വാണിജ്യ സാധ്യതകളുള്ള കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും, ചന്ദ്രയുടെ കഥയില്‍ തുടങ്ങണമെന്ന് ദുല്‍ഖറിന് നിര്‍ബന്ധമായിരുന്നു - കല്യാണി

ലോക / instagram
ലോക / instagram

റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ലോകമെമ്പാടുമായി നൂറു കോടി രൂപയ്ക്കു മുകളില്‍ കളക്ഷന്‍ നേടി മുന്നേറുകയാണ് ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ഹീറോ ചിത്രമായ 'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര'. എന്നാല്‍, ഓഗസ്റ്റ് 28-ന് റിലീസ് ചെയ്യുന്നതിന് മുന്‍പ് നായിക കല്യാണി പ്രിയദര്‍ശനോ നിര്‍മ്മാതാവ് ദുല്‍ഖര്‍ സല്‍മാനോ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കോ ചിത്രം ഈവിധം വിജയം നേടുമെന്ന് ഉറപ്പില്ലായിരുന്നു. സിനിമയുടെ റിലീസിന് മുന്‍പ് ദുല്‍ഖര്‍ തന്നെ വിളിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍.

'ലോക' റിലീസ് ചെയ്യുന്നതിന് തലേദിവസം, ചിത്രം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് തങ്ങള്‍ക്ക് ഒരുറപ്പുമില്ലായിരുന്നുവെന്ന് കല്യാണി അഭിമുഖത്തില്‍ പറഞ്ഞു. 'ഈ സിനിമയില്‍ എനിക്ക് പണം നഷ്ടപ്പെട്ടാലും കുഴപ്പമില്ല. നമ്മള്‍ ഒരു നല്ല സിനിമയാണ് ചെയ്തതെന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ എന്നെ വിളിച്ച് പറഞ്ഞു. ഒരു നല്ല സിനിമയാണ് ഒരുക്കിയതെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നത് ഞങ്ങളുടെ കയ്യിലായിരുന്നില്ല.

അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, 'കണക്കുകളൊന്നും നോക്കുകയേ വേണ്ട. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഞാന്‍ വളരെ സന്തോഷവാനാണെന്ന് മാത്രം മനസിലാക്കുക. എനിക്ക് തോന്നുന്നു ഇതിനുവേണ്ടിയാണ് നമ്മള്‍ സിനിമയിലേക്ക് വന്നത്. എന്തുതന്നെയായാലും, ചെറിയൊരു വിഭാഗം പ്രേക്ഷകരാണെങ്കില്‍ പോലും, ഈ സിനിമ അവരിലേക്ക് എത്തും'. ദുല്‍ഖറിന്റെ വാക്കുകള്‍ കല്യാണി ഓര്‍ത്തെടുത്തു.

വിവിധ ഭാഗങ്ങളുള്ള ഒരു സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണ് 'ലോക ചാപ്റ്റര്‍ 1'. കൂടുതല്‍ വാണിജ്യ സാധ്യതകളുള്ള കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും, ചന്ദ്രയുടെ കഥയില്‍ നിന്ന് തന്നെ തുടങ്ങണമെന്ന് ദുല്‍ഖറിന് നിര്‍ബന്ധമായിരുന്നു. ഇതൊരു യൂണിവേഴ്‌സ് ആയതുകൊണ്ട് അവര്‍ക്ക് ആരെ വെച്ചും തുടങ്ങാമായിരുന്നു. എന്നാല്‍ ഇതൊരു ചെറിയ സിനിമയായിട്ടാണ് തുടങ്ങിയത്. അത് ചന്ദ്രയുടെ മാത്രം കഥയായിരുന്നു.

ദുല്‍ഖര്‍ ഇതിനെ വലിയൊരു തലത്തില്‍ കണ്ടു. അദ്ദേഹം അതിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. നമ്മുടെ കയ്യില്‍ ഇപ്പോള്‍ ഒരുപാട് കഥാപാത്രങ്ങളുണ്ട്, ഒരുപക്ഷേ നമുക്ക് മറ്റാരെയെങ്കിലും വെച്ച് തുടങ്ങാമെന്ന് പറഞ്ഞപ്പോള്‍, വേണ്ട ഇത് ചന്ദ്രയുടെ കഥയാണ്. നമുക്ക് അവളില്‍ നിന്ന് തന്നെ തുടങ്ങാമെന്നും ബാക്കിയുള്ള ലോകത്തേക്കുള്ള ഒരു വാതിലാണിതെന്നും പറഞ്ഞത് ദുല്‍ഖറാണ്. കുറച്ചുകൂടി വാണിജ്യപരമായ ഒന്നിനെക്കുറിച്ച് ചിന്തിച്ചതുകൊണ്ട് മാത്രം നമുക്ക് ഭാഗങ്ങള്‍ മാറ്റേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതായും കല്യാണി വിശദീകരിച്ചു.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ചന്ദ്രയെയാണ് കല്യാണി അവതരിപ്പിച്ചത്. വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമായും ലോക മാറി. ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നസ്ലിന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ ഏതാനും പ്രമുഖതാരങ്ങള്‍ അതിഥിവേഷത്തിലും എത്തുന്നുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: kalyani priyadarshan shares dulquer Salmaan`s apprehension before Lokah`s release, unsure of its reception despite being confident in the film.