ലബൂബു ട്രെൻഡിന് അവസാനമില്ലേ? സിനിമയുമായി സോണി

ലബൂബു
ലബൂബു

കൂർത്ത പല്ലുകളും മുയൽചെവിയും കാപ്പിക്കണ്ണുകളുമുള്ള കുഞ്ഞൻ പാവകൾ. സമൂഹമാധ്യമങ്ങൾക്കിടയിലും  സെലിബ്രിറ്റികൾക്കിടയിലും തരംഗമായി മാറിയ, വിചിത്രമായ ലബൂബു പാവകൾ. ട്രെൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സോണി പിക്ചേഴ്സ് ലബൂബു സിനിമ നിർമ്മിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. 
ദി ഹോളിവുഡ് റിപ്പോർട്ടർ പ്രകാരം, സോണി പിക്‌ചേഴ്‌സ് ഈ കഥാപാത്രത്തെ വെള്ളിത്തിരയിൽ എത്തിക്കാനുള്ള അവകാശം സ്വന്തമാക്കിക്കഴിഞ്ഞു. സിനിമയെക്കുറിച്ചുള്ള മറ്റ് സൂചനകളൊന്നും നിലവിൽ ലഭ്യമല്ല. വളരെ പ്രശസ്തമായ ഈ പാവയെ തിയേറ്ററുകളിലേക്ക് എത്തിക്കാനാണ് സോണി ആഗ്രഹിക്കുന്നത്. സിനിമ ആക്ഷനായാണോ അതോ ആനിമേഷനായാണോ എത്തുന്നതെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

 2015-ൽ ഹോങ്കോങ് ചിത്രകാരനായ കാസിങ് ലുങ് ആണ് കൊമ്പൻപല്ലുകളുള്ള ചെറിയ ജീവിയുടെ സ്രഷ്ടാവ്. 2015-ല്‍ 'ദി മോണ്‍സ്റ്റേഴ്‌സ്' എന്ന തന്റെ പുസ്തക പരമ്പരയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. ദിനോസറുകളുടെ കാലം മുതലേ കാടുകളില്‍ വസിച്ചിരുന്ന കുട്ടിഭൂതമാണ് ലബൂബുവെന്ന് അദ്ദേഹം ലളിതമായൊരു പശ്ചാത്തലവും ഇതിനു നല്‍കി.

2019-ല്‍ ലുങ്, ചൈനീസ് കമ്പനിയായ പോപ് മാര്‍ട്ടുമായി ഒരു കരാറില്‍ ഒപ്പുവച്ചു. ലബൂബുവിന്റെ കളിപ്പാട്ട പതിപ്പുകള്‍ നിര്‍മ്മിക്കാനും വില്‍ക്കാനുമുള്ള പ്രത്യേക അവകാശം പോപ് മാര്‍ട്ടിന് നല്‍കി, 'ദി മോണ്‍സ്റ്റേഴ്‌സ്' പരമ്പരയുടെ ഭാഗമായി ലബൂബുവിനെ അവര്‍ പുറത്തിറക്കി. ലുങ്ങിന്റെ കഥയില്‍ ഒന്നിലധികം ലബൂബുവുള്ളത് പോലെ, പോപ് മാര്‍ട്ടിന്റെ ഷെല്‍ഫുകളിലും വിവിധതരം ലബൂബു കളിപ്പാട്ടങ്ങളുണ്ട്.

ഓരോന്നിന്റെയും കണ്ണുകളും മൂക്കും പല്ലുകളും വ്യത്യസ്ത നിറങ്ങളിലായിരിക്കും. അവ മോക്കോക്കോ, പാറ്റോ, സ്പൂക്കി, ടൈക്കോക്കോ, സിമോമോ എന്നിങ്ങനെ നീളുന്നു. 

തെക്കുകിഴക്കൻ ഏഷ്യയിലാണ് ലബൂബുവിന് ആദ്യം പ്രചാരം ലഭിച്ചതെങ്കിലും, അതിന്റെ പ്രശസ്തി പെട്ടെന്ന് തന്നെ അമേരിക്കയിലേക്കും വ്യാപിച്ചു. ഓൺലൈൻ ലേലങ്ങളിലും പാവ തരംഗമായി. ബ്ലൈൻഡ്-ബോക്സ് മാതൃക ഈ തരംഗത്തെ കൂടുതൽ കൗതുകകരമാക്കി. തുറന്നുനോക്കുന്നതുവരെ തങ്ങൾക്ക് ഏത് പാവയാണ് ലഭിക്കുന്നതെന്ന് വാങ്ങുന്നവർക്ക് അറിയില്ലായിരുന്നു. രഹസ്യ സ്വഭാവമുള്ള ഈ വിപണനതന്ത്രം ലബൂബുവിനെ ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.

ലബൂബു ട്രെൻഡിൽ, സെലിബ്രിറ്റികൾ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കെ-പോപ്പ് ഗ്രൂപ്പായ ബ്ലാക്ക്പിങ്കിലെ ലിസ, ലബൂബു ആക്സസറികൾ ധരിച്ചത് ആളുകൾക്കിടയിൽ ഈ പാവകളോടുള്ള താൽപ്പര്യം വർധിപ്പിച്ചു. തുടർന്ന് കിം കർദാഷിയാനും പിന്നാലെ റിഹാനയും ലബൂബുവുമായി എത്തി. ഡേവിഡ് ബെക്കാമും ഈ തരംഗത്തിൽ പങ്കുചേർന്നു. പിന്നീട് അമിതാഭ്ബച്ചൻ മുതൽ ബോളിവുഡിലെ മുൻനിരതാരങ്ങളെല്ലാം ലബൂബുവിന്റെ ആരാധകരായി മാറി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover the rise of Labubu, the quirky toys with sharp teeth and big ears that took social media by storm.