'നടിയുമൊത്ത് രണ്ടാമത്തെ കുടുംബം ആഗ്രഹിക്കുന്നുണ്ടോ?'യെന്ന് മാധ്യമപ്രവർത്തകൻ, വിമർശനം

ലോകേഷ് കനകരാജ് | IMDb
ലോകേഷ് കനകരാജ് | IMDb

രജനികാന്ത് നായകനായ കൂലി എന്ന ചിത്രത്തെക്കുറിച്ചും അല്ലു അർജുനൊപ്പമുള്ള വരാനിരിക്കുന്ന തന്റെ ചിത്രത്തെക്കുറിച്ചുമൊക്കെ സംവിധായകൻ ലോകേഷ് കനകരാജ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ചൈന്നെയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ ഔദ്യോഗികജീവിതത്തെപ്പറ്റി തുറന്നുപറഞ്ഞത്. ഇതേ വേദിയിൽ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച അപക്വമായ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

"ലോകേഷ്, സോഷ്യൽ മീഡിയയിൽ ഒരു നടിയുമായുള്ള നിങ്ങളുടെ പ്രണയത്തെക്കുറിച്ച് ചർച്ചകളുണ്ട്. നിങ്ങൾ കുടുംബമാകാൻ പോവുകയാണോ?" എന്നായിരുന്നു ചോദ്യം. ഇതുകേട്ടതും ശാന്തമായി അദ്ദേഹം പ്രതികരിച്ചു- "ഇല്ല സാർ. എനിക്ക് ഇപ്പോൾ ഒരു കുടുംബമുണ്ട്." റിപ്പോർട്ടർ വീണ്ടും നിർബന്ധിക്കുകയും "രണ്ടാമത്തെ കുടുംബം" എന്ന് പറയുകയും ചെയ്തപ്പോൾ, ലോകേഷ് തുടർ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പ്രസ് മീറ്റ് അവസാനിപ്പിക്കുകയായിരുന്നു.

റിപ്പോർട്ടറുടെ പെരുമാറ്റത്തിനെതിരേ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണുയരുന്നത്. ലോകേഷിന് എങ്ങനെയാണ് ശാന്തനായിരിക്കാൻ കഴിഞ്ഞതെന്നും ചിലർ ചോദിക്കുന്നു. എന്തിനാണ് ലോകേഷ് ഇതിനെ നിസ്സാരമായി എടുത്തതെന്ന് എനിക്കറിയില്ല, ഇത്തരം മാനസിക രോഗികളെ അപ്പോൾ തന്നെ അടിക്കണം, വളരെ തരംതാണ പെരുമാറ്റം എന്നിങ്ങനെ നീളുന്നു എക്സിലെ കമന്റുകൾ.

ഐശ്വര്യയാണ് ലോകേഷിന്റെ ഭാര്യ. കൗമാര പ്രണയിനിയായ ഐശ്വര്യയെ 2012-ലാണ് ലോകേഷ് വിവാഹം ചെയ്യുന്നത്. 12 വർഷത്തോളം പ്രണയിച്ചശേഷമായിരുന്നു വിവാഹം. ദമ്പതികൾക്ക് രണ്ട് പെൺമക്കളുമുണ്ട്. 70000 രൂപ മാസവരുമാനമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നമായ സിനിമയിൽ കരിയറുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ടയാളാണ് ലോകേഷ് കനകരാജ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Filmmaker Lokesh Kanagaraj calmly shut down a reporter`s inappropriate `second family` question. Fans praise his composure amidst cheap behavior.