'ആരാടാ മേശ വലിച്ചത്?'; സോഷ്യൽമീഡിയയിൽ ചർച്ചയായി മമ്മൂട്ടിയുടെ ആ നോട്ടം

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ് (Patriot). മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഈ ആക്ഷൻ സ്‌പൈ ത്രില്ലർ അനൗൺസ് ചെയ്തപ്പോൾ മുതൽ ചർച്ചകളിലുണ്ട്. നേരത്തെ ഏപ്രിൽ 23-ന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. പിന്നീടത് മെയ് 1-ലേക്ക് മാറ്റി. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ, കുഞ്ചാക്കോ ബോബൻ, രേവതി, നയൻതാര, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ തുടങ്ങിയവരും പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
ഈയിടെയാണ് ചിത്രത്തിലെ രണ്ടുപാട്ടുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സുഷിൻ ശ്യാമാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. 'കാട്ട് തൊട്ടപ്പോൾ' എന്ന പാട്ടാണ് ആദ്യം റിലീസ് ചെയ്തത്. രണ്ടാമത് 'മനുഷ്യൻ' എന്ന പാട്ടും. ആ പാട്ട് പാടിയിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. എന്നാൽ, അതിൽ ഒരു സർപ്രൈസ് കൂടി ഒരുക്കിയിരുന്നു.
മമ്മൂട്ടിയുടെ ശബ്ദത്തിലെ നറേഷൻ. മമ്മൂട്ടിയുടെ ശബ്ദത്തിന്റെ അകമ്പടിയിലൊരുക്കിയ ഗാനം സോഷ്യൽമീഡിയയിലും മറ്റും കത്തിക്കയറി. യൂട്യൂബിൽ പാട്ടിനുതാഴെ കമന്റുകൾ നിറഞ്ഞു. 'പടം ഇറങ്ങി കഴിഞ്ഞാൽ കത്തിക്കയറാനുള്ള ഐറ്റം, മമ്മൂക്കയുടെ സൗണ്ട് ഗംഭീരം, സീക്രട്ടിന്റെ തമ്പുരാൻ ആണ് മമ്മൂട്ടി, മമ്മൂക്കയുടെ ഡീപ് വോയ്‌സ് സ്‌കോർഡ്...'.
'ചുവരുകളെ മറന്നുപോയൊരു മുറിയിൽനിന്നാണ് അയാൾ സംസാരിക്കുന്നത്...' എന്ന് തുടങ്ങുന്ന വരികളാണ് മമ്മൂട്ടി പറയുന്നത്. മമ്മൂട്ടിയുടെ മനോഹരമായ വോയ്‌സ് മോഡുലേഷൻ തന്നെയാണ് ആ പാട്ടിന് കൂടുതൽ ആസ്വാദ്യത പകരുന്നതും.
അതിനുപിന്നാലെ പാട്ടിന്റെ ബി.ടി.എസും സുഷിൻ ശ്യാം പങ്കുവെച്ചിരുന്നു. ബി.ടി.എസ് വീഡിയോയിൽ ചർച്ചയാവുന്നത് മമ്മൂട്ടിയുടെ ഒരു നോട്ടമാണ്. പാട്ടിനായി ഡബ്ബ് ചെയ്യുമ്പോൾ, ആരോ മേശ വലിക്കുന്ന ശബ്ദം തടസ്സമായെത്തി. പിന്നാലെ മമ്മൂട്ടി ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നതും വീഡിയോയിൽ കാണാം. മമ്മൂട്ടിയുടെ നോട്ടം ഉടനെ തന്നെ ആരാധകർ ഏറ്റെടുത്തു.
13 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'പേട്രിയറ്റി'നുണ്ട്. ശ്രീലങ്ക, ഹൈദരാബാദ്, അസർബൈജാൻ, ഡൽഹി, കശ്മീർ, ഇംഗ്ലണ്ട്, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The Patriot film features music by Sushin Shyam, including the viral track 'Manushyan'. A BTS video of Mammootty's voice-over session has gone viral on social media.