ഇനി അവരുടെ വരവാണ്, ഛോട്ടാ മുംബൈയുടെ മിന്നും വിജയം; റി റിലീസിനൊരുങ്ങി കൂടുതല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍..

പുത്തന്‍ റിലീസുകളേക്കാള്‍ കലക്ഷനും ഹൗസുഫുള്‍ ഷോകളും തീര്‍ത്തും തലയും പിള്ളേരും റീ എന്‍ട്രിയിലും കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞാടുമ്പോള്‍ മോഹന്‍ലാല്‍ ആരാധകരും തിയേറ്റര്‍ ഉടമകളും അതീവ സന്തോഷത്തിലാണ്. റി റിലീസായെത്തിയ ഛോട്ടാ മുംബൈ, എമ്പുരാന്‍, തുടരും എന്നീ മോഹന്‍ലാല്‍ സിനിമകള്‍ മിന്നും വിജയം ആവര്‍ത്തിച്ചിരിക്കുകയാണ്. വലിയ സ്വീകരണമാണ് ഛോട്ടാ മുംബൈയ്ക്ക് തിയേറ്ററുകളില്‍ ലഭിക്കുന്നത്. പുതിയ ജനറേഷനിലെ കുട്ടികള്‍ അത്യന്തം ആവേശത്തോടെയാണ് ഛോട്ടാ മുംബൈ കാണാന്‍ തിയേറ്ററിലേക്ക് ഒഴുകിയത്. സ്ഫടികം, മണിചിത്രത്താഴ്, ദേവദൂതന്‍ എന്നീ മോഹന്‍ലാലിന്റെ റിറിലീസ് ചിത്രങ്ങള്‍ക്കെല്ലാം സമാനമായി സ്വീകരണം തിയേറ്ററില്‍ ലഭിച്ചിരുന്നു. ഛോട്ടാ മുംബൈ വിജയത്തോടെ ഇനിയും മോഹന്‍ലാല്‍ ചിത്രങ്ങളുടെ റി റീലിസിന് സാധ്യതയുണ്ടെന്ന് സിനിമ ലോകം മനസ്സിലാക്കി കഴിഞ്ഞു. രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ അധികം വൈകാതെ തന്നെ റി റിലീസായി തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. വടക്കുംനാഥന്‍, ഉദയനാണ് താരം എന്നീ സിനിമകള്‍ ആണ് മോഹന്‍ലാലിന്റേതായി ഇനി റീ റിലീസിനൊരുങ്ങുന്നത്. ഇതില്‍ ഉദയനാണ് താരം ആദ്യം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4k ഡോള്‍ബി അറ്റ്‌മോസിലാണ് ഇരു സിനിമകളും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. വടക്കുംനാഥന്റെ റിലീസ് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

[object Object]

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ അതിമനോഹരമായി പറഞ്ഞ ഉദയനാണ് താരം ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം റിലീസ് കാലത്ത് പകരം വയ്ക്കാനില്ലാത്ത പ്രേക്ഷകപ്രീതി നേടിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായാണ് ഉദയനാണ് താരത്തെ കരുതുന്നത്. ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടുകളും ഇന്നും ജനപ്രിയമാണ്.

ഗിരീഷ് പുത്തഞ്ചേരിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചിത്രമാണ് വടക്കുംനാഥന്‍. വ്യത്യസ്തമായ കഥാവഴിയിലൂടെ അവതരിപ്പിച്ച ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് മോഹന്‍ലാലിന്റെ അത്ഭുതപ്പെടുത്ത പ്രകടനവും മികച്ച ഗാനങ്ങളുമാണ്. രവീന്ദ്രന്‍ ഈണം നല്‍കിയ സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഇന്നും ഹിറ്റുകളാണ്. പത്മപ്രിയ, കാവ്യ മാധവന്‍, ബിജു മേനോന്‍, മുരളി തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍. വടക്കുംനാഥനും വൈകാതെ തിയേറ്ററുകളിലേക്ക് എത്തും.

അതേ സമയം ഛോട്ടാ മുംബൈയ്ക്ക് റി റിലീസിന് കിട്ടിയ വന്‍ സ്വീകാര്യത തിയേറ്ററുകാരെയും ആവേശത്തിലാക്കിയിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ രാജമാണിക്യം റി റിലീസ് ചെയ്താല്‍ സമാന രീതിയിലുള്ള പ്രതികരണം കിട്ടുമെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. മമ്മൂട്ടി ആരാധകരും സമാന ആവശ്യമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ രാജമാണിക്യത്തിന്റെ നിര്‍മാതാക്കള്‍ റി റിലീസിനെ കുറിച്ച് ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല.

Content Highlights: Mohanlal films Chota Mumbai, spadikam and devadhoothan are re-released to massive success. Udyaanaanu Thaaram and Vadakkunnathan are next!