'മേക്കപ്പ് ഇടാറില്ലേ മോളേ' എന്ന് ചോദിച്ചത് വേറെ രീതിയിലെടുത്തു, കുലസ്ത്രീ പരിഹാസം പ്രശ്‌നമല്ല-ആനി

ആനി |  ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍
ആനി | ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, നക്ഷത്രക്കണ്ണുകളും ആരെയും മയക്കുന്ന ചിരിയുമായി ഒരു 'ആണ്‍കുട്ടി' മലയാള സിനിമയിലേക്ക് ചുവടുവെച്ചു. ആനി എന്ന 'ആണ്‍കുട്ടി'. മുണ്ടും മടക്കിക്കുത്തി ആനി നടന്നുകയറിയത് മലയാളിപ്രേക്ഷകരുടെ ഹൃദയത്തിലെ വ്യത്യസ്തമായ നായികാസങ്കല്പത്തിലേക്കു കൂടിയാണ്. പിന്നെയുള്ള മൂന്നു വര്‍ഷങ്ങള്‍ ആനിയുടേതായിരുന്നു.16 സിനിമകള്‍, ഇന്നും മലയാളി നെഞ്ചോട് ചേര്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍, ഹിറ്റ് നായികയെന്ന പേര്...  സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയരംഗത്തു നിന്ന് അകന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം ആനി തിരിച്ചെത്തി, മിനി സ്‌ക്രീനിലേക്ക്. ആനീസ് കിച്ചണ്‍ കൈയടി നേടി. വിമര്‍ശനങ്ങളും പരിഹാസങ്ങളും പിന്നാലെയെത്തി. വ്യക്തിജീവിത്തിലെ തിരഞ്ഞെടുപ്പുകളെ വരെ പലരും ചോദ്യം ചെയ്തു. ഇതൊന്നും ആ നക്ഷത്രക്കണ്ണുകളിലെ ചിരി കെടുത്തിയില്ല. ഗൃഹലക്ഷ്മിക്കുവേണ്ടി അല്പനേരം മാറ്റിവയ്ക്കുമ്പോഴും ആത്മവിശ്വാസത്തിന്റെ ആ  ചിരി ഒട്ടും മങ്ങാതെ ആനിയുടെ മുഖത്തു തെളിഞ്ഞു.  

നടി, അവതാരക, സംരംഭക ഏത് പ്രൊഫഷനോടാണ് ഏറെയിഷ്ടം?
ഏറ്റവും ആസ്വദിക്കുന്നത് വീട്ടമ്മ എന്ന ജോലിയാണ്. എനിക്കേറ്റവും ഇഷ്ടം മിസിസ്. ഷാജി കൈലാസായി അറിയപ്പെടാനാണ്, എന്റെ പിള്ളേരുടെ അമ്മയായി അറിയപ്പെടാനാണ്. പിന്നെ കുക്കിങ് ഇഷ്ടമായതുകൊണ്ടാണ് റസ്റ്ററന്റ് തുടങ്ങാന്‍ തീരുമാനിച്ചത്. മൂത്തമകന്‍ ജഗന്‍ ബി.ബി.എ. പൂര്‍ത്തിയാക്കി എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന ആഗ്രഹം പങ്കുവെച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യത്തിലാകും അവനെ പിന്തുണയ്ക്കാനാകുക എന്നൊരു തോന്നല്‍ എനിക്കുണ്ടായി. എനിക്ക് നന്നായി ചെയ്യാനറിയാവുന്ന കാര്യം അതാണല്ലോ. 'ആനീസ് കിച്ചണ്‍' കാണുന്ന ഒരുപാടുപേര്‍ അതിലെ ഭക്ഷണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയും. അതും ആത്മവിശ്വാസം നല്‍കി. അങ്ങനെയാണ് 'റിങ്‌സ് ബൈ ആനീ' തുടങ്ങിയത്. പിന്നെ അത് മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റിയില്ല. ഇപ്പോഴത് മറ്റൊരാള്‍ക്ക് റെന്റിന് കൈമാറി.  

എന്താണ് പാചകത്തോട് ഇത്രയും താല്പര്യം?
എന്റെ കുഞ്ഞുന്നാളില്‍ അമ്മച്ചി മരിച്ചു. അതുവരെ ഞാനൊരു അമ്മക്കുട്ടിയായിരുന്നു. മൂന്ന് ചേച്ചിമാരും അപ്പയും അപ്പയുടെ അപ്പനും അമ്മയും അനിയന്മാരും ഉള്‍പ്പെടുന്ന കൂട്ടുകുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. അന്നും എനിക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ഇഷ്ടമാണ്. വിവാഹം കഴിഞ്ഞപ്പോള്‍ എന്റെ പാചകപാഠങ്ങളെല്ലാം ഏട്ടന്റെ അമ്മ വഴിയായി. സ്വാദുള്ള ഭക്ഷണം ഉണ്ടാക്കണമെന്ന അമ്മയുടെ മോഹമാണ് എന്റെ പാചകത്തിന്റെ അടിത്തറ. 

എന്റെ അമ്മച്ചിയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയെന്താണെന്ന് അറിയാനുള്ള ആഗ്രഹം ഉള്ളിലങ്ങനെ കിടന്നിരുന്നു. ആ സ്വാദൊന്നും ഓര്‍മയില്ല. അത് ഭയങ്കര നഷ്ടബോധമായി. മിസിസ് കെ.എം. മാത്യുവുമായി അമ്മച്ചിക്ക് സൗഹൃദമുണ്ടായിരുന്നു. അവരുടെ രണ്ടുപേരുടെയും രുചിക്കൂട്ടുകള്‍ ഏതാണ്ട് ഒരുപോലെയായിരിക്കുമെന്ന് തോന്നി. അങ്ങനെ അമ്മയുടെ സ്വാദുതേടിയുള്ള ആ യാത്രയിലാണ് ഈ പാചകമെല്ലാം പഠിച്ചത്. ഏട്ടന്‍ എവിടെപ്പോയിവന്നാലും പാചക പുസ്തകങ്ങള്‍ കൊണ്ടുവരും. കോണ്ടിനെന്റല്‍ വിഭവങ്ങളൊക്കെ പഠിച്ചത് ആ പുസ്തകങ്ങളില്‍ നിന്നാണ്. 

ഷാജി കൈലാസ് അമ്മ ജാനകിയമ്മയ്‌ക്കൊപ്പം (ഫയൽചിത്രം)

ഷാജികൈലാസിന്റെ അമ്മയുമായി വലിയൊരു ആത്മബന്ധം ഉണ്ടായിരുന്നല്ലോ?
ആ അമ്മ എന്റെ അമ്മതന്നെയാണ്. എന്നെ പ്രസവിച്ചിട്ടില്ല എന്നേയുള്ളൂ. അവസാനനിമിഷം വരെ അമ്മയെ നോക്കാന്‍ എനിക്ക് കഴിഞ്ഞു. സ്വന്തം അമ്മയുടെ സ്‌നേഹം കിട്ടാതിരുന്നിടത്ത് കിട്ടിയതാണ് ആ അമ്മയെ. ഞങ്ങള്‍ ഭയങ്കര കൂട്ടുകാരായിരുന്നു. എനിക്ക് എന്നും ചിത്രയുണ്ടാകും എന്ന വിശ്വാസം അമ്മ മനസ്സില്‍ സൂക്ഷിച്ചു. അമ്മ മരിച്ചപ്പോള്‍ എന്റെ അമ്മച്ചി മരിച്ചപ്പോഴുണ്ടായ അതേ ശൂന്യതയാണ് തോന്നിയത്. 

പ്രണയകാലത്തിന്റെ ഓര്‍മകള്‍?
 പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നു. പക്ഷേ, അത് തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോഴും ആ പ്രണയം ഒരു തരിപോലും കുറഞ്ഞിട്ടില്ല. Still I love him. അതിനുംമുകളില്‍ ഒന്നുമില്ല എനിക്ക്. ഞാനും ഏട്ടനും 'രുദ്രാക്ഷ'ത്തിന്റെ സെറ്റില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. എന്റെ രണ്ടാമത്തെ സിനിമ. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം ഭയങ്കര സ്ട്രിക്ടാണ്. കളിതമാശകളൊന്നും പറയുന്നതു കണ്ടിട്ടില്ല. അതിനിടയില്‍ എപ്പോഴാണ് പ്രണയം തോന്നിയതെന്ന് അറിയില്ല. ഒരുപക്ഷേ, ഞങ്ങള്‍ സോള്‍മേറ്റ്‌സ് ആയിരുന്നിരിക്കാം.

സിനിമാസെറ്റുകളിലെ അനുഭവങ്ങള്‍?
അന്നത്തെ ബന്ധങ്ങള്‍ കുറച്ചുകൂടി ദൃഢമാണെന്ന് തോന്നിയിട്ടുണ്ട്. ലളിതച്ചേച്ചി (കെ.പി.എ.സി.ലളിത) എപ്പോഴും വിളിക്കുമായിരുന്നു. സുകുമാരിയമ്മയും ശരിക്കും എന്റെ അമ്മയായിരുന്നു. അവര്‍ ഏട്ടന്റെ കസിന്‍കൂടിയായിരുന്നു. എന്റെ മൂന്നു മക്കളേയും സുകുമാരിയമ്മ സ്വന്തം പേരക്കുട്ടികളെപ്പോലെ സ്‌നേഹിച്ചു. സെറ്റുകളിലായാലും ജീവിതത്തിലായാലും ഞാന്‍ ഭയങ്കര ബഹളക്കാരിയാണ്. എല്ലാവരോടും ഓടിനടന്ന് വര്‍ത്തമാനം പറയും.   

'മഴയെത്തും മുൻപേ' എന്ന സിനിമയിൽ

ചെയ്ത കഥാപാത്രങ്ങള്‍പോലെ ബോള്‍ഡാണോ ജീവിതത്തിലും?
ഏട്ടന്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് നൂറുശതമാനം ആത്മവിശ്വാസം ഉണ്ടാകും. ഏട്ടനാണ് എന്റെ ധൈര്യം. ആ ലോകത്തില്‍ മതിമറന്ന് ജീവിക്കുന്നയാളാണ് ഞാന്‍. കുലസ്ത്രീ എന്നൊക്കെ പരിഹസിക്കുന്നവര്‍ പരിഹസിച്ചോട്ടെ. അതൊന്നും എനിക്ക് പ്രശ്‌നമേയല്ല. 

 ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് 'മഴയെത്തുംമുന്‍പേയിലെ' ശ്രുതിയാണല്ലോ? 
ആ ശ്രുതി ഞാന്‍ തന്നെയാണ്. അതുകൊണ്ടാണ് ആ കഥാപാത്രത്തോട് എനിക്കത്രയും നീതിപുലര്‍ത്താന്‍ കഴിഞ്ഞത്. നീ അഭിനയിക്കേണ്ട, ജീവിച്ചാല്‍ മതിയെന്നാണ് കമല്‍ സാര്‍ പറഞ്ഞത്. ആ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോള്‍തന്നെ എനിക്ക് ഇഷ്ടമായി. ആ വാശിയും ബഹളവും പൊസസീവ്‌നെസ്സും എല്ലാം എന്നിലുമുണ്ട്. അഭിനയിച്ച സിനിമകളില്‍ എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രം ശ്രുതിയാണ്. ആ കഥാപാത്രമായാണ് കൂടുതല്‍ ആളുകളും എന്നെ അറിയുന്നതും. പ്രത്യേകിച്ച് അമ്മമാര്‍. ആ സിനിമ കണ്ടിട്ട് എന്നെ ശകാരിച്ച അമ്മമാരുണ്ട്. അത്രയും പ്രാധാന്യമുള്ള കഥാപാത്രത്തെ വിശ്വസിച്ച് എന്നെ ഏല്‍പ്പിച്ചതിനുള്ള എല്ലാ നന്ദിയും കമല്‍സാറിനും ശ്രീനിയേട്ടനുമാണ്. എന്റെ അഭിനയജീവിതത്തിന്റെ ടേണിങ് പോയിന്റായിരുന്നു ശ്രുതി. അതുപോലെതന്നെ ആളുകള്‍ നെഞ്ചിലേറ്റിയ കഥാപാത്രമാണ് 'സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍' എന്ന സിനിമയിലെ ചന്ദ്രികയും.    

ആദ്യസിനിമയിലെ ആനിയെന്ന 'ആണ്‍കുട്ടി'യെപ്പറ്റി
ആദ്യത്തെ സിനിമ 'അമ്മയാണേ സത്യം' വലിയ ചലഞ്ചായിരുന്നു. പുതിയ ആളായിരുന്നിട്ടും അത്രയും വലിയ റോള്‍ മേനോന്‍ അങ്കിള്‍ എന്നെ വിശ്വസിച്ചേല്‍പ്പിച്ചു. ഞാനൊരു പെണ്‍കുട്ടിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. അന്ന് അങ്കിള്‍ എന്നോട് ആദ്യംതന്നെ പറഞ്ഞു: ''നീ പെണ്‍കുട്ടിയാണ്, പക്ഷേ, ആണ്‍കുട്ടിയെപ്പോലെ പെരുമാറണം, അതിനുനീ ആണ്‍കുട്ടികളെ നിരീക്ഷിക്കണം, അവരുടെ മാനറിസങ്ങള്‍ പഠിക്കണം. മാമുക്കോയയെ നോക്കി മുണ്ടുമടക്കിക്കുത്തി പോടാ എന്ന് പറയുന്നത് ഒരു ആണ്‍കുട്ടിയായിരിക്കണം.'' ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും നന്നായത് ആ ആണ്‍വേഷമാണെന്നാണ് എന്റെ വിശ്വാസം. 

ആനിമുതല്‍ ചിത്രവരെയുള്ള യാത്ര...
എനിക്ക് ആനിയെയും ചിത്രയെയും ഒരുപോലെ ഇഷ്ടമാണ്. ചിത്രയില്‍നിന്ന് ആനിയിലേക്കായിരുന്നു എന്റെ യാത്ര. വീട്ടില്‍ വിളിച്ചിരുന്ന പേരാണ് ചിത്ര. വിവാഹംകഴിഞ്ഞ് ചിത്രയെന്നപേര് ഔദ്യോഗികമാക്കിയെന്നേയുള്ളൂ.

ഷാജി കൈലാസിനും മക്കൾക്കുമൊപ്പം ആനി

സുരേഷ് ഗോപി, ജയറാം, മുകേഷ്... ഇവര്‍ ആവര്‍ത്തിച്ച് ആനിയുടെ നായകന്മാരായ കാലത്തെപ്പറ്റി?
സുരേഷേട്ടന്‍, ജയറാമേട്ടന്‍, മുകേഷേട്ടന്‍... വീണ്ടും സുരേഷേട്ടന്‍, ജയറാമേട്ടന്‍, മുകേഷേട്ടന്‍... ഇങ്ങനെയായിരുന്നു എന്റെ സിനിമകളിലെ നായകന്മാര്‍ (ചിരിക്കുന്നു). സുരേഷേട്ടന്‍ അന്നും ഇന്നും എന്റെ സ്വന്തം ചേട്ടനെപ്പോലെയാണ്. രാധികേച്ചി എന്റെ ചേട്ടത്തിയമ്മയും. മുകേഷേട്ടന്‍ ഭയങ്കര ഫണ്ണിയാണ്. ജയറാമേട്ടന്‍ സംസാരിക്കും, എന്നാലും ഒരു ഗൗരവമാണ്. 

സിനിമാമേഖലയിലടക്കം സ്ത്രീകള്‍ പ്രശ്‌നങ്ങളെപ്പറ്റി തുറന്നുസംസാരിക്കുന്ന കാലമാണ്. അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
തുല്യ അവകാശം ഉണ്ടായിരിക്കണം എന്നതാണ് എന്റെ അഭിപ്രായം. അതില്‍ക്കൂടുതല്‍ പറയാന്‍ അറിവുള്ളവര്‍ ധാരാളം നമുക്കുചുറ്റുമുണ്ടല്ലോ. 

കുടുംബത്തില്‍ സ്ത്രീയുടെ സ്ഥാനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? 
 മക്കളുടെ ജീവിതത്തില്‍ അച്ഛനും അമ്മയ്ക്കും ഒരേപോലെ ഉത്തരവാദിത്വമുണ്ട്. എല്ലാ രീതിയിലും ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടത്. സ്ത്രീയും പുരുഷനും കുടുംബത്തില്‍ ഒരുപോലെയാണ്.  ഭാവിയില്‍ നാട്ടുകാര് തല്ലുന്നതിനുപകരം ഇപ്പോള്‍ അമ്മ തല്ലുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ മക്കളെ ഞാന്‍ നല്ലപോലെ തല്ലിയിട്ടുണ്ട്.  

മക്കള്‍ സിനിമയിലേക്ക് എത്തുമ്പോള്‍... 
അവര്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം എന്ന അഭിപ്രായക്കാരിയാണ്. മൂത്തയാള്‍ ജഗന്‍, അച്ഛന്റെ പാതപിന്തുടര്‍ന്ന് സിനിമ സംവിധാനംചെയ്തു. റുഷിന്‍,  അഭിനയിക്കാന്‍ ഇഷ്ടമാണ്. വിടാമോ എന്ന് ചോദിച്ചപ്പോള്‍ ഏട്ടന്‍തന്നെയാണ് സമ്മതംമൂളിയത്. അവര്‍ ഭാവിയില്‍ എന്താകും എന്നൊന്നും മുന്‍കൂട്ടി പറയാനാകില്ലല്ലോ.

വിശ്വാസിയാണോ? 
ഞാന്‍ ഭയങ്കര വിശ്വാസിയാണ്. ദൈവംതമ്പുരാന്‍ നമ്മുടെ ജീവിതത്തില്‍ എന്താ തീരുമാനിച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. അതെന്തായാലും ഞാന്‍ ഹാപ്പിയാണ്. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യരുത്, നെഗറ്റീവ് സാഹചര്യങ്ങളില്‍ പോയിപ്പെടരുത് എന്നൊക്കെയേ എനിക്കുള്ളൂ. മക്കളോടും ഞാനത് പറഞ്ഞുകൊടുക്കും.

സോഷ്യല്‍ മീഡിയയിലെ കുറ്റപ്പെടുത്തലുകളും ട്രോളുകളും ശ്രദ്ധിക്കാറുണ്ടോ? 
'ആനീസ് കിച്ചണി'ന്റെ എപ്പിസോഡുകള്‍ക്കെതിരേ ട്രോളുകള്‍ വരുന്നത് ആദ്യമൊക്കെ ബാധിച്ചിരുന്നു. അതിലെ എന്റെ ചോദ്യങ്ങളൊന്നും മോശം ഉദ്ദേശ്യത്തോടുകൂടിയുള്ളതല്ല. ഒരു 'ആര്‍ട്ടിസ്റ്റിനോട് മേക്കപ്പ് ഇടാറില്ലേ മോളേ' എന്ന് ചോദിച്ചത് എല്ലാവരും എടുത്തത് വേറെ രീതിയിലാണ്. ആ കുട്ടി പുതുമുഖമായിരുന്നു. മേക്കപ്പില്ലാതെ അഭിനയിക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര വ്യത്യസ്തതയാണ്. അത്രയും ഡെഡിക്കേഷന്‍ ആ കഥാപാത്രത്തിനോട് ഉള്ളതുകൊണ്ടാണല്ലോ അങ്ങനെ ചെയ്യുന്നത്. ആ ആത്മാര്‍ഥതയെ എത്ര എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ, ആളുകള്‍ തെറ്റായി വ്യാഖ്യാനിച്ചു. പിന്നെ ഞാന്‍ ഓര്‍ത്തു അങ്ങനെ നെഗറ്റീവ് പറയുന്നവര്‍ക്ക് അതാണ് സന്തോഷമെങ്കില്‍ അവര്‍ പറയട്ടെ എന്ന്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ എനിക്കെന്തിനാണ് സങ്കടം. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമല്ല.  മൊബൈലില്‍ ഏറ്റവുംകൂടുതല്‍ കാണുന്നത് കുക്കറി ചാനലുകളാണ്. 

കുടുംബനാഥനെന്ന ഷാജി കൈലാസും സംവിധായകനായ ഷാജി കൈലാസും... ആനി എത്ര മാര്‍ക്കുവീതം നല്‍കും?
നൂറില്‍ നൂറ്. അദ്ദേഹം ഒരിക്കലും സിനിമയോ അതിന്റെ പ്രശ്‌നങ്ങളോ വീട്ടിലേക്ക് കൊണ്ടുവന്നിട്ടില്ല. തിരിച്ച് വീട്ടിലെ പ്രശ്‌നങ്ങള്‍ സെറ്റിലേക്കും കൊണ്ടുപോയിട്ടില്ല. സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാന്‍പോലും ഏട്ടന്‍ വരാന്‍ ഞാന്‍ നോക്കിയിരിക്കും. ഇതുംപറഞ്ഞ് മക്കള്‍ കളിയാക്കും.

കോട്ടയം സ്ലാങ്ങിന്റെപേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നല്ലോ?
അതെനിക്കുമറിയാന്മേല. കാരണം എന്നാന്നുവെച്ചാ അപ്പായും അമ്മായും കോട്ടയംകാരാ. പക്ഷേ, ഈ പറഞ്ഞതുപോലെ തനി കോട്ടയംകാരിയാന്നോന്ന് ചോദിച്ചാ പറയാനൊക്കുകേല (ചിരിക്കുന്നു). ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണെങ്കിലും വീട്ടില്‍ കോട്ടയം ഭാഷ കേട്ടാണ് വളര്‍ന്നത്. ഞാന്‍ മനപ്പൂര്‍വം 'അച്ചായന്‍ ഭാഷ' പറയുന്നു എന്നൊക്കെയാണ് ആരോപണം. ഒണ്ടാക്കിപ്പറയുവാ എന്നൊക്കെ പറയും. ആളുകള്‍ കുറ്റപ്പെടുത്തുമെന്നുകരുതി സ്വന്തം സംസാരരീതി മാറ്റാനൊക്കുമോ?

പുതിയകാല സിനിമയെപ്പറ്റിയുള്ള അഭിപ്രായം?
എല്ലാം ഒന്നിനൊന്ന് മികച്ചസിനിമകളാണ്. ഇപ്പോഴത്തെ കുട്ടികള്‍ എത്ര അനായാസമായാണ് അഭിനയിക്കുന്നത്. പുതുതലമുറ ഭയങ്കര സ്മാര്‍ട്ടാണ്. അവരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ: ഒരിക്കലും നമ്മുടെ ജീവിതത്തിന്റെ താക്കോല്‍ വേറൊരാളുടെ കൈയില്‍ കൊടുക്കരുത്.
 

Content Highlights: malayalam actress and television host annie chitra shaji kailas interview