ഫഫയും ലാലേട്ടനും നേര്‍ക്കുനേര്‍, സൂപ്പര്‍ വുമണായി കല്യാണിയും, ആരടിക്കും ഓണക്കപ്പ്..?

മധ്യവേനലവധിക്കാലം കഴിഞ്ഞാല്‍ മലയാള സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷ ഓണം റിലീസുകളിലാണ്. ഓരോ വര്‍ഷവും ഒരുപിടി ചിത്രങ്ങള്‍ ഓണം റിലീസായി തിയേറ്ററിലെത്തുകയും വലിയ വിജയം നേടാറുമുണ്ട്. പോയ വര്‍ഷം ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡവും ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണവുമായിരുന്നു ഓണം ബമ്പറടിച്ചത്. ഇത്തവണം മത്സരം കൂടുതല്‍ കടുത്തതാണ്, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, ഷെയ്ന്‍ നിഗം, നസ്ലിന്‍ ഗഫൂര്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും ഒരുപിടി ചിത്രങ്ങളാണ് ഓണം റിലീസായി തിയേറ്ററിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒന്നിക്കുന്ന ഹൃദയപൂര്‍വ്വം, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് കല്യാണി പ്രിയദര്‍ശന്‍-നസ്ലിന്‍ ഗഫൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ലോക, ചാപ്റ്റർ-1 ചന്ദ്ര, ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ഓടും കുതിര ചാടും കുതിര, ഷെയ്ന്‍ നിഗം നായകനാകുന്ന ആക്ഷന്‍ സ്‌പോര്‍ട്‌സ് ഡ്രാമ ബള്‍ട്ടി എന്നിവയാണ് ഇത്തവണത്തെ പ്രധാന ഓണം റിലീസുകള്‍. മത്സരം കൊഴുപ്പിക്കാന്‍ മുരുഗദോസ്-ശിവ കാര്‍ത്തികേയന്‍ ടീം ഒന്നിക്കുന്ന തമിഴ് ചിത്രം മദ്രാസിയും റിലീസിനുണ്ട്. ഓഗസ്റ്റ് അവസാനവാരവും സെപ്റ്റംബര്‍ ആദ്യവാരവും തിയേറ്ററിലേക്ക് എത്തുന്ന ഈ സിനിമകളില്‍ ആര് ഇത്തവണത്തെ ഓണം വിന്നറാകുമെന്നാണ് പ്രേക്ഷകര്‍ ആവേശത്തോടെ ഉറ്റുനോക്കുന്നത്.
എവര്‍ ഗ്രീന്‍ കോംബോ; 'ഹൃദയപൂര്‍വ്വം'
മലയാളം കണ്ട ഏറ്റവും മികച്ച ഹിറ്റ് കോമ്പോയാണ് മോഹന്‍ലാല്‍ -സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട്. നാടോടിക്കാറ്റ്, ടി.പി. ബാലഗോപാലന്‍ എം.എ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, പട്ടണപ്രവേശം, വരവേല്‍പ്പ്, രസതന്ത്രം തുടങ്ങി മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഹൃദയപൂര്‍വം'. ഇരുവരും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് എന്ന പ്രത്യേക ഈ സിനിമയ്ക്കുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അനൂപ് സത്യന്‍, അഖില്‍ സത്യന്‍ എന്നിവരും ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. മാളവിക മോഹന്‍ നായികയാകുന്ന ചിത്രത്തില്‍ സംഗീത, സംഗീത് പ്രതാപ്, സിദ്ദിഖ്, ലാലു അലക്‌സ് തുടങ്ങി മികച്ച താരനിരയുമുണ്ട്. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തും. ഇരുവരും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. സോനു ടി.പി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിന്‍ പ്രഭാകരനാണ്. സത്യന്‍ അന്തിക്കാട് സ്റ്റൈലില്‍ മോഹന്‍ലാലിനെ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
സൂപ്പര്‍ വുമണായി കല്യാണി; ലോക: ചാപ്റ്റർ 1 ചന്ദ്ര
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയരായ കല്യാണി പ്രിയദര്‍ശനും നസ്ലീന്‍ ഗഫൂറും ഒന്നിക്കുന്ന ചിത്രമാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൊമിനിക് അരുണ്‍ ആണ്. കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോയായി എത്തുന്ന ചിത്രത്തില്‍ നസ്ലിനാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന 'ലോക' എന്ന് പേരുള്ള ഒരുസൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. നാല് ഭാഗങ്ങളായാണ് 'ലോക' എത്തുന്നത്. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് തുടര്‍ഭാഗങ്ങളില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുക എന്നാണ് സൂചന. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും ആദ്യഭാഗത്തില്‍ നിര്‍ണായക വേഷങ്ങളിലെത്തും. ഓണം റിലീസായി ഓഗസ്ത് 29 ന് ചിത്രം തിയേറ്ററുകളിലെത്തും.
ചിരിപ്പിക്കാന്‍ ഫഹദ്; ഓടും കുതിര ചാടും കുതിര
ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് ചെയ്യുന്ന ചിത്രമാണിത്. ഫഹദ് ഫാസില്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, രേവതി എന്നിവരാണ് നായികമാര്‍. തല്ലുമാല അടക്കം ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ആഷിക് ഉസ്മാന്‍ പ്രൊഡക്ഷനാണ് നിര്‍മ്മാതാക്കള്‍. ലാല്‍,സുരേഷ് കൃഷ്ണ , വിനയ് ഫോര്‍ട്ട് തുടങ്ങിയ വലിയ താര നിര ചിത്രത്തിലുണ്ട്. ഒരു ഫാമിലി കോമഡിഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ആവേശത്തിന് ശേഷം ഫഹദ് നായകനായി റിലീസിനെത്തുന്ന മലയാളം സിനിമ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഓഗസ്റ്റ് 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിനിമാറ്റോഗ്രാഫി: ജിന്റോ ജോര്‍ജ് , സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍:അഭിനവ് സുന്ദര്‍ നായക്.
ആക്ഷനുമായി ഷെയ്ന്‍; ബള്‍ട്ടി
ഷെയ്ന്‍ നിഗം നായകനാകുന്ന 25-ാം ചിത്രം എന്ന ടാഗ്‌ലൈനോടെയാണ് ബള്‍ട്ടി ഓണം റിലീസിനെത്തുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗം ആണ് സംവിധാനം. സ്പോര്‍ട്സ് ആക്ഷന്‍ ഴോണറിലെത്തുന്ന ചിത്രത്തില്‍ ഉദയന്‍ എന്ന കബഡി താരമായാണ് ഷെയ്ന്‍ എത്തുന്നത്. സംഗീതത്തിനും ആക്ഷനും ചിത്രം ഏറെ പ്രാധാന്യം നൽകുന്നു. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ബള്‍ട്ടി'യുടെ നിര്‍മ്മാണം. 'കച്ചി സേര', 'ആസ കൂട', 'സിത്തിര പൂത്തിരി' എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സെന്‍സേഷനായി മാറിയ സായ് അഭ്യങ്കറാണ് ബള്‍ട്ടിയുടെ സംഗീത സംവിധാനം. ബള്‍ട്ടിയും ഓഗസ്റ്റ് അവസാന വാരം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷയോടെ;മേനേ പ്യാര്‍ കിയ
ഹൃദു ഹാറൂണ്‍, തെന്നിന്ത്യന്‍ താരം പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഫൈസല്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'മേനേ പ്യാര്‍ കിയ' എന്ന ചിത്രവും ഓണം റിലീസായെത്തും. റൊമാന്റിക് കോമഡി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്.
ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സിലി, ബിബിന്‍ പെരുമ്പിള്ളി തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ഫൈസല്‍, ബില്‍കെഫ്‌സല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഡോണ്‍പോള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഇലക്ട്രോണിക് കിളിയാണ്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 29ന് റിലീസ് ചെയ്യും.
മുരുകദോസും, ശിവകാര്‍ത്തികേയനും; മദ്രാസി
ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ മലയാളിതാരം ബിജു മേനോനും പ്രധാനവേഷം ചെയ്യുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അമരന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ശിവകാര്‍ത്തികേയന്റെ അടുത്ത റിലീസായി എത്തുന്ന ചിത്രത്തെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തിരുവോണദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mohanlal, Fahadh Faasil, Kalyani Priyadarshan star in a clash of Onam releases. Hridayapurvam, Loka, and more hit theaters.