ജെമിനി ഗണേശന്റെ ജീവിതത്തില്‍ വേറെയും സ്ത്രീകള്‍ വന്നതോടെ സാവിത്രി മദ്യത്തിന് അടിമപ്പെടുകയായിരുന്നു

1950-കളിലും 60-കളിലും തെലുഗു, തമിഴ് സിനിമ നെഞ്ചിലേറ്റിയൊരു ഐതിഹാസികതാരമുണ്ട്, നിസ്സംഗര സാവിത്രി. ആണ്‍മേല്‍ക്കോയ്മ വരിഞ്ഞുമുറുക്കിയ സിനിമാസാമ്രാജ്യത്തിലേക്കാണ് സാവിത്രി കടന്നുവന്നത്. നായകന്മാരെ മാത്രം മനസ്സില്‍ കണ്ട് സ്ക്രിപ്റ്റുകള്‍ തയ്യാറാക്കിയിരുന്ന കാലം. ചെറിയ റോളുകളിലും നൃത്തരംഗങ്ങളിലും മാത്രം വന്നുപോയ അവര്‍, അധികം വൈകാതെ ഉയരങ്ങളിലേക്ക് എത്തിത്തുടങ്ങി. സാവിത്രിക്കുവേണ്ടി തിരക്കഥകള്‍ തയ്യാറാക്കുന്നതുവരെയെത്തി കാര്യങ്ങൾ. തിരക്കില്‍നിന്ന് തിരക്കിലേക്ക് ഓടിനടന്നു അവര്‍. എന്‍.ടി.ആറും നാഗേശ്വര റാവുവും ശിവാജി ഗണേശനും സാവിത്രിക്കുവേണ്ടി പലപ്പോഴും കാത്തുനിന്നു. അവരുടെ ഡേറ്റിനനുസരിച്ച് ഷൂട്ടിങ് മാറ്റിവെക്കേണ്ടിയും കാന്‍സല്‍ ചെയ്യേണ്ടിയും വന്നു. അന്ന് പുരുഷതാരങ്ങള്‍ക്കൊപ്പം തന്നെ പ്രതിഫലം ലഭിച്ചിരുന്നു അവര്‍ക്ക്. അഭിനേത്രി, പിന്നണിഗായിക, നര്‍ത്തകി, സംവിധായിക, നിര്‍മാതാവ്...റോളുകള്‍ പലതായിരുന്നു സാവിത്രിക്ക്. തെലുഗുവില്‍ മഹാനടിയെന്നും തമിഴില്‍ നടികര്‍ തിലകമെന്നും ആരാധകര്‍ അവരെ സ്നേഹത്തോടെ വിളിച്ചു. കത്തിനിന്ന നല്ലകാലത്തിനപ്പുറം അവൾക്ക് വിഷാദത്തിന്റേതായിരുന്നു. എല്ലാവരില്‍നിന്നും എല്ലാത്തില്നിന്നുമകന്ന് നിരാശയില്‍ മുങ്ങിപ്പോയി പിന്നീട് സാവിത്രിയുടെ ജീവിതം.
ആന്ധ്രയിലെ ഗുണ്ടൂരിലാണ് സാവിത്രി ജനിച്ചത്. അവർക്ക് ആറുമാസം പ്രായമുള്ളപ്പോൾ അച്ഛന് മരിച്ചു. പിന്നീട് സാവിത്രിയും ചേച്ചിയും അമ്മയും അമ്മാവന്റെ സംരക്ഷണയിലായിരുന്നു. കുറച്ചൊന്ന് വലുതായപ്പോള്‍ നൃത്തം ചെയ്തും നാടകങ്ങളില്‍ അഭിനയിച്ചും ആ പെണ്‍കുട്ടി തന്റെ കഴിവ് തെളിയിച്ചു. മരുമകളെ സിനിമയില്‍ അഭിനയിപ്പിക്കണമെന്നായിരുന്നു അമ്മാവന്റെ ആഗ്രഹം. അങ്ങനെ പല വാതിലുകള്‍ മുട്ടി. തീരെ ചെറിയ റോളുകള്‍ കിട്ടിയെങ്കിലും, അതൊന്നും സാവിത്രിയെ അടയാളപ്പെടുത്താന്‍ പോരുന്നതായിരുന്നില്ല. ഡയലോഗ് പറയാനറിയില്ലെന്നും അഭിനയിക്കുമ്പോള്‍ ഭാവം വരുന്നില്ലെന്നുമൊക്കെ പലരും ആ പെണ്‍കുട്ടിയെ ആക്ഷേപിച്ചു.
അങ്ങനെയിരിക്കെയാണ് അക്കാലത്തെ കാസ്റ്റിങ് ഡയറക്ടറായ ജെമിനി ഗണേശനെ സാവിത്രി കണ്ടുമുട്ടുന്നത്. അന്ന് ജെമിനിയും വലിയ താരമായിരുന്നില്ല. പിന്നീട് കുറേ സിനിമകളില്‍ അവരൊരുമിച്ചു. രണ്ടുപേരും സൂപ്പര്‍താരങ്ങളായി മാറി. സാവിത്രി ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമായി മാറുകയും ചെയ്തു. സ്വത്തും സ്വര്‍ണവും വാങ്ങിക്കൂട്ടിയ സാവിത്രിക്ക് പക്ഷേ, പണം ചെലവഴിക്കുന്നതില്‍ ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല. സഹായിക്കേണ്ടവരെ കൈയയച്ച് സഹായിക്കുകയും ചെയ്തു. വീട്ടില്‍ വരുന്നവര്‍ക്കെല്ലാം സ്വര്‍ണവും പണവും എടുത്തുകൊടുക്കുന്ന സ്വഭാവമായിരുന്നു അവരുടേത്. പ്രശസ്തിയിലും സമ്പത്തിലും മുങ്ങിയ ജീവിതം.
1952-ല്‍ സാവിത്രിയും ജെമിനിയും ജീവിതത്തിലും ഒന്നുചേര്‍ന്നു. അതോടെ സാവിത്രി കുടുംബത്തില്‍നിന്ന് അകന്നു. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ ജെമിനിയെ വിവാഹം കഴിച്ചത് സാവിത്രിയുടെ വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതുമാത്രമല്ല അക്കാലത്തെ അഭിനേത്രിയായ പുഷ്പവല്ലിയുമായി പ്രണയത്തിലുമായിരുന്നു ജെമിനി. ഇതൊക്കെ അറിഞ്ഞിട്ടും അവരുടെ ബന്ധം മുന്നോട്ട് തന്നെ പോയി. സാവിത്രിയുടെ ഒരു ഒപ്പിലൂടെ മാത്രമാണ് അവരുടെ വിവാഹം പോലും മറ്റുള്ളവരറിഞ്ഞത്. ഒരു ഫോട്ടോയില്‍ അവരൊപ്പിട്ടത് സാവിത്രി ഗണേശനെന്നാണ്. അക്കാലത്തെ ഏറ്റവും വലിയ വാര്‍ത്തയായിരുന്നു സാവിത്രിയും ജെമിനിയും വിവാഹം കഴിച്ചുവെന്നത്.
മരണത്തിലേക്ക്...
പതിനെട്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. അതിനുശേഷം കുടുംബത്തിലേക്ക് ഒതുങ്ങിക്കൂടാനായിരുന്നു സാവിത്രിക്ക് താത്പര്യം. പക്ഷേ ജെമിനി ഗണേശന്റെ പ്രോത്സാഹനത്തില്‍ അവര്‍ വീണ്ടും അഭിനയിച്ചു. വിവാഹശേഷവും അവരെത്തേടി അവസരങ്ങളേറെ വന്നു. സാവിത്രിയുടെ പ്രശസ്തി വര്‍ധിക്കുന്നതില്‍ പതുക്കെപ്പതുക്കെ ജെമിനി അസ്വസ്ഥനാവാന്‍ തുടങ്ങി. അധികം വൈകാതെ അവരുടെ ബന്ധത്തില്‍ വിള്ളലുകള്‍ വന്നു. ജെമിനി ഗണേശന്റെ ജീവിതത്തില്‍ വേറെയും സ്ത്രീകള്‍ വന്നുചേര്‍ന്നത് സാവിത്രിയെ കൂടുതല്‍ വിഷമിപ്പിച്ചു. സങ്കടങ്ങളെല്ലാം മറക്കാന്‍ അവര്‍ കണ്ടെത്തിയ വഴി മദ്യമായിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും മദ്യത്തിന് അടിമപ്പെട്ടുകൊണ്ടേയിരുന്നു. സിനിമയിലും ജീവിതത്തിലുമെല്ലാം തിരിച്ചടികളുടെ കാലമായിരുന്നുവത്. നികുതിയടച്ചില്ലെന്ന് പറഞ്ഞ് അവരുടെ സ്വത്തുക്കളെല്ലാം ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. പലതും ലേലത്തില്‍ പോയി.
മദ്യാസക്തിയിൽ സെറ്റിലെത്താന്‍ പോലും പലപ്പോഴും മറന്നു, അവരുടെ സൗന്ദര്യവും ആരോഗ്യവും തകര്‍ന്നു. തലേന്ന് കുടിച്ച മദ്യത്തിന്റെ മന്ദതയില്‍, ലൊക്കേഷനില്‍ വെള്ളം യാചിച്ചുനടന്ന സാവിത്രിയെ പല സഹപ്രവര്‍ത്തകരും പിന്നീട് ഓര്‍ത്തെടുത്തു. അതോടെ അവസരങ്ങള്‍ തീരെ കുറഞ്ഞു. അതിനിടെ ചിലരുടെ ഉപദേശം കേട്ട് സിനിമകള്‍ നിര്‍മിച്ചെങ്കിലും, അതെല്ലാം ബോക്സോഫീസില്‍ പരാജയപ്പെടുകയും ചെയ്തു.
വിഷാദവും മദ്യവും മാത്രം കൂട്ടിനുണ്ടായിരുന്ന നാളുകള്‍. അവര്‍ സഹായിച്ചവരെല്ലാം ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നുപോയി. അസുഖങ്ങള്‍ അവരെ വിട്ടുമാറാതായി. ബി.പി.യും പ്രമേഹവും വല്ലാതെ വലച്ചുതുടങ്ങി. പെട്ടെന്നൊരു നാള് കോമയിലേക്ക് വീണു. എല്ലാ യാതനകള്‍ക്കും വേദനകള്‍ക്കുമൊടുവില്‍ 1981 ഡിസംബര്‍ 26-ന് അവര്‍ ലോകത്തോട് വിടപറഞ്ഞു. താരമായി ഉദിച്ചുയര്‍ന്ന് ഒടുവില്‍ ഒന്നുമല്ലാതെ മണ്ണിലേക്കുള്ള മടക്കം...
Content Highlights: old actress savitri's birth anniversary