കുറിതൊടീച്ചതിനെതിരെ വിമർശനം; മമ്മൂട്ടിയെ പിന്തുണച്ച് ഹരിശ്രീ യൂസഫ്

ദേശീയ പുരസ്‌കാര ചടങ്ങിൽ വെച്ച് അണിയിച്ച തിലകം സ്വീകരിച്ചതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകളിൽ നിന്ന് വിമർശനം നേരിടുകയാണ് മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി. എന്നാൽ, അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നവരെ അതിരൂക്ഷമായി വിമർശിച്ച് സിനിമാ പ്രവർത്തകനും നടനുമായ ഹരിശ്രീ യൂസഫ് രംഗത്തെത്തി. ഇത്തരക്കാരെ 'കൂപമണ്ഡൂകങ്ങൾ' എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം മമ്മൂട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാൻ ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ സ്വീകരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. പരമ്പരാഗതമായ ശൈലിയിൽ പൊന്നാടയണിയിച്ചും നെറ്റിയിൽ കുറിതൊട്ടുമാണ് സംഘാടകർ താരത്തെ സ്വീകരിച്ചത്. പുഞ്ചിരിയോടെ ഈ ആദരം ഏറ്റുവാങ്ങുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം.

എന്നാൽ ഈ വീഡിയോ പ്രചരിച്ചതോടെ, ഒരു മുസ്ലിം വിഭാഗത്തിൽപ്പെട്ടയാൾ കുറി തൊടാൻ സമ്മതിച്ചത് ശരിയായില്ലെന്ന് ആരോപിച്ച് ചിലർ സോഷ്യൽ മീഡിയയിൽ വർഗീയ അധിക്ഷേപങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

സൈബർ ഇടങ്ങളിലെ ഈ അനാവശ്യ വിമർശനങ്ങളെ ശക്തമായ ഭാഷയിലാണ് ഹരിശ്രീ യൂസഫ് എതിർത്തത്. ഇന്ത്യയിൽ ദൈവത്തെ ആരാധിക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ടെന്നും അതിനെയെല്ലാം ഒരുപോലെ കാണാൻ കഴിയണമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം ഓർമ്മിപ്പിച്ചു.

"കുരിശടയാളം വരച്ചാലും കുറി തൊട്ടാലും സാഷ്ടാങ്ക പ്രണാമം ചെയ്താലും അത് ഒരേ ദൈവത്തിലേക്കുള്ള പ്രാർത്ഥനയാണ്. അതിഥികളെ ആദരിക്കുന്ന പരമ്പരാഗതമായ ഒരു രീതി മാത്രമാണ് തിലകം ചാർത്തുക എന്നത്. മതത്തെ, മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ആയുധമാക്കാതെ നല്ല മനുഷ്യരാകാനുള്ള വഴിയായാണ് കാണേണ്ടത്," ഹരിശ്രീ യൂസഫ് പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

ഇത്തരം ഇടുങ്ങിയ ചിന്താഗതികൾ വച്ചുപുലർത്തുന്നവരാണ് സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, മമ്മൂട്ടി എന്ന വ്യക്തി വർഷങ്ങളായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും ചാരിറ്റികളെയും ഹരിശ്രീ യൂസഫ് ചൂണ്ടിക്കാണിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Mammootty faced social media criticism for accepting a traditional tilak during the National Awards ceremony., Filmmaker and actor Harisree Yousuf strongly supported Mammootty, calling the critics narrow-minded., Yousuf emphasized that respecting cultural traditions and welcoming guests should not be viewed through a communal lens., He highlighted Mammootty's extensive charitable works and contribution to society.