നാലുവയസ്സിനിളപ്പമുള്ള റൺബീറിന്റെ അമ്മയായി അഭിനയിക്കുമ്പോൾ ആശങ്കയുണ്ടായിരുന്നോ? ലാറ ദത്ത പറയുന്നു

'രാമായണ: പാർട്ട് 1'ൽ ശക്തമായ കഥാപാത്രവുമായി തിരിച്ചുവന്നിരിക്കുകയാണ് നടി ലാറ ദത്ത. ചിത്രത്തിൽ കൈകേയി ആയിട്ടാണ് ലാറ അഭിനയിച്ചിരിക്കുന്നത്. തന്നേക്കാൾ നാല് വയസ്സ് മാത്രം കുറവുള്ള റൺബീർ കപൂറിന്റെ അമ്മയായി അഭിനയിച്ചതിനെക്കുറിച്ച് 48-കാരിയായ താരം അടുത്തിടെ മനസ്സുതുറന്നു. പ്രായവ്യത്യാസത്തെക്കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് പറഞ്ഞ അവർ, ഇത്തരം വേഷങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് അഭിനേതാക്കൾ ആശങ്കപ്പെടുന്നത് പഴഞ്ചൻ ചിന്താഗതിയാണെന്നും അഭിപ്രായപ്പെട്ടു. ഈ ചിത്രത്തിൽ 42-കാരനായ അദിനാഥ് എം. കോത്താരെയുടെ അമ്മയായും ലാറ വേഷമിടുന്നുണ്ട്. കൈകേയിയുടെ മകനായ ഭരതന്റെ വേഷമാണ് അദിനാഥ് കൈകാര്യം ചെയ്യുന്നത്.
ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ, താനും സഹതാരങ്ങളും തമ്മിൽ പ്രായത്തിൽ ചെറിയ വ്യത്യാസമേ ഉള്ളൂവെങ്കിലും, ഇത്തരം വേഷങ്ങൾ ചെയ്യുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്ന് ലാറ പറഞ്ഞു. ''നമ്മളെല്ലാവരും ഇത്തരം ചിന്തകൾക്കപ്പുറത്തേക്ക് വളർന്നു കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ കാലത്ത്, അഭിനേതാക്കൾ ആരും തന്നെ 'ഞാനൊരു സ്ത്രീയാണ്, അപ്പോൾ ഇന്ന കഥാപാത്രം എങ്ങനെ അവതരിപ്പിക്കും?' എന്ന പഴയ ചിന്താഗതിയിൽ കുടുങ്ങിക്കിടക്കുന്നില്ല. ഇന്ന് നിങ്ങൾ വിവിധ കഥാപാത്രങ്ങളെ ഉൾക്കൊള്ളുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ചിന്തകളുടെ കണിക പോലും എന്റെ മനസ്സിലുണ്ടായിരുന്നില്ല''.
ഈ കഥയെ അതിന്റെ വിശാലമായ പശ്ചാത്തലത്തിൽ വേണം നോക്കിക്കാണാൻ എന്ന് ലാറ വിശദീകരിച്ചു. ''കാര്യങ്ങളെ വിശാലമായ തലത്തിൽ നോക്കുമ്പോൾ, ദശരഥ മഹാരാജാവിന് മൂന്ന് രാജ്ഞിമാരാണുണ്ടായിരുന്നത്. അവർ വ്യത്യസ്ത പ്രായക്കാരും വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ളവരുമായിരുന്നു. കൈകേയി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി, നിതേഷ് സാറും ഞാനും ചേർന്ന് ആദ്യം ചെയ്ത കാര്യം, ആ കഥാപാത്രത്തിന്റെ പൂർണ്ണമായ ചരിത്രം വിശദമായി രൂപപ്പെടുത്തുക എന്നതായിരുന്നു. ഇതിൽ സ്ക്രീനിൽ കാണാത്ത കാര്യങ്ങളും ഉൾപ്പെടുന്നു- എന്തുകൊണ്ടാണ് അവർ ആ രണ്ട് വരങ്ങൾ ആവശ്യപ്പെട്ടത്, എവിടെ വെച്ചാണ് ആ വരങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടത്, ആരായിരുന്നു അവർ, എവിടെ നിന്നാണ് അവർ വന്നത് തുടങ്ങിയവയെല്ലാം''.
കൈകേയിയെപ്പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ഒരു നടിയുടെ കരിയറിൽ വളരെ അപൂർവ്വമായാണ് ലഭിക്കുകയെന്നും, അത്തരമൊരു അവസരം ഒട്ടും പാഴാക്കാതെ പ്രയോജനപ്പെടുത്തണമെന്നും ലാറ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Lara Dutta plays Kaikeyi in the upcoming film 'Ramayana: Part 1'., She addressed playing the mother to Ranbir Kapoor despite a small age gap of just four years., Lara stated that actors have evolved beyond traditional mindset regarding age and maternal roles.