16 വര്‍ഷത്തിനുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച്; സംവിധാനം മഹേഷ് നാരായണന്‍

മമ്മൂട്ടി, മോഹന്‍ലാല്‍ / ഫോട്ടോ: വി.പി.പ്രവീണ്‍കുമാര്‍
മമ്മൂട്ടി, മോഹന്‍ലാല്‍ / ഫോട്ടോ: വി.പി.പ്രവീണ്‍കുമാര്‍

16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറില്‍ തുടങ്ങും. സിനിമ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. 2008-ല്‍ ജോഷി സംവിധാനം ചെയ്ത 'ട്വന്റി:20'-യിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. 

80 കോടി ചെലവില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടന്‍, ശ്രീലങ്ക, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും. 

വാര്‍ത്ത എന്ന സിനിമയില്‍നിന്നൊരു രംഗം

1982-ലാണ് ഇരുവരും ആദ്യമായി പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. നവോദയയുടെ 'പടയോട്ടം' എന്ന സിനിമയിലായിരുന്നുവത്. അതില്‍ മോഹന്‍ലാലിന്റെ അച്ഛനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. പിന്നാലെ ഐ.വി.ശശി സംവിധാനം ചെയ്ത അഹിംസ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതല്‍, അതിരാത്രം, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, കരിമ്പിന്‍ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലകാറ്റു പോലെ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, അടിമകള്‍ ഉടമകള്‍  തുടങ്ങി 51 സിനിമകളില്‍ ഇരുവരും ഒരുമിച്ചെത്തി. അതിലേറെയും സംവിധാനം ചെയ്തത് ഐ.വി.ശശിയാണ്. 

ഹരികൃഷ്ണന്‍സില്‍നിന്ന് / ഫോട്ടോ: ജമേഷ് കോട്ടക്കല്‍

1998-ല്‍ ഫാസില്‍ സംവിധാനം ചെയ്ത 'ഹരികൃഷ്ണന്‍സ്' എന്ന സിനിമ ഇരുവരുടേയും കൂട്ടുകെട്ടില്‍ വന്‍ വിജയം നേടി. രണ്ട് താരങ്ങളുടെയും ആരാധകര്‍ക്കുവേണ്ടി, രണ്ടുരീതിയില്‍ ഷൂട്ട് ചെയ്ത ക്ലൈമാക്‌സ് സീന്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. 2000-ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത 'നരസിംഹ'ത്തില്‍ നായകന്‍ മോഹന്‍ലാലാണ്. പക്ഷേ നായകന്റെ അച്ഛനെ രക്ഷിക്കാനെത്തുന്ന വക്കീലായി മമ്മൂട്ടി സിനിമയില്‍ കസറി. പൂവള്ളി ഇന്ദുചൂഡനെയും അഡ്വ. നന്ദഗോപാല്‍ മാരാരെയും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. 2013-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി'യില്‍ മോഹന്‍ലാല്‍ അതിഥിതാരമായെത്തിയിരുന്നു.  

മഹേഷ് നാരായണന്‍

എഡിറ്ററായി സിനിമയില്‍ പ്രവര്‍ത്തനം തുടങ്ങിയ മഹേഷ്, ടേക്കോഫ് എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കും കടന്നു. പിന്നീട് മാലിക്, അറിയിപ്പ്, മനോരഥങ്ങളിലെ ഷെര്‍ലോക്ക് എന്നിവയും മഹേഷ് സംവിധാനം ചെയ്തു. 

Content Highlights: mammootty and mohanlal to reunite after 16 years