'സെറ്റിൽവെച്ച് സംവിധായകൻ ചീത്തവിളിച്ചു, തിരിച്ചൊന്നും പറഞ്ഞില്ല, കാരണമിതാണ്...'

നീന ഗുപ്ത
നീന ഗുപ്ത

നല്ല കഥാപാത്രങ്ങൾക്കൊപ്പം തന്നെ ശക്തമായ നിലപാടുകൾ കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന താരമാണ് നീന ഗുപ്ത. ആ നിലപാടുകളും അവരുടെ സ്വകാര്യജീവിതവും പലപ്പോഴും വിവാദങ്ങളിലായിട്ടുമുണ്ട്.

ചില കഥാപാത്രങ്ങൾ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ഒരഭിമുഖത്തിൽ നീന ഗുപ്ത. അതിനെക്കുറിച്ച് പിന്നീട് പശ്ചാത്താപമുണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു.

''ഞാൻ അങ്ങനെയുള്ള ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഷൂട്ടിങ് പൂർത്തിയാക്കി വീട്ടിലെത്തിയശേഷം, ഒരിക്കലും ആ സിനിമകൾ റിലീസാവരുതെന്ന് പ്രാർഥിക്കുകയും ചെയ്തു. ശക്തി കപൂറിന്റെ ഗുണ്ടാ സംഘങ്ങളിലൊരാളായി ഞാനൊരു ചിത്രത്തിൽ അഭിനയിച്ചു. അതായിരുന്നു സിനിമയിലെ എന്റെ റോൾ'', തന്നെ ഏറ്റവും വിഷമിപ്പിച്ചതും ആ സിനിമയുടെ ചിത്രീകരണം തന്നെയെന്ന് അവർ പറയുന്നു.

''നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല, ആ സെറ്റിൽ ഞാൻ അത്രയേറെ അപമാനിക്കപ്പെട്ടിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതെ എന്നെ സംവിധായകൻ ചീത്തവിളിച്ചു. അത്രയും മോശമായ വാക്കുകൾ ഉപയോഗിച്ചു. പക്ഷേ തിരിച്ചൊന്നും പറയാൻ പറ്റിയില്ല. കാരണം ആ സിനിമയിൽ നിന്ന് എന്നെ പുറത്താക്കരുതല്ലോ. കാരണം അത്രയേറെ പണത്തിന് ആവശ്യമുള്ള സമയമായിരുന്നു. എനിക്ക് മറ്റൊരു ചോയ്‌സ് ഉണ്ടായിരുന്നെങ്കിൽ, അതും കേട്ട് ഞാൻ നിൽക്കില്ലായിരുന്നു''.

പണമില്ലാത്തതിനാൽ കിട്ടുന്ന സിനിമകളിലെല്ലാം അഭിനയിച്ചിരുന്നുവെന്ന് നീന മുമ്പും പറഞ്ഞിട്ടുണ്ട്. കാരണം ഒരു സിംഗിൾ പാരന്റ് ആയിരുന്നു അവർ ആ സമയത്ത്. മകളെ ഒറ്റയ്ക്ക് വളർത്തണം, അവളുടെ കാര്യങ്ങൾക്കുള്ള പണം വേണം...അത് അവരെ എത്തിച്ചത് കടുത്ത സാമ്പത്തികപ്രശ്‌നങ്ങളിലേക്കാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Neena Gupta reveals a distressing experience on a film set where she was verbally abused by the director. Find out why she couldn`t retaliate.