'കരഞ്ഞു പറഞ്ഞിട്ടും ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതയായി' - മോഹിനി

മോഹിനി | MBI Library
മോഹിനി | MBI Library

90-കളില്‍ ദക്ഷിണേന്ത്യൻ സിനിമ അടക്കിവാണ താര സുന്ദരിമാരിൽ പ്രധാനിയായിരുന്നു മോഹിനി. പൂച്ചക്കണ്ണുകളുള്ള മോഹിനിയുടെ സൗന്ദര്യത്തിനും അഭിനയമികവിനും ആരാധകർ ഒരുപാടുണ്ടായിരുന്നു. വിവിധ ഇൻഡസ്ട്രികളിലെ വലിയ താരങ്ങൾക്കൊപ്പം വെള്ളിത്തിരയെ അലങ്കരിച്ച മോഹിനി, ഗ്രാമീണ, നഗര പശ്ചാത്തലങ്ങളിലുള്ള കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ചു ഫലിപ്പിച്ചു. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് 14 വർഷത്തോളമായിട്ടും ഇന്നും മോഹിനി ആളുകളുടെ മനസ്സിലുണ്ട്.

ഇപ്പോഴിതാ തന്നെ നിർബന്ധിച്ച് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിപ്പിച്ചതിനെപ്പറ്റി തുറന്നുപറയുകയാണ് മോഹിനി. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് 1994-ൽ മോഹിനി 'കണ്മണി' എന്ന തമിഴ് റൊമാന്റിക് ചിത്രത്തിൽ അഭിനയിച്ചത്. ആർകെ ശെൽവമണിയായിരുന്നു സംവിധായകൻ. നടൻ പ്രശാന്തിന്റെ നായികയായി മോഹിനി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, സിനിമ അറിയപ്പെട്ടത് അതിലെ ഗ്ലാമറസ് രംഗങ്ങളുടെ പേരിലായിരുന്നു, പ്രത്യേകിച്ചും ‘ഉടൽ തഴുക’ എന്ന ഗാനത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ. പുരുഷ കാഴ്ചപ്പാടുകളെ തൃപ്തിപ്പെടുത്തുന്നതും മോഹിനിയെ ഒരു വസ്തുവായി മാത്രം അവതരിപ്പിക്കുന്നതുമാണ് രംഗങ്ങളെന്ന് വിമർശനമുണ്ടായിരുന്നു.

നിർബന്ധത്തിന് വഴങ്ങിയാണ് ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചതെന്ന് മോഹിനി പറയുന്നു. തൻ്റെ അസ്വസ്ഥതയെക്കുറിച്ച് നിർമ്മാതാക്കളെ ആവർത്തിച്ച് അറിയിച്ചിട്ടും കാര്യമുണ്ടായില്ല. സംവിധായകൻ ആർകെ ശെൽവമണിയാണ് സ്വിമ്മിങ് സ്യൂട്ട് രംഗം പ്ലാൻ ചെയ്തത്. അത് വളരെ അസ്വസ്ഥതയുണ്ടാക്കി, ഞാൻ കരഞ്ഞുകൊണ്ട് അത് ചെയ്യാൻ വിസമ്മതിച്ചു, ഇതോടെ ഷൂട്ടിങ് അര ദിവസത്തേക്ക് നിർത്തിവെച്ചു. നീന്താൻ പോലും അറിയില്ലെന്ന് ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു. പുരുഷ പരിശീലകർക്ക് മുന്നിൽ പാതി വസ്ത്രം ധരിച്ച് എങ്ങനെ പഠിക്കാനാണ്? അക്കാലത്ത് വനിതാ പരിശീലകർ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കത് ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലുമായില്ല. സിനിമയുടെ മൊത്തത്തിലുള്ള നിർമ്മാണത്തെ ബാധിക്കുമെന്നതിനാൽ ഒടുവിൽ വഴങ്ങേണ്ടി വരികയായിരുന്നുവെന്നും മോഹിനി പറഞ്ഞു.

“ഞാൻ അരദിവസം അഭിനയിച്ച് അവർ ആവശ്യപ്പെട്ടത് നൽകി. പിന്നീട് ഇതേ രംഗം ഊട്ടിയിൽ വെച്ച് ചിത്രീകരിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ വിസമ്മതിച്ചു. ഷൂട്ടിങ് തുടരില്ലെന്ന് അവർ പറഞ്ഞു, 'അത് നിങ്ങളുടെ പ്രശ്നമാണ്, എൻ്റേതല്ല. നേരത്തെയും ഇതേ രീതിയിലാണ് നിങ്ങൾ എന്നെക്കൊണ്ട് നിർബന്ധിച്ച് അത് ചെയ്യിച്ചത്' എന്ന് മറുപടി പറഞ്ഞു. എൻ്റെ സമ്മതമില്ലാതെ ഞാൻ അതിരുവിട്ട് ഗ്ലാമറസായ ഒരേയൊരു സിനിമ 'കണ്മണി' ആയിരുന്നു. ചിലപ്പോൾ ഒരാളുടെ ഇഷ്ടത്തിന് വിരുദ്ധമായി കാര്യങ്ങൾ സംഭവിക്കും, ഇത് അത്തരത്തിലൊന്നായിരുന്നു-” അവർ പറഞ്ഞു. അതേസമയം, ആ വേഷത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്നും മോഹിനി പറയുന്നു.

രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ, ശിവാജി ഗണേശൻ, നന്ദമുരി ബാലകൃഷ്ണ, ചിരഞ്ജീവി, മോഹൻലാൽ, മമ്മൂട്ടി, ശിവരാജ്കുമാർ, വിജയകാന്ത്, വിഷ്ണുവർദ്ധൻ, വിക്രം, ശരത്കുമാർ, മോഹൻ ബാബു, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖ താരങ്ങളോടൊപ്പം മോഹിനി അഭിനയിച്ചിട്ടുണ്ട്. ഹിറ്റ്ലർ, നാടോടി, ഇന്നത്തെ ചിന്താവിഷയം, സൈന്യം, വേഷം, ഒരു മറവത്തൂർ കനവ് തുടങ്ങിയവ പ്രധാനചിത്രങ്ങളാണ്. അക്ഷയ് കുമാറിൻ്റെ നായികയായി 'ഡാൻസർ' എന്ന ഹിന്ദി ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Mohini reveals she was pressured into filming intimate scenes in Kanmani (1994) despite her discomfort and refusal.