സ്ത്രീകളെ അപമാനിക്കുന്ന പാട്ടാണെന്ന് ഗൗരിയമ്മ; വിശദീകരിച്ചിട്ടും നിലപാട് മാറ്റിയില്ല

'രവിവര്‍മ്മചിത്രത്തിന്‍ രതിഭാവമേ...' എന്ന ഒറ്റപ്പാട്ടുകൊണ്ട് ആസ്വാദനത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ സൃഷ്ടിച്ച പാട്ടെഴുത്തുകാരന്‍, ആര്‍.കെ. ദാമോദരന്‍. ഹൃദയത്തിലെ ചില്ലലമാരയ്ക്കകത്ത് നമ്മള്‍ പൊടിപിടിക്കാതെ സൂക്ഷിച്ചുവെച്ചിരിക്കുന്ന അനേകം പാട്ടുകളിലൊന്ന്. അദ്ദേഹത്തിന്റെ പാട്ടിലും ജീവിതത്തിലും രസതന്ത്രത്തിന്റെ രഹസ്യം നിറഞ്ഞിരിക്കുന്നു. വീട്ടുകാരുടെ നിര്‍ബന്ധംമൂലമാണ് ആര്‍.കെ. ദാമോദരന്‍ ബി.എസ്.സി. കെമിസ്ട്രിക്ക് ചേര്‍ന്നത്. തേവര എസ്.എച്ച്. കോളേജില്‍ ആദ്യത്തെ രണ്ടുവര്‍ഷം അത്യാവശ്യം തരക്കേടില്ലാതെ മുന്നോട്ടുപോയി. മൂന്നാംവര്‍ഷമായപ്പോഴേക്കും സ്ഥിതി മാറി. ഓര്‍ഗാനിക് കെമിസ്ട്രിയുടെ ആഴങ്ങളൊന്നും മനസ്സിലാകാതെ വിഷമിച്ചു. ഒരുദിവസം ക്ലാസിലിരുന്നെഴുതിയ കവിത സാര്‍ കൈയോടെപൊക്കി. അഞ്ച് ലാബ് ക്ലാസുകളില്‍ നിന്നുള്ള വിലക്കായിരുന്നു ശിക്ഷ. വഴങ്ങാത്ത വിഷയം ക്ലാസില്‍ പോകാതെ എങ്ങനെ പഠിക്കും. ഈ ധര്‍മസങ്കടം വീട്ടില്‍ അറിയിക്കാനുമാവില്ല. മഹാരാജാസ് കോളേജില്‍ ചെന്ന് എം. ലീലാവതി ടീച്ചറെ കണ്ട് സങ്കടംപറഞ്ഞു. ആര്‍.കെ.യുടെ എഴുത്തില്‍ ഇഷ്ടംതോന്നിയ ടീച്ചര്‍ സഹായിക്കാമെന്നേറ്റു. ആദ്യ രണ്ടുവര്‍ഷം എല്ലാ വിഷയങ്ങളും ജയിച്ചതിനാല്‍ മൂന്നാംവര്‍ഷം മെയിന്‍ മാറാന്‍ പറ്റുമോയെന്നായി അന്വേഷണം. യൂണിവേഴ്സിറ്റിയില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി മൂന്നാംവര്‍ഷം ബി.എ. മലയാളത്തിന് മഹാരാജാസില്‍ ചേര്‍ന്നു. എം. കൃഷ്ണന്‍നായര്‍, എം.കെ. സാനു, എം. ലീലാവതി, എം. തോമസ് മാത്യു, എം. അച്യുതന്‍, സി.ആര്‍. ഓമനക്കുട്ടന്‍ തുടങ്ങിയവരാണ് അന്ന് ഡിപ്പാര്‍ട്ട്മെന്റിലുള്ളത്. എഴുത്തിന് വളക്കൂറുള്ള മണ്ണ ് ആര്‍.കെയ്ക്ക് തുണയായി.
കൊച്ചിന്‍ ഹനീഫയുടെ കത്ത്
''അച്ഛന് ഇന്ത്യന്‍ റെയര്‍ എര്‍ത്തില്‍(ഐ.ആര്‍.ഇ.) ആയിരുന്നു ജോലി. കൊച്ചിന്‍ ഹനീഫയുടെ പിതാവുമായി ബന്ധമുണ്ട്. ആ പരിചയമാണ് സിനിമയിലേക്ക് വഴിതുറന്നത്. ഞാന്‍ എഴുതുമെന്ന് ഹനീഫയ്ക്കറിയാം. 1977-ലെ ഒരുദിവസം ഹനീഫയുടെ കത്ത് വന്നു. സിനിമയില്‍ പാട്ടെഴുതാന്‍ ഒരു സാധ്യതയുണ്ട്. ഉടന്‍ മദ്രാസിലെത്തണം. സിനിമ 'രാജു റഹീം'. ഭരണിക്കാവ് ശിവകുമാറാണ് പാട്ടെഴുത്ത്. പക്ഷേ, യേശുദാസ് പാടുന്ന ഒരു പാട്ടെഴുതാന്‍ എനിക്ക് ചാന്‍സ് കിട്ടിയേക്കും. വലിയ പ്രതീക്ഷയൊന്നുമില്ലാതെ പോന്നോളൂവെന്നാണ് കത്തിലുള്ളത്. ഉടന്‍ വെച്ചുപിടിച്ചു. കോടമ്പാക്കം ഉമ ലോഡ്ജില്‍വെച്ച് കഥാസന്ദര്‍ഭം കേട്ടു. രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ... എന്ന് തുടങ്ങുന്ന വരികള്‍ എഴുതി ഹനീഫയെ കാണിച്ചു. അദ്ദേഹത്തിന് ഇഷ്ടമായി.
പക്ഷേ, പിറ്റേന്ന് എം.കെ. അര്‍ജുനന്‍മാഷിനെ കാണാന്‍ ചെല്ലുമ്പോള്‍ അഞ്ചാറ് പാട്ടെങ്കിലും കൈയില്‍ വേണമെന്ന് ഹനീഫ പറഞ്ഞു. അതില്‍ നിന്ന് ഒരെണ്ണം ഹനീഫ തിരഞ്ഞെടുക്കും അതായിരുന്നു പ്ലാന്‍. തമിഴ് പശ്ചാത്തലമുള്ള സിനിമക്കാര്‍ അന്ന് മലയാളം പാട്ട് സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഹനീഫ പറയുന്നതാണ് കേള്‍ക്കുക. അര്‍ജുനന്‍മാഷിനും പാട്ട് ഇഷ്ടപ്പെട്ടു. 1978 നവംബര്‍ മൂന്ന്. എ.വി.എം. തിയേറ്ററിലാണ് റെക്കോഡിങ്. ആദ്യം നായകന്‍ പ്രേംനസീര്‍ വന്നു. പിന്നാലെ യേശുദാസും. അങ്കലാപ്പായി. അവസാന വരിയായ 'കൗമാര സങ്കല്‍പ്പ നിര്‍വൃതിയും' എന്നതിലെ 'നിര്‍വൃതി' പാടാന്‍ ഒരു സുഖമില്ലെന്നും മറ്റൊരു വാക്ക് കണ്ടെത്തണമെന്നും യേശുദാസ് നിര്‍ദേശിച്ചു. പരിഭ്രമം കാരണം ഒരു വാക്കും മനസ്സില്‍ വന്നില്ല. അര്‍ജുനന്‍മാഷിന് കാര്യം മനസ്സിലായി. അദ്ദേഹം നിര്‍ബന്ധിച്ചപ്പോള്‍ യേശുദാസ് ആ വാക്കുതന്നെ പാടി.''
രവിവര്‍മ്മചിത്രത്തിന്റെ പാട്ടുകാരന്‍
''നായിക കുളിക്കുമ്പോള്‍ പുറത്തുനില്‍ക്കുന്ന നായകന്‍ സ്വപ്‌നംകാണുന്നതാണ് സന്ദര്‍ഭം.
സര്‍പ്പസൗന്ദര്യമേ നിന്നിലെന്‍ പൗരുഷം സംഗമപ്പൂവിടര്‍ത്തും
തിരണ്ടുനില്‍ക്കുന്നൊരു താരുണ്യമേ നിന്റെ തിരുവുടല്‍ ഭംഗി ഞാന്‍ ആസ്വദിക്കും'
എന്നൊക്കെ എഴുതി. വിമര്‍ശിച്ചവരുണ്ട്. സിനിമാപാട്ടില്‍ കവിയുടെ വ്യക്തിത്വം വരുന്നില്ലെന്നും കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശമാണ് നടക്കുന്നതെന്നും ഞാന്‍ പറഞ്ഞു. പ്രണയവും കാമവുമൊക്കെ തുറന്നെഴുതിയ ആളാണ് വയലാര്‍. മലയാളത്തിലെ ഏറ്റവും മികച്ച പാട്ടെഴുത്തുകാരന്‍ ആരെന്ന് ചോദിച്ചാല്‍ വയലാറല്ലാതെ മറ്റൊരാളില്ല. ഒരു പടികൂടി കടന്നുള്ള വര്‍ണനകളാകാം എന്ന ഒരു ചെറുപ്പക്കാരന്റെ ചിന്തയാണ് 'രവിവര്‍മ'യിലെ വരികള്‍ക്ക് പിന്നില്‍.'' പാട്ട് വലിയ ഹിറ്റായതിന്റെ സന്തോഷമുണ്ടെങ്കിലും പതിറ്റാണ്ടുകള്‍ക്കുശേഷവും രവിവര്‍മ്മ ചിത്രം എന്ന ആ പാട്ടില്‍ തളച്ചിടപ്പെട്ടെന്ന ദുഃഖമുണ്ടെന്നും അദ്ദേഹം പറയുന്നു.
ദേവരാജന്‍ മാസ്റ്ററുടെ വാക്കുകള്‍
ഒരിക്കല്‍ ദേവരാജന്‍മാഷിനൊപ്പം ട്രെയിനില്‍ നാട്ടിലേക്ക് വരാന്‍ ആര്‍.കെ.യ്ക്ക് അവസരം ലഭിച്ചു. 'പാവാട വേണം, മേലാട വേണം' എന്ന പാട്ടിലെ വരികള്‍ക്ക് സാഹിത്യഭംഗിയുണ്ടോയെന്ന് ആര്‍.കെ. ചോദിച്ചു. നല്ല വരികളാണെന്ന് മാഷിന്റെ മറുപടി. പാവപ്പെട്ട ഒരു തയ്യല്‍ക്കാരന്റെ പെങ്ങളുടെ വിവാഹസന്ദര്‍ഭത്തില്‍ പാടുന്ന പാട്ടിന് കാളിദാസസാഹിത്യം വേണോയെന്ന് അദ്ദേഹം ആര്‍.കെ.യോട് ചോദിച്ചു. സന്ദര്‍ഭമാണ് പ്രധാനമെന്ന് മാഷ് പറഞ്ഞത് ആര്‍.കെ.യ്ക്ക് ഒരു തിരിച്ചറിവായിരുന്നു. ഒരു ഇമേജറി പിടിച്ചാല്‍ പാട്ട് മുഴുവന്‍ അതിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് വയലാറിന്റെ രീതിയെന്നും ദേവരാജന്‍ മാഷ് അന്ന് പറഞ്ഞു.
സിനിമാഗാനങ്ങള്‍ എഴുതുമ്പോള്‍ വലിയ പരിമിതിയുണ്ടെന്നാണ് ആര്‍.കെ.യുടെ അഭിപ്രായം. ചില പദങ്ങള്‍ എല്ലാ സംവിധായകരും നിര്‍മാതാക്കളും അംഗീകരിക്കണമെന്നില്ല''സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം...'' എന്ന ഗാനം ഒട്ടേറെ ആരാധകരെ നേടിത്തന്നു. എന്നാല്‍, അതിന്റെ നിര്‍മാതാവായിരുന്ന സാഗാ അപ്പച്ചന് എന്തുകൊണ്ടോ 'ഗ്രീഷ്മം' എന്ന വാക്കിനോട് യോജിപ്പുണ്ടായിരുന്നില്ല. പകരം മറ്റൊരു വാക്ക് കണ്ടെത്താന്‍ നിര്‍ദേശിച്ചു. സംഗീതസംവിധായകന്‍ ജോണ്‍സന്റെ നിര്‍ദേശമനുസരിച്ച് യേശുദാസിനോട് കാര്യം അവതരിപ്പിച്ചു. പകരം 'വേനല്‍' എന്ന വാക്കുപയോഗിച്ചാല്‍ വരികളുടെ ഭംഗി പോകുമെന്ന് അദ്ദേഹത്തിനും മനസ്സിലായി. യേശുദാസ് പറഞ്ഞതോടെ അപ്പച്ചന്‍ വഴങ്ങി. ഒരുപക്ഷേ, ആ പാട്ടിലെ ഏറ്റവും ഭംഗിയുള്ള ഭാഗം യേശുദാസ് ഗ്രീഷ്മം എന്നുച്ചരിക്കുന്നതാണ.് എന്റെ ഇഷ്ടത്തിനനുസരിച്ച് എഴുതിയ പാട്ടാണ് താളം തെറ്റിയ താരാട്ട്...
യേശുദാസിന്റെ ഘനഗാംഭീര്യശബ്ദത്തിലുള്ള ഗാനം. സിനിമയുടെ സംവിധായകന്‍ എ.ബി. രാജാണെങ്കിലും സംവിധായകന്‍ ജോഷിയുടെ മദ്രാസിലെ ഫ്‌ളാറ്റില്‍വെച്ചാണ് കമ്പോസിങ് നടന്നത്. സിനിമയുടെ രചയിതാവായ കൊച്ചിന്‍ ഹനീഫയുടെ നിര്‍ദേശപ്രകാരമാണ് പ്രിയസ്വപ്‌ന മഞ്ജരി ചൂടി എന്നില്‍ എന്ന പാട്ടിന്റെ തുടക്കത്തില്‍ 'സിന്ധൂ' എന്ന് ചേര്‍ത്തത്. ജോഷിയുടെ പ്രതിശ്രുതവധുവിന്റെ പേരായിരുന്നു സിന്ധു. പാട്ടില്‍ ഈ പേര് വന്നതോടെ നായികയുടെ പേരും സിന്ധു എന്നാക്കി.''
ഗൗരിയമ്മയുടെ ശകാരം
കേരളത്തിന്റെ വിപ്ലവനായിക കെ.ആര്‍. ഗൗരിയമ്മയുടെ ശകാരവും കേട്ടിട്ടുണ്ടെന്ന് ആര്‍.കെ. പറയുന്നു. ''ഒരു ജൂവലറി പരസ്യത്തിനുവേണ്ടി എഴുതിയ പാട്ടാണതിന് കാരണം. പെണ്ണായാല്‍ പൊന്നുവേണം എന്ന് തുടങ്ങുന്ന ജിംഗിള്‍ 23 വര്‍ഷം ആവര്‍ത്തിച്ചുപയോഗിച്ചിരുന്നു. പക്ഷേ, ഈ പാട്ടിനെതിരേ ഗൗരിയമ്മ രംഗത്തുവന്നു. സ്ത്രീകളെ അപമാനിക്കുന്ന പാട്ടാണിതെന്നായിരുന്നു നിലപാട്. സ്വര്‍ണക്കടയുടെ പരസ്യത്തിനുവേണ്ടി തയ്യാറാക്കിയതാണെന്നും സാഹചര്യമനുസരിച്ചുള്ള വരികളാണെന്നും സ്ത്രീപക്ഷത്തുള്ള പാട്ടുകള്‍ എഴുതിയിട്ടുണ്ടെന്നുമെല്ലാം വിശദീകരിച്ചിട്ടും ഗൗരിയമ്മ നിലപാട് മാറ്റിയില്ല. 118 സിനിമാഗാനങ്ങളേ ഞാന്‍ എഴുതിയിട്ടുള്ളൂ. വയലാര്‍-പി. ഭാസ്‌കരന്‍-ഒ.എന്‍.വി. ത്രയവും ശ്രീകുമാരന്‍തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ ഒട്ടേറെ എഴുത്തുകാരും നിറഞ്ഞ പാട്ടെഴുത്തുമേഖലയിലേക്ക് പൂര്‍ണമായി ഇറങ്ങാന്‍ ഭയമായിരുന്നു. അക്കാലത്ത് പാട്ടിന്റെ സിറ്റിങ് പത്തുദിവസത്തോളം വരും. മദ്രാസിലെത്തണം. 'മാതൃഭൂമി'യിലായിരുന്നു ജോലി. അതുപേക്ഷിക്കാന്‍ മനസ്സുവന്നില്ല.''
''പാലക്കാട് മഞ്ഞപ്രയാണ് സ്വദേശം. പാട്ടും കൊട്ടും നിറഞ്ഞ നാട്. അച്ഛന്‍ രാമന്‍കുട്ടിനായരെ മഞ്ഞപ്ര കുട്ടന്‍ എന്നാണ് വിളിച്ചിരുന്നത്്. പല്ലാവൂര്‍ അപ്പുമാരാരെപ്പോലുള്ള പ്രഗത്ഭരാണ് അന്ന് നാട്ടിലെ വേലകള്‍ക്ക് കൊട്ടാന്‍ വന്നിരുന്നത്. അച്ഛനും താളവാദ്യങ്ങളുടെ ആരാധക നായിരുന്നു. ക്രമേണ എന്നിലും ഈ അഭിരുചി വളര്‍ന്നു. ആ താളബോധമാണ് പില്‍ക്കാലത്ത് പാട്ടിനെ സഹായിച്ചത്. മുത്തച്ഛന്റെ ഹൈക്കോടതിയിലെ ജോലിയുമായി ബന്ധപ്പെട്ടാണ് എറണാകുളത്തേക്ക് പറിച്ചുനടപ്പെട്ടത്. വൈക്കം മുഹമ്മദ് ബഷീറിന് കലൂര്‍ മണപ്പാട്ടിപ്പറമ്പിലുണ്ടായിരുന്ന വീടാണ് മുത്തച്ഛന്‍ വാങ്ങിയത്. അച്ഛനും എറണാകുളത്ത് ജോലിയായതോടെ ഞാന്‍ എറണാകുളത്തുകാരനായി. ഭാര്യ രാജലക്ഷ്മിക്കൊപ്പം കലൂര്‍ കത്തൃക്കടവില്‍ 'ഉല്‍പ്രേക്ഷ'യിലാണ് താമസം. ഏക മകള്‍ അനഘ ബഹ്റൈനിലാണ്.
Content Highlights: malayalam lyricist rk damodaran interview with songs and life