മമിത ബൈജുവിനെ ഇരുണ്ടനിറക്കാരിയാക്കി; തമിഴിൽ എത്രയോ നടിമാരുണ്ടെന്ന് സോഷ്യൽമീഡിയ

മലയാളത്തിനൊപ്പം തമിഴിലും ഏറെ ആരാധകരുള്ള താരമാണ് മമിത ബൈജു. 'റിബൽ' എന്ന ചിത്രത്തിൽ ജി.വി.പ്രകാശ് കുമാറിന്റെ നായികയായിട്ടാണ് ആദ്യം അഭിനയിച്ചത്. അത് ബോക്‌സോഫീസിൽ പരാജയപ്പെട്ടു. അതുകഴിഞ്ഞ് 'ഡ്യൂഡ്' എന്ന സിനിമയിൽ പ്രദീപ് രംഗനാഥന്റെ നായികയായെത്തി. സിനിമ വിജയിക്കുകയും ചെയ്തു. വിജയ് ചിത്രമായ 'ജനനായകൻ', ധനുഷിന്റെ 'കാര', വിശ്വനാഥ് ആന്റ് സൺസ്, ഇരണ്ടു വാനം എന്നിവയാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന തമിഴ് ചിത്രങ്ങൾ.
'കാര'യുമായി (Kara) ബന്ധപ്പെട്ട് ഇപ്പോൾ വാർത്തകളിൽ നിറയുകയാണ് മമിത. വിഘ്‌നേഷ് രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കാര'യിൽ മമിതയെ ഇരുണ്ടനിറക്കാരിയാക്കാനായി മുഖത്ത് ബ്രൗൺനിറമിട്ടാണ് അഭിനയിപ്പിച്ചത്. ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ, നായികാവേഷം ചെയ്യാൻ ഒരു തമിഴ് പെൺകുട്ടിയെ തിരഞ്ഞെടുക്കാത്തതെന്തെന്ന ചോദ്യം വിഘ്‌നേഷിനോട് ചോദിച്ചു. തമിഴ് കഥാപാത്രത്തെ അവതരിപ്പിക്കാൻ, ഒരു മലയാളിയെ ഇങ്ങനെ ഇരുണ്ടനിറക്കാരിയാക്കേണ്ടിവന്നതിനെക്കുറിച്ചുള്ള ചോദ്യവും ഉന്നയിക്കപ്പെട്ടു. ഒരു അഭിനേതാവിനെ തിരഞ്ഞെടുക്കുന്നത് അവരുടെ പ്രകടനത്തെ അനുസരിച്ചാണെന്ന് അദ്ദേഹം മറുപടി നൽകി.
''വ്യക്തിപരമായി പറഞ്ഞാൽ, എന്നെ സംബന്ധിച്ചിടത്തോളം ഉള്ളടക്കമാണ് പ്രധാനം. എന്റെ കഥാപാത്രത്തോട് നീതി പുലർത്തുന്ന ഒരു അഭിനേതാവിനെ മാത്രമേ ഞാൻ സിനിമയിലുൾപ്പെടുത്തൂ എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ കഥാപാത്രത്തിനായി, ഞങ്ങൾ ഏകദേശം 20-25 പെൺകുട്ടികളെ ഓഡിഷൻ ചെയ്തു. എന്നാൽ ഓഡിഷനിൽ മമിത ചെയ്തതിന് അടുത്തെത്താൻ പോലും ആർക്കും കഴിഞ്ഞില്ല'' അദ്ദേഹം പറഞ്ഞു. ഈ തീരുമാനം പൂർണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
എന്നാൽ വിഘ്‌നേഷിന്റെ ഈ അഭിപ്രായത്തിനെതിരെ രൂക്ഷവിമർശനങ്ങളുമായി സോഷ്യൽമീഡിയ രംഗത്തെത്തി. 'ഇപ്പോഴും മെറിറ്റ് വാദം പറയുന്നത് അപമാനകരമാണ്, ഇരുണ്ട ചർമമുള്ള, കഴിവുള്ള എത്രയോ സ്ത്രീകൾ തമിഴിലുണ്ട്, ഇരുണ്ടനിറത്തിലുള്ള ഒരു നായികയെ അവതരിപ്പിക്കുന്നതിന് പകരം ചർമത്തിന്റെ നിറംമാറ്റി അവതരിപ്പിച്ചത് അപമാനകരം, മെറിറ്റ് എന്ന പേരിൽ അവർ വംശീയതയെ ന്യായീകരിക്കുന്നു...' കമന്റുകളും ചർച്ചകളും നീളുന്നു. സുരാജ് വെഞ്ഞാറമൂട്, ജയറാം തുടങ്ങിയവരും 'കാര'യിൽ അഭിനയിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Director Vignesh Raja cast Mamitha Baiju in 'Kara' citing performance merit over 25 other auditions. Social media users criticize the use of dark makeup on a fair-skinned actress to portray a dark-skinned character