സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

സുഷിന്‍ ശ്യാമും വധു ഉത്തരയും
സുഷിന്‍ ശ്യാമും വധു ഉത്തരയും

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്റെ വധു. ഏറെക്കാലമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസില്‍, ഭാര്യ നസ്രിയ, നടന്‍ ജയറാമും കുടുംബവും, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, സംഗീത സംവിധായകന്‍ ദീപക് ദേവ്, നടി അപര്‍ണാ ബാലമുരളി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ജീവിത പങ്കാളിയായ ഉത്തരയെ മുമ്പേ തന്നെ സുഷിന്‍ എല്ലാവര്‍ക്കും മുന്നില്‍ പരിചയപ്പെടുത്തിയിരുന്നു. ജയറാമിന്റെ മകളായ മാളവികയുടെ വിവാഹവേളയിലായിരുന്നു അത്. 

സംഗീത സംവിധായകന്‍ ദീപക് ദേവിന്റെ ശിഷ്യനായി സിനിമയിലേക്കെത്തിയ സുഷിന്‍ ഇന്ന് മലയാളത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള സംഗീത സംവിധായകനാണ്. 2014-ല്‍ 'സപ്തമശ്രീ തസ്‌കര:' എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം ചെയ്ത് സ്വതന്ത്രസംഗീത സംവിധായകനായ സുഷിന്‍, പിന്നീട് തൊട്ടതെല്ലാം ഹിറ്റാക്കി. വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, ഭീഷ്മപര്‍വ്വം, മഞ്ഞുമ്മല്‍ ബോയ്‌സ്, കണ്ണൂര്‍ സ്‌ക്വാഡ്, മിന്നല്‍ മുരളി, രോമാഞ്ചം, ആവേശം, വൈറസ്, അഞ്ചാം പാതിര, കിസ്മത്ത്, എസ്ര തുടങ്ങി തുടര്‍ച്ചയായ ഹിറ്റുകള്‍ സൃഷ്ടിച്ചു. ഇപ്പോള്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'ബോഗയ്ന്‍ വില്ല'യുടെ സംഗീതവും സുഷിനാണ്.

Content Highlights: music director sushin shyam married