ഫഹദ് എന്നെയും ഞാന്‍ ഫഹദിനേയും മാറ്റാൻ നോക്കിയിട്ടില്ല- നസ്രിയ മനസ്സ് തുറക്കുന്നു

വീട്ടിലെ കുറുമ്പത്തിക്കുട്ടിയോട് തോന്നുന്ന അതേ ഇഷ്ടമാണ് മലയാളികള്‍ക്ക് നസ്രിയ നസീമിനോട്. 'ഓം ശാന്തി ഓശാന'യിലെ പൂജയെയും 'ബാംഗ്ലൂര്‍ ഡേയ്സി'ലെ കുഞ്ചുവിനെയും 'കൂടെ'യിലെ ജെന്നിയെയും മലയാളികള്‍ ഇഷ്ടത്തോടെ സ്വീകരിച്ചു. പുതിയവിശേഷങ്ങള്‍ നസ്രിയ നസീം പങ്കുവെക്കുന്നു.
അഭിനയത്തില്‍ തുടര്‍ച്ചയായി ഇടവേളകള്‍ സൃഷ്ടിക്കാന്‍ കാരണം?
ഇടവേള തീരുമാനിച്ചെടുത്തതല്ല. ഇടയ്ക്കിടയ്ക്ക് കഥകള്‍ കേള്‍ക്കാറുണ്ട്. ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയും. ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താല്‍ മാത്രമാണ് ഇടവേളകള്‍ വേണ്ടി വന്നത്. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാത്ത, അല്ലെങ്കില്‍ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കെ പറയാറില്ല. അങ്ങനെയാണ് ഇടവേളകളുണ്ടാകുന്നത്.
ഈയിടെ ആഹാ സുന്ദരി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചല്ലോ..? അന്യഭാഷയിലെ അഭിനയരീതികളെ കുറിച്ച്?
തെലുങ്ക് വലിയ ഇന്‍ഡ്രസ്ട്രി അല്ലേ. അതിന്റേതായ മാറ്റങ്ങളും സൗകര്യങ്ങളുമുണ്ട്. പ്രത്യേകിച്ച് പ്രവര്‍ത്തനസമയത്തിന്റെ കാര്യത്തില്‍. മലയാളത്തിനെ അപേക്ഷിച്ച് തെലുങ്കില്‍ ഒരു ദിവസം നടക്കുന്ന ഷൂട്ടിങ് സമയം വളരെ കുറവാണ്. അതുപോലെ ഞായറാഴ്ച അവധിയുമാണ്.
ബാലതാരം, ആങ്കര്‍, ഗായിക, നിര്‍മാതാവ്... സംവിധായികയുടെ റോളില്‍ എന്നാണ് കാണാനാവുക?
ബാലതാരം, ഗായിക, നിര്‍മാതാവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍... എല്ലാ റോളും നന്നായി ആസ്വദിച്ചു. ഇപ്പോള്‍ എഡിറ്റിങ്ങും പഠിക്കുന്നുണ്ട്. എന്ത് റോള്‍ ചെയ്താലും അത് സിനിമയില്‍ തന്നെയാകണമെന്ന നിര്‍ബന്ധമുണ്ട്. സിനിമയ്ക്ക് പുറത്തുള്ള റോള്‍ ആലോചിക്കുന്നില്ല. പിന്നെ സംവിധായികയുടെ റോളിനെ പറ്റിയാണെങ്കില്‍ ഉണ്ടാവുമായിരിക്കും എന്നാണ് മറുപടി. എന്നാല്‍, അത് ഈയടുത്ത കാലത്തൊന്നും സംഭവിക്കില്ല.
നിര്‍മാതാവ് എന്ന നിലയില്‍ ഏത് തരത്തിലുളള സിനിമകള്‍ നിര്‍മിക്കാനാണ് ആഗ്രഹം?
റിയലിസ്റ്റിക് വേണം, അല്ലെങ്കില്‍ ത്രില്ലര്‍ വേണം എന്നിങ്ങനെയുള്ള നിര്‍ബന്ധങ്ങളൊന്നുമില്ല. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന, വ്യത്യസ്തതയുള്ള ചിത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം.
മലയാള സിനിമയില്‍ വലിയ വിലാസമുള്ള കുടുംബത്തിലെ അംഗമാണിപ്പോള്‍?
അങ്ങനെ ഒരുഭാഗ്യം കിട്ടിയതില്‍ ഒരുപാട് ബ്ലെസ്ഡ് ആണ്. നടിയായതുകൊണ്ട് മാത്രമല്ല. ആ കുടുംബത്തിലെ മകളായതുകൊണ്ടും ഒരുപാട് അനുഗ്രഹീതയാണ്. കുടുംബത്തിലെ എല്ലാവരും ഞങ്ങളെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യും. തിരക്ക് കാരണം ചില കുടുംബ പരിപാടികളിലൊന്നും പങ്കെടുക്കാനാവാറില്ല. എന്നാല്‍, അവരത് മനസ്സിലാക്കും. എന്റെ വീട്ടുകാരേക്കാള്‍ എന്നെ ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
വിവാഹശേഷം ജീവിതത്തിലുണ്ടായ മാറ്റം?
ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ചത്. ഞാന്‍ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാന്‍ നോക്കിയിട്ടില്ല. മുമ്പ് എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് വിവാഹശേഷവും. ഞാന്‍ വന്നതുകൊണ്ട് ഫഹദ് ലൗഡര്‍ പേഴ്സണോ, ഫഹദ് വന്നതുകൊണ്ട് ഞാന്‍ സൈലന്റ് പേഴ്സണോ ആയിട്ടില്ല. രണ്ടുപേരും പരസ്പരം ബഹുമാനത്തോടെയാണ് മുന്നേറുന്നത്.
ഫഹദിന്റെ കഥാപാത്രങ്ങളെ വിമര്‍ശിക്കാറുണ്ടോ?
മൂഡ് ശരിയല്ലെങ്കില്‍ തമാശയ്ക്കൊക്കെ വിമര്‍ശിക്കും എന്നല്ലാതെ സീരിയസായിട്ട് വിമര്‍ശിച്ചിട്ടില്ല. അങ്ങനെ ഒരുപാട് വിമര്‍ശിക്കാനും കുറ്റം പറയാനൊന്നും അദ്ദേഹം അവസരം തന്നിട്ടില്ലല്ലോ. രണ്ടു പേരും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. കല്യാണത്തിനുമുമ്പും രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുള്ള നായികാനായകന്‍മാരാണ്.
അടുത്ത സിനിമയ്ക്കും വലിയ ഇടവേളയുണ്ടാകുമോ?
ഒരു സിനിമയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എന്തിനാണ് ഇത്രയും സമയം എന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍, വിജയം നേടാത്ത സിനിമയായാല്‍ പോലും എനിക്ക് വിശ്വാസം തോന്നിയവയില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. അത് അങ്ങനെത്തന്നെ തുടരും.
Content Highlights: Nazriya Nazim interview