സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പഠിപ്പിച്ചത് മുംബൈ നഗരം: മാളവിക മോഹനന്‍

'പട്ടംപോലെ' സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു മാളവിക മോഹനന്റെ അരങ്ങേറ്റം. മമ്മൂട്ടിക്കൊപ്പം ഗ്രേറ്റ്ഫാദര്‍, മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ്, രജനീകാന്തിന്റെ പേട്ട, ധനുഷിനൊപ്പം മാരന്‍, വിജയിക്കൊപ്പം മാസ്റ്റര്‍, ക്രിസ്റ്റി...ടോളിവുഡും കോളിവുഡും ബോളിവുഡുമെല്ലാം കീഴടക്കി മാളവിക പ്രേക്ഷകരുടെ മനസ്സിലിടം പിടിക്കുകയാണ്.
അഭിനയത്തെ സ്വയം വിലയിരുത്താറുണ്ടോ?
ആദ്യമൊന്നും അറിയില്ലായിരുന്നു. അഭിനയിച്ചു കഴിഞ്ഞശേഷം ഭാവങ്ങളൊക്കെ ശരിയായോ എന്നുപോലും നോക്കാനറിയില്ല. ഇപ്പോള്‍ എന്റെ തലയൊന്ന് ചെരിച്ചാല്‍ ക്യാമറയില്‍ ഏത് ആങ്കിളായിരിക്കും വരുന്നതെന്ന് അറിയാം. ഏത് ഹെയര്‍സ്‌റ്റൈല്‍ വേണം, ഏതുതരം വസ്ത്രമിണങ്ങും...പോകപ്പോകെയാണ് അതൊക്കെ മനസ്സിലായത്. ക്യാമറയ്ക്കു മുന്നിലെത്തുമ്പോഴുള്ള ആത്മവിശ്വാസം കൂടിയിട്ടുണ്ട്. അഭിനയിക്കാനായി പ്രത്യേകിച്ച് റെഫറന്‍സൊന്നും നോക്കാറില്ല. പക്ഷേ, ഓരോ നടീനടന്മാരുടെയും അഭിനയരീതി നിരീക്ഷിക്കാറുണ്ട്. ഓരോരുത്തരും എങ്ങനെയാണ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുന്നതെന്ന്. ഇടയ്ക്ക് അവരുടെ ഇന്റര്‍വ്യൂ കണ്ടിരിക്കും. ഈയടുത്ത് ഫഹദ് ഫാസിലിന്റെ ഇന്റര്‍വ്യൂ കണ്ടിരുന്നു. ഇന്ത്യയിലെ കഴിവുള്ള നടന്മാരിലൊരാളാണ് അദ്ദേഹം. നടിമാരില്‍ എന്നെ അതിശയിപ്പിച്ചത് ഉര്‍വശി ചേച്ചിയാണ്. കോമഡിയാവട്ടെ, വില്ലത്തിയാവട്ടെ, ഡ്രാമയാവട്ടെ...ചേച്ചി അനായാസം അഭിനയിച്ച് തകര്‍ക്കും.
പിന്നെയിഷ്ടം ശോഭന ചേച്ചിയെയാണ്.
സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അച്ഛനോട് അഭിപ്രായം ചോദിക്കാറുണ്ടോ?
എല്ലാ കാര്യങ്ങളും അച്ഛനോടും അമ്മയോടും പറയാറുണ്ട്. അച്ഛന്‍ (കെ.യു.മോഹനന്‍) സിനിമയില്‍ ഛായാഗ്രാഹകനായതുകൊണ്ട് ഓരോ കാര്യങ്ങളും പറഞ്ഞുതരും. ഞങ്ങള്‍ എല്ലാ ഭാഷയിലുമുള്ള സിനിമകളും കാണാറുണ്ട്. അമ്മയുമതെ. എല്ലാ തീരുമാനങ്ങളിലും ഇടപെടാറുണ്ട്. എന്നാല്‍ ഒന്നും അടിച്ചേല്‍പ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യാറില്ല. അവസാന തീരുമാനം എന്റേതുതന്നെയാണ്. ഇതൊരു ലേണിങ് ഗ്രാഫ് ആണ്. ശരിയും തെറ്റുമുണ്ടാവാം. അത് ഞാന്‍ തന്നെ ചെയ്ത് തിരുത്തിക്കൊണ്ടുവരണം എന്നാണ് അവര്‍ പറയാറ്. എനിക്ക് എന്തു ചെയ്യാനും സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതേസമയം എന്റെ ആശയങ്ങളിലും കാഴ്ചപ്പാടിലുമെല്ലാം അവരുടെ സ്വാധീനമുണ്ട്. ഞാന്‍ പഠിച്ചതൊക്കെ മുംബൈയില്‍ തന്നെയായിരുന്നു. ഇവരെ വിട്ടിട്ട് ഞാന്‍ എങ്ങും പോയിട്ടില്ല. അനിയന്‍ ആദിത്യയാണ് അടുത്ത സുഹൃത്ത്. അവനുമായി എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്.
അച്ഛന്റെ സിനിമാബന്ധങ്ങള്‍ കരിയറില്‍ ഗുണം ചെയ്തിട്ടുണ്ടോ?
സിനിമാട്ടോഗ്രഫര്‍ കെ.യു.മോഹനന്റെ മകളാണെന്ന് പറഞ്ഞു പരിചയപ്പെടുമ്പോള്‍ സ്വീകാര്യത കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും ഹിന്ദി ഇന്‍ഡസ്ട്രിയില്‍. പക്ഷേ, അങ്ങനെ അച്ഛന്റെ പേരുപറഞ്ഞ് അവസരങ്ങള്‍ വാങ്ങിക്കാറില്ല. അച്ഛനൊപ്പം ആദ്യമായിട്ട് പോയത് 'ഡോണ്‍' സിനിമയുടെ ലൊക്കേഷനിലാണ്. അന്നാദ്യമായി ഷാരൂഖ് ഖാനെ കണ്ടു, പരിചയപ്പെട്ടു. അദ്ദേഹത്തിനൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കാനവസരം കിട്ടണമെന്നാണ് ആഗ്രഹം. എല്ലാ ഖാന്‍മാരിലും വെച്ച് എന്റെ മെയിന്‍ഖാന്‍ ഷാരൂഖാണ്.
കോളേജില്‍ പഠിക്കുന്ന കാലത്തെ ആക്ടിവിസമൊക്കെ സിനിമയിലെത്തിയപ്പോള്‍ പുറത്തെടുക്കേണ്ടി വന്നിട്ടുണ്ടോ?
കോളേജില്‍ പഠിക്കുമ്പോള്‍ ഞാനും സുഹൃത്തുക്കളും ചേര്‍ന്നൊരു കാമ്പെയിന് തുടക്കമിട്ടു. 'ചപ്പല്‍ മാരൂംഗി' എന്ന പ്രചാരണം. ബസ്സിലും ട്രെയിനിലുമൊക്കെ പോകുമ്പോള്‍ കമന്റടിക്കുന്നവര്‍ക്കെതിരെയായിരുന്നു കാമ്പെയിന്‍. സിനിമയിലെത്തിയശേഷം എനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് സംഭവിച്ചിട്ടില്ല എന്നു ഞാന്‍ പറയില്ല. അങ്ങനെയുള്ള അവസ്ഥകളെ നേരിട്ട സുഹൃത്തുക്കളുണ്ട്. ഇതുവരെ ആരെയും തല്ലേണ്ടി വന്നിട്ടില്ല. പക്ഷേ, ആരെങ്കിലും എന്നെ ശല്യം ചെയ്യാന്‍ വന്നാല്‍ അടങ്ങിയിരിക്കില്ല. ഞാന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചതാണ്. നല്ല നൈസ് കിക്ക് കൊടുക്കും.
മാളവികയെ കണ്ടാല്‍ ഒരു ഫ്രീ സ്പിരിറ്റ് ഗേളാണെന്നു തോന്നാറുണ്ട് !
മുംബൈയില്‍ വളര്‍ന്നതിന്റെ ഗുണമാണത്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമൊക്കെ മുംബൈ എന്നെ പഠിപ്പിച്ചു. ലോകത്ത് എവിടെപ്പോയി കറങ്ങിയാലും അവസാനം ഞാന്‍ എത്തുന്നത് മുംബൈയിലാണ്. പക്ഷേ, മാളവിക എന്ന വ്യക്തിയുടെ ഇഷ്ടങ്ങള്‍ക്ക് പറ്റിയൊരിടമല്ല മുംബൈ.
എനിക്ക് പ്രകൃതിയോടിണങ്ങുന്ന സ്ഥലങ്ങളില്‍ താമസിക്കാന്‍ ഒരുപാട് ഇഷ്ടമാണ്. ഗാര്‍ഡനും പാര്‍ക്കുമൊക്കെയായി...മുംബൈയില്‍ ഇതൊന്നുമില്ല. എപ്പോഴും ട്രാഫിക്കും കുറെ മാളുകളും മാത്രം. എന്നാല്‍ വര്‍ക്ക് ചെയ്യാന്‍ ഏറ്റവും നല്ല സ്ഥലമാണ്. ബോളിവുഡ് ഇവിടെയാണ്. നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പറ്റുന്നയിടം.
നാടുമായുള്ള ബന്ധം?
ചെറുപ്പം മുതലേ എല്ലാ വേനലവധിക്കും വരാറുണ്ട്. അച്ഛന്റെയും അമ്മയുടെയും നാട് പയ്യന്നൂരാണ്. അവിടെ ബന്ധുക്കളുണ്ട്. ആ നാടുമായിട്ട് നല്ല അടുപ്പമുണ്ട്. വീട്ടില്‍ ഞങ്ങള്‍ സംസാരിക്കുന്നത് പയ്യന്നൂര്‍ മലയാളമാണ്. പക്ഷേ, കൊച്ചിയിലോ കോട്ടയത്തോ പോയി സംസാരിക്കുമ്പോള്‍ എനിക്ക് മലയാളം വരില്ല. തനി പയ്യന്നൂര്‍ ഭാഷയാണ് എന്റെ ഐഡന്റിറ്റി. കേരളത്തില്‍ വന്നാല്‍ വയനാട് പോകാറുണ്ട്. ഒരുപാട് ഫോട്ടോകളെടുക്കും. യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ നമുക്ക് നമ്മളെത്തന്നെ കൂടുതല്‍ അറിയാന്‍ കഴിയും. അത് മീ ടൈം ആണ്. നമുക്കിഷ്ടമുള്ളിടത്ത്, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, ഇഷ്ടത്തിനനുസരിച്ച് നടക്കാം. എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഇറ്റലി. രണ്ടുവട്ടം പോയിട്ടുണ്ട്. ഇനിയും പോവണം. ഇന്ത്യയില്‍ എന്നെ ഏറ്റവും ത്രില്ലടിപ്പിച്ച സ്ഥലം ലഡാക്കാണ്.
Content Highlights: malavika mohanan celebrating her birthday