പ്രേക്ഷകരിപ്പോൾ അമ്മമാരെ കൈയൊഴിയുന്നില്ലെന്ന് പരിണീതി ചോപ്ര

പരിണീതി ചോപ്ര | PTI
പരിണീതി ചോപ്ര | PTI

കുഞ്ഞുണ്ടായശേഷം അഭിനയത്തിൽ വീണ്ടും സജീവമാവുകയാണ് നടി പരിണീതി ചോപ്ര. നെറ്റ്ഫ്ലിക്സിന്റെ ഒറിജിനൽ സീരീസായ 'Shaque: Trust No One'-ലൂടെ ഒടിടിയിൽ അരങ്ങേറ്റം കുറിക്കുകയാണവർ. മാതൃത്വത്തിന് ശേഷവും ഹിന്ദി സിനിമയിലെ മുൻനിര നടിമാർ ജോലി തുടരുന്നുണ്ടെന്നും മാറിയ പ്രേക്ഷകർ അമ്മമാരെ തഴയുന്നില്ലെന്നും സീരീസിന്റെ ട്രെയിലർ ലോഞ്ചിൽ അവർ അഭിപ്രായപ്പെട്ടു. 

ദീപിക പദുകോൺ, ആലിയ ഭട്ട്, തന്റെ കസിൻ പ്രിയങ്ക ചോപ്ര എന്നിവരെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ച പരിണീതി, അവരെല്ലാം ഇപ്പോൾ കൂടുതൽ നന്നായിട്ടാണ് ജോലി ചെയ്യുന്നതെന്നും വിശദീകരിച്ചു.

"ആലിയ, ഞാൻ, ദീപിക, പടിഞ്ഞാറൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന എന്റെ സ്വന്തം സഹോദരി (പ്രിയങ്ക ചോപ്ര) എന്നിവരുൾപ്പെടെ ഞങ്ങളുടെ തലമുറയ്ക്ക് അമ്മമാരാകാനും അതേ നിലവാരത്തിലുള്ള ജോലി തുടരാനും കഴിയുന്നു എന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. വാസ്തവത്തിൽ, ഞങ്ങൾ ഇപ്പോൾ കൂടുതൽ നന്നായിട്ടാണ് ജോലി ചെയ്യുന്നതെന്നാണ് എനിക്ക് തോന്നുന്നത്," അവർ പറഞ്ഞു. 

മുൻകാലങ്ങളിലെ ചിന്താഗതികൾ കാരണം സിനിമയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന പഴയ തലമുറകളെക്കുറിച്ചും പരിണീതി സംസാരിച്ചു. "ഒരു തലമുറയ്ക്ക് ആ വില നൽകേണ്ടി വന്നത് സങ്കടകരമാണ്. അന്നത്തെ പ്രേക്ഷകർക്ക് അമ്മമാരെ കാണാൻ താൽപ്പര്യമില്ലായിരിക്കാം. എനിക്കത് മനസ്സിലാകുന്നില്ലെങ്കിലും ഒരു കാലത്ത് അതായിരുന്നു യാഥാർഥ്യം. ഞാനൊരു അമ്മയായി എന്നതുകൊണ്ട് മാത്രം ജോലി നിർത്താൻ എനിക്കിഷ്ടമല്ല. ഒരു കുഞ്ഞിന് ജന്മം നൽകുന്ന മനോഹരമായ കാര്യം ചെയ്തതുകൊണ്ട് മാത്രം എനിക്ക് ജോലി നഷ്ടമായാൽ ഞാൻ വിഷമിക്കും."-അവർ പറഞ്ഞു.

പ്രേക്ഷകരിപ്പോൾ അമ്മമാരെ തഴയുന്നില്ലെന്നും, അതുകൊണ്ട് എഴുത്തുകാർക്കും സംവിധായകർക്കും നടന്മാർക്കും അതനുസരിച്ച് മുന്നോട്ടുപോവാനാവുന്നുണ്ടെന്നും അവർ പറഞ്ഞു. ഈ രംഗം മാറുന്നതിലും പ്രേക്ഷകർ ഇതെല്ലാം സാധ്യമാക്കിയതിലുമുള്ള സന്തോഷവും അവർ പങ്കുവെച്ചു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Parineeti Chopra defends working mothers in Bollywood during the trailer launch of her series Shaque: Trust No One., She cites examples of contemporaries like Deepika Padukone, Alia Bhatt, and Priyanka Chopra thriving after motherhood., Highlights the positive shift in audience mindset where mothers in lead roles are no longer rejected by the industry., Details her upcoming Netflix thriller series created by Rensil D'Silva and Siddharth P. Malhotra.