ഫോട്ടോയെടുക്കാറാണ് പതിവ്.
കോഴിക്കോടാവുമ്പോള്‍ ലൈറ്റുകള്‍ കൊണ്ടുപോയി എടുക്കാം. അദ്ദേഹം താമസിക്കുന്നത് താജില്‍ ആണ്. എപ്പോഴാണ് ഫോട്ടോ എടുക്കാന്‍ ഓക്കെ പറയുക എന്ന് പറയാന്‍ പറ്റില്ല. അതുവരെ നമ്മള്‍ ടെന്‍ഷനടിക്കണം. 'മമ്മുക്ക, ഫോട്ടോ എടുക്കട്ടെ'യെന്ന് ചോദിച്ചാല്‍ 'താനാരാ, വലിയ ഫോട്ടോഗ്രാഫറാണോ' എന്നൊക്കെ ചോദിക്കും. പക്ഷേ എന്തായാലും നില്‍ക്കാതിരിക്കില്ല. അതാണ് മമ്മുക്കയുടെ പ്രത്യേകത. 'നീ വൈകുനേരം താജിലേക്ക് വാ' എന്ന് മമ്മുക്ക പറഞ്ഞപ്പോള്‍ സമാധാനമായി.
വൈകുന്നേരം അവിടെയെത്തി. ജോര്‍ജ് കൂടെയുളളതുകൊണ്ട് ബാക്കിയെല്ലാം അദ്ദേഹത്തിനോട് കമ്യൂണിക്കേറ്റ് ചെയ്താല്‍മതി. അത് വലിയ സമാധാനമാണ്. അദ്ദേഹം പറഞ്ഞു, പെട്ടെന്നെടുക്കണം. ഞാനാദ്യം വിചാരിച്ചത് ലോബിയില്‍ നിന്ന് എടുക്കാമെന്നാണ്. എന്ത് ചെയ്യും, എവിടുന്ന് എടുക്കും. അങ്ങനെ റൂമിന്റെ കോറിഡോറി(ഇടനാഴി)ല്‍ ചെറിയ ലൈറ്റ്, ഫ്‌ളവര്‍ പോട്ട് വെക്കുന്ന സ്റ്റൂള്‍പോലെയുള്ള അതില്‍ ഇരുത്തി അഞ്ചോ പത്തോ ഫോട്ടോ മാത്രമെടുത്തു. അന്ന് ഡിജിറ്റല്‍ ക്യാമറയല്ല നിക്കോണിന്റെ A90X ആണ്. ഡിജിറ്റലിന്റെ മുന്നത്തേ വേര്‍ഷന്‍. ആ ക്യാമറയായതുകൊണ്ട് വേഗം എടുക്കാനും പറ്റി.
അടുത്തദിവസം മമ്മുക്കയ്ക്ക് കോഴിക്കോട് പ്രസ്‌ക്ലബില്‍ ഒരു പ്രസ്സ് മീറ്റ് ഉണ്ടായിരുന്നു. അന്നത്തെ ചിത്രഭൂമി ചീഫായ പ്രേംചന്ദും ഞാനും പോയിരുന്നു. പോകുമ്പോള്‍ ആ ഫോട്ടോയും കൊണ്ടുപോയിരുന്നു. പ്രസ് മീറ്റെല്ലാം കഴിഞ്ഞ് ഞാന്‍ ഫോട്ടോ കാണിച്ചുകൊടുത്തു. ഞങ്ങള്‍ മൂന്നുപേരും പ്രസ്സ് ക്ലബിന്റെ താഴെയിറങ്ങി. പതിവുപോലെ മമ്മുക്കയുടെ കാര്‍ മുന്നിലുണ്ട്. ഞാനും ലൊക്കേഷനിലേക്കായിരുന്നു. പ്രേംചന്ദ് യാത്ര പറയാന്‍ നേരം അദ്ദേഹംപറഞ്ഞു, ഞാനിവനെ കൊണ്ടുപോകാം. അദ്ദേഹത്തിന്റെ കാറില്‍ അദ്ദേഹം ഡ്രൈവ് ചെയ്തു, ഞാനടുത്തിരുന്നു. രണ്ടുകിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു. കല്ലായി വരെയുള്ള ആ യാത്ര എന്നെ സംബന്ധിച്ചിടത്തോളം എന്നും ഓര്‍ക്കാനുള്ളതാണ്.
പിന്നെ കോഴിക്കോട് നിന്ന് തന്നെ മമ്മുക്ക എന്റെ കാറില്‍ കയറി. 2012-ലായിരുന്നു അത്. പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്‍ മാഷ് മരിച്ചു. മാഷുടെ വീട് കോഴിക്കോട് ആര്‍ട്‌സ് കോളേജിന്റെ എതിര്‍വശത്തുകൂടെ കുറച്ച് ഉള്ളിലേക്ക് പോകണം. മമ്മുക്ക വരുന്നുവെന്നറിഞ്ഞു. മമ്മുക്ക വന്നാല്‍ ആളുകൂടും. അതുകൊണ്ട് ആര്‍ട്‌സ് കോളേജില്‍ വണ്ടി നിര്‍ത്തി മാതൃഭൂമിയുടെ മീഡിയ മാനേജര്‍ കെ.ആര്‍. പ്രമോദ് ആണ് എല്ലാം കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അപ്പോള്‍ അവിടെയുള്ള ചെറിയ കാര്‍ എന്റേതാണ്, ഇന്‍ഡിക്ക ഡീസല്‍. കെ.ആര്‍.പി എന്നോട് കാര്‍ എടുത്തുവരാന്‍ പറഞ്ഞു. പിന്നെ പറയേണ്ടതില്ലല്ലോ. മമ്മുക്ക എത്തുമ്പോഴേക്കും ഞാനവിടെ റെഡി. അദ്ദേഹം വന്നയുടനെ വണ്ടിയില്‍ നിന്നിറങ്ങി എന്റെ കാറില്‍ കയറി. കൂടെ കെ.ആര്‍.പിയും ജോര്‍ജും.
അങ്ങനെ ടി.ദാമോദരന്‍ മാഷിനെ കണ്ട് തിരിച്ചുപോകുന്ന വഴി അദ്ദേഹം തമാശയില്‍ ചോദിച്ചു, ഈ വണ്ടിയുടെ എഞ്ചിന്‍ ലോറിയുടെതാണോ. അതേ ഹൈടെക്ക് വാഹനത്തില്‍നിന്ന് ഇന്‍ഡിക്ക ഡീസല്‍ എഞ്ചിന്‍ വണ്ടിയിലേക്ക് കയറുമ്പോള്‍ ആരായാലും ചോദിച്ചുപോകും. അങ്ങനെ മറക്കാനാവാത്ത രണ്ട് ഓര്‍മകള്‍, മമ്മുക്കയുടെ കാറില്‍ കയറാന്‍ കഴിഞ്ഞതും അദ്ദേഹം എന്റെ കാറില്‍ കയറിയതും. അതൊരിക്കലും മറക്കില്ല.
Content Highlights: photoshoot experience with mammootty-retro reel 16