'ഓരോ തവണയും മഴയുമായി ഞാൻ സെറ്റിലെത്തി; റെയ്ൻ മാൻ എന്ന് പേരുവന്നു': ആർ.മാധവൻ

ആർ.മാധവൻ / ANI
ആർ.മാധവൻ / ANI

കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടൻ ആർ.മാധവൻ. തമിഴിനൊപ്പം തന്നെ ഹിന്ദിയിലും സജീവമാണ് താരം. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ 'ധുരന്ധറി'ലെ മാധവന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐ.ബി. ചീഫ് അജയ് സന്യാൽ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ആ സിനിമയുടെ സെറ്റിലെ വിശേഷങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് മാധവൻ. എപ്പോഴും സെറ്റിൽ മഴ കൊണ്ടുവന്നിരുന്നതിനാൽ താൻ 'റെയ്ൻ മാൻ' എന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത സിനിമയിലെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വീഡിയോയിൽ ലഡാക്കിലെ ഇരുണ്ട, മഴയുള്ള അന്തരീക്ഷം കൃത്യമായി മനസ്സിലാക്കാം. ആ ഈർപ്പമുള്ള അന്തരീക്ഷത്തിൽനിന്നുള്ള വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം പറയുന്നത് കേൾക്കാം, ''മനോഹരമായ ലേയും ലഡാക്കും. അന്നൊരു വെയിലുള്ള ദിവസമാവേണ്ടതായിരുന്നു. പക്ഷേ ഭാഗ്യം കൊണ്ട് ഞാൻ പോവുന്നിടത്തെല്ലാം മഴയും കൂടെ വന്നു. വെയിലില്ലാതെ, മഴയത്തും ഞങ്ങൾ ആ സീൻ ചിത്രീകരിച്ചിരിക്കുകയാണ്. അത് സിനിമയ്ക്ക് ഭാഗ്യമായി സംഭവിച്ചുവെന്ന് പ്രതീക്ഷിക്കാം''.

വീഡിയോയ്‌ക്കൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു, ''നല്ല വെയിലുള്ള ദിവസം. തെളിഞ്ഞ നീലാകാശത്തിന്റെ ഭംഗി നന്നായി പകർത്താമെന്നാണ് ആദിത്യ ധർ കരുതിയിരുന്നത്. അപ്പോഴാണ് മഴയുംകൊണ്ട് ഞാനെത്തുന്നത്. കാരണം ഞാൻ സെറ്റിലെ റെയ്ൻ മാൻ ആണല്ലോ''.

താൻ സെറ്റിലേക്ക് വരുമ്പോഴെല്ലാം മഴ പെയ്തുവെന്നും മാധവൻ ഓർക്കുന്നു. ''സെറ്റിലേക്ക് ഞാൻ ഓരോ തവണ വരുമ്പോഴും കനത്ത മഴയായിരുന്നു. പക്ഷേ, മഴക്കാറും അതിനുചേർന്ന അന്തരീക്ഷവുമെല്ലാം പല ഷോട്ടുകൾക്കും യോജിച്ചു. ചിലപ്പോഴൊക്കെ നിങ്ങൾക്ക് കിട്ടിയത് എന്താണോ, അതുവെച്ച് ഷൂട്ട് ചെയ്യുന്നതാണ് നല്ലത്'', അദ്ദേഹം പറഞ്ഞുനിർത്തുന്നു.

ധുരന്ധർ 2, അദിർഷ്ടശാലി, ജി.ഡി.എൻ എന്നിവയാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor R. Madhavan reveals his nickname `Rain Man` on set due to constant rain. Discover the story behind it and his upcoming projects