'ആസിഫ്ക്ക ഓരോ സിനിമയും കഴിഞ്ഞ് ലൊക്കേഷനില്‍ നിന്ന് പോകുമ്പോള്‍ കരയാറുണ്ടെന്ന് കേട്ടിട്ടുണ്ട്'

ഇരമ്പുന്ന കോഴിക്കോട്ടങ്ങാടിയുടെ തിക്കിലും തിരക്കിനുമിടയില്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയത് മലയാള സിനിമയുടെ പ്രിയതാരം. മലബാറിന്റെ മിസ്റ്റര്‍ മരുമകന്‍ ആസിഫ് അലി, തന്റെ പ്രിയപ്പെട്ടവളായ സമയെ കണ്ടുമുട്ടിയ നഗരത്തില്‍. 'കൊത്ത്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ വീണുകിട്ടിയ വൈകുന്നേരം ആസിഫ് കോളേജ് വിദ്യാര്‍ഥിനികളായ നാല്‍വര്‍ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍...
ആസിഫ്ക്കയ്ക്ക് കോഴിക്കോടെന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം തോന്നുന്നത് എന്താണ്?
ഭക്ഷണം. നിങ്ങള്‍ കോഴിക്കോട്ടുകാര്‍ കഴിച്ചതിനേക്കാളും വെറൈറ്റി ഭക്ഷണം ഞാന്‍ ഇവിടുന്ന് കഴിച്ചിട്ടുണ്ട്. അതില്‍ നിങ്ങളെ എനിക്ക് ചാലഞ്ച് ചെയ്യാന്‍ പറ്റും. കോഴിക്കോട്ടേക്കുള്ള എന്റെ സ്ഥിരം യാത്രകള്‍ തുടങ്ങുന്നതുതന്നെ ഭക്ഷണത്തിന് വേണ്ടിയായിരുന്നു. സിനിമയില്‍ വന്ന കാലത്ത് ചില ഞായറാഴ്ചകളില്‍ തൊടുപുഴയില്‍ നിന്ന് ഡ്രൈവ് ചെയ്ത് ഇവിടേക്കെത്തും. ഉച്ചഭക്ഷണം പാരഗണ്‍ ഹോട്ടലില്‍ നിന്നാവും. വൈകുന്നേരം സെയിന്‍സില്‍ നിന്നോ സാഗറില്‍ നിന്നോ സ്‌നാക്ക്‌സ് കഴിക്കും. ഡിന്നര്‍ ബോംബെ ഹോട്ടലിലും. കോഴിക്കോട് നിന്ന് ഭക്ഷണം കഴിക്കുന്നതിന് ശരിക്കും ഒരു ടൈംടേബിള്‍ തന്നെ എന്റെ പക്കലുണ്ടാവും. പോവുന്നയിടങ്ങളിലൊക്കെ എനിക്ക് ഇഷ്ടമുള്ള ചില പ്രിയവിഭവങ്ങളുണ്ട്. സ്പ്രിങ് ചിക്കന്‍ കഴിക്കാന്‍വേണ്ടി മാത്രം ഞാന്‍ വന്നിട്ടുണ്ട്. അതുപോലെ തന്നെ കുറേ നല്ല സുഹൃത്തുക്കളും ഇവിടെയുണ്ട്. അവരുടെയൊക്കെ വീട്ടില്‍ പോയാല്‍ സീ ഫുഡ് സ്‌പെഷലായി തരാറുണ്ട്.
സമച്ചേച്ചി ഉണ്ടാക്കുന്ന ഭക്ഷണമോ?
സമയും നന്നായി പാചകം ചെയ്യും. ആ വിഭവങ്ങളില്‍ കണ്ണൂര്‍ ടച്ചാണ് കൂടുതല്‍. കണ്ണൂരാണ് സമയുടെ വീട്. സമ കോഴിക്കോട് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ കല്യാണം കഴിക്കുന്നത്. എന്റെ നാട് തൊടുപുഴയാണ്. ഈ രണ്ട് സ്ഥലങ്ങളുടെയും സംസ്‌കാരങ്ങള്‍ തമ്മില്‍ വരെ വലിയ വ്യത്യാസമുണ്ട്. അവര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് ഭക്ഷണത്തില്‍ക്കൂടിയാണ്. ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടാണ് അവര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത്. തക്കാര പ്രിയരാണ്. കോഴിക്കോട്ടെ ബീച്ച് പോലെ നാടിനോട് ഇത്രയും വൈകാരികമായി അടുപ്പമുള്ള ബീച്ച് വേറെ എവിടെയും കാണാന്‍ പറ്റില്ല. നേരമെത്ര ഇരുട്ടിയാലും ബീച്ചില്‍ പോയാല്‍ ഫാമിലി ക്രൗഡ് കാണാനാവും. ഉപ്പൂപ്പ, ഉമ്മൂമ്മ, ഉപ്പ, ഉമ്മ, മക്കള്‍...എല്ലാവരും രാത്രി ബീച്ചിലിരുന്ന് ഭക്ഷണം കഴിക്കുന്നതു കാണാം. അവിടെ ഒന്നിച്ചിരുന്ന് സംസാരിക്കുന്നുണ്ടാവും. അത് വേറൊരു നാട്ടിലും കാണാന്‍ പറ്റില്ല. ഈ വഴി എവിടെപ്പോവുന്നുണ്ടെങ്കിലും എന്റെ റൂട്ട് മാപ്പില്‍ ബീച്ചുണ്ടാവും.
ഭക്ഷണപ്രിയനായ ഇക്കയുടെ ഫിറ്റ്‌നെസ് ഡയറ്റ് എങ്ങനെയാണ്?
ഞാനൊരു ഫിറ്റ്‌നെസ് ഫ്രീക്കല്ല. ജോഷി സാര്‍ സംവിധാനം ചെയ്ത സെവന്‍സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് ഞാനാദ്യമായി കോഴിക്കോട് വരുന്നത്. അന്ന് ഹോട്ടല്‍ മഹാറാണിയിലാണ് ഞാനും ചാക്കോച്ചനും നിവിനുമൊക്കെ താമസിച്ചത്. അതിനടുത്ത് അമ്മ മെസ്സുണ്ട്. ഉച്ചയ്ക്ക് ഊണിനൊപ്പം പൊരിച്ചമീന്‍ കഴിക്കാനായി അവിടേക്ക് പോവുമായിരുന്നു. ഡയറ്റിങ്ങിലാണെങ്കിലും കോഴിക്കോടെത്തിയാല്‍ എല്ലാം തകിടം മറിയും. ഭക്ഷണം തന്ന് സ്‌നേഹിക്കുന്നവരുടെ മുന്നില്‍ പലപ്പോഴും ഞാന്‍ തോറ്റുപോവാറുണ്ട്.
കോവിഡ് ഭീഷണി കാരണം സിനിമ ഇല്ലാതിരുന്ന ദിവസങ്ങളെങ്ങനെപോയി?
എല്ലാവരെയുംപോലെ എനിക്കും കടുപ്പമായിരുന്നു ആ ദിവസങ്ങള്‍. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ഇറങ്ങിക്കഴിഞ്ഞ സമയത്തായിരുന്നു കോവിഡ് വരുന്നത്. 'കെട്ട്യോളാണ് എന്റെ മാലാഖ'യിലെ കഥാപാത്രത്തിന് ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടി. പക്ഷേ, ആ സന്തോഷത്തിന്റെ തുടര്‍ച്ചകളെ കോവിഡ് കാലം ഇല്ലാതെയാക്കി. കോവിഡ് വന്നതിനുശേഷം ഒരുപാട് നിയന്ത്രണങ്ങള്‍ വന്നു. പിന്നീട് ഒരു ഫ്‌ളാറ്റിലോ മുറിയിലോ വെച്ച് ഷൂട്ട് ചെയ്യുന്ന സിനിമകള്‍ വന്നുകൊണ്ടിരുന്നു. അതിലും പരിമിതികളുണ്ടല്ലോ.
അതുപോലെ ഞങ്ങള്‍ കേട്ടിട്ടുണ്ട്, ആസിഫ്ക്ക ഓരോ സിനിമയും കഴിഞ്ഞ് ആ ലൊക്കേഷനില്‍ നിന്ന് പോകുമ്പോള്‍ കരയാറുണ്ടെന്ന്...
എപ്പോഴും എന്റെ സൗഹൃദവലയത്തിലുള്ളവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഞാന്‍ ചെയ്‌തോണ്ടിരിക്കുന്നത്. സിനിമാഭിനയം എന്നത് ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന കാര്യമാണ്. അപ്പോള്‍ അതിനെ ഒരു രീതിയിലും രണ്ടാമത് ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒരു കാര്യവും ഞാന്‍ ചെയ്യില്ല. സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഞാനൊരു കംഫര്‍ട്ട് സ്‌പേസ് കൊടുക്കാറുണ്ട്. ആ ഒരു അറ്റാച്ച്‌മെന്റ് എന്നോട് അവര്‍ക്കുമുണ്ട്.
സിനിമായാത്രകള്‍ക്കിടയില്‍ കുടുംബത്തെ മിസ് ചെയ്യാറില്ലേ?
കോവിഡിന് മുമ്പ് ഷൂട്ടിങ്ങിനായി പോയാല്‍ മാസത്തില്‍ വല്ലപ്പോഴുമാണ് വീട്ടിലെത്താറ്. ലോക്ക്ഡൗണ്‍ കാലത്താണ് അത്രയും ദിവസം വീട്ടിലിരുന്നത്. അതുകൊണ്ട് ഇപ്പോള്‍ ഷൂട്ടിങ്ങിന് പോകുമ്പോള്‍ വിഷമമാണ്. കോഴിക്കോട് വന്നപ്പോഴും മക്കളെ വല്ലാതെ മിസ് ചെയ്തിരുന്നു. അപ്പോള്‍ത്തന്നെ അവരെ വിളിച്ചുവരുത്തി കുറച്ചുദിവസം കൂടെ നിര്‍ത്തി.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകത്തിലൊക്കെ അഭിനയിക്കുമായിരുന്നോ?
എവിടെ. ഒരു കസേര പിടിച്ചിടാന്‍ പോലും ഞാന്‍ സ്റ്റേജില്‍ കയറിയിട്ടില്ല. ഏതാണ് സിനിമയിലേക്കുള്ള വഴി എന്നെനിക്ക് അറിയില്ലായിരുന്നു. എല്ലാവരും ഉപദേശിക്കുമായിരുന്നു. എടാ, എന്താ ഇങ്ങനെ നടക്കുന്നത് എന്ന് എല്ലാവരും ചോദിച്ച സമയത്ത് എനിക്ക് ഉറപ്പായിരുന്നു, ഞാനെന്തായാലും സിനിമയിലേക്ക് വരുമെന്ന്. അതായിരുന്നു എന്റെ മന്ത്ര. പരിശ്രമിക്കുക. നമ്മളില്‍ തന്നെ വിശ്വാസം അര്‍പ്പിക്കുക. ഞാന്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നയാളാണ്. എന്നെങ്കിലുമൊരിക്കല്‍ അത് സംഭവിക്കും. ആ പ്രതീക്ഷ എന്നും എപ്പോഴുമുണ്ട്...
ഇക്ക ഏത് നടന്റെ ആരാധകനാണ്?
ഈ ചോദ്യത്തിന് ഡിപ്ലോമാറ്റിക് അല്ലാത്ത രീതിയില്‍ മറുപടി പറയാന്‍ പറ്റില്ല. നല്ല മോഹന്‍ലാല്‍ സിനിമകള്‍ കണ്ടാല്‍ ഞാന്‍ മോഹന്‍ലാല്‍ ഫാനാണ്. നല്ല മമ്മൂട്ടി സിനിമകള്‍ കണ്ടാല്‍ മമ്മൂട്ടി ഫാനാണ്. പക്ഷേ, എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് കമലഹാസന്‍ സാറാണ്. അദ്ദേഹത്തിന്റെ കട്ട ഫാനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടാണ് സിനിമ കാണാനുള്ള ആഗ്രഹം തന്നെ എനിക്ക് തോന്നിത്തുടങ്ങിയത്. ചെറുപ്പത്തിലേ അഭിനയിക്കണമെന്നൊക്കെയുള്ള മോഹം ഉള്ളിലുണ്ടാവുന്നത് അങ്ങനെയാണ്.
(പുനപ്രസിദ്ധീകരണം)
Content Highlights: malayalam actor asif ali interaction with college students