'അച്ഛന്റെ കാര്‍ ഒരു ലക്ഷംരൂപയ്ക്ക് എനിക്ക് വിറ്റു, പരസ്യമേഖലയാണ് മുംബൈ ജീവിതത്തിന് പണംനല്‍കിയത്'

സംവിധായികയും നിര്‍മാതാവുമായ കിരണ്‍ റാവുവിന്റെ 'ലാപതാ ലേഡീസ്' ഒ.ടി.ടി.യില്‍ വലിയ നേട്ടമുണ്ടാക്കി മുന്നേറുകയാണ്. സിനിമാ സംവിധാനത്തിലും നിര്‍മാണത്തിലും കാലുറപ്പിക്കും മുമ്പ് സഹസംവിധായികയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് കിരണ്‍. ആമിര്‍ ഖാന്റെ ഐക്കണിക് ചിത്രമായ ലഗാനില്‍ കിരണ്‍ സഹസംവിധായികയായിരുന്നു. ഫീച്ചര്‍ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്‌തെങ്കിലും മുംബൈയില്‍ സ്വന്തം ചിലവില്‍ ജീവിക്കാനുള്ള പണം അതില്‍ നിന്ന് സമ്പാദിച്ചിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കിരണ്‍ ഇപ്പോള്‍. ആ ദിവസങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു.
മുംബൈയിലേക്ക് താമസം മാറ്റിയതുതൊട്ട് ഇവിടുത്തെ ചെലവേറിയ ജീവിതത്തിനൊപ്പമെത്താന്‍ ഒരേസമയം പല ജോലികള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. താത്കാലികജോലികള്‍ ഒരുപാട് ചെയ്തു. ഓരോ ജോലിയും കിട്ടുമ്പോഴെല്ലാം ഞാന്‍ ചെയ്യും, അവര്‍ പ്രതിഫലം തരുന്നതുവരെ തുടരും, ശേഷം വേറെ ജോലി നോക്കും. കിട്ടുന്ന പണം തികയുമോ, വാടക കൊടുക്കാനാവുമോ എന്നൊക്കെ ആശങ്കപ്പെടേണ്ട അവസ്ഥയുണ്ടായിരുന്നുവെന്നും കിരണ്‍ പറയുന്നു.
ലഗാന്റെ ഭാഗമായപ്പോള്‍ അതില്‍ നിന്നും സാമ്പത്തികമായി പ്രതിഫലം ലഭിച്ചിരുന്നില്ലേയെന്ന അവതാരകയുടെ ചോദ്യത്തിന്, ഫീച്ചര്‍ സിനിമകളില്‍ നിന്ന് പണം ലഭിച്ചിരുന്നില്ലെന്നും മുംബൈയില്‍ താമസിക്കാന്‍ താന്‍ പണം കണ്ടെത്തിയത് പരസ്യമേഖലയിലെ ജോലിയിലൂടെയാണെന്നും കിരണ്‍ പറഞ്ഞു. കമ്പ്യൂട്ടറും കാറും പോലുള്ള വിലകൂടിയ കാര്യങ്ങള്‍ വാങ്ങാന്‍ സഹായിച്ചത് പരസ്യരംഗമാണ്. സൈറസ് സെയ്‌സ് പോഡ്കാസ്റ്റ് ഷോയിലാണ് കിരണിന്റെ തുറന്നുപറച്ചില്‍.
ആദ്യകാര്‍ വാങ്ങിയത് ഒരുലക്ഷത്തിന്
കിരണ്‍ ആദ്യമായി കാര്‍ സ്വന്തമാക്കിയത് പിതാവില്‍ നിന്നാണ്. 'ഞാന്‍ എന്റെ ആദ്യത്തെ കാര്‍ വാങ്ങിയത് അച്ഛനോടാണ്. ഒരു ലക്ഷം രൂപയ്ക്ക് അച്ഛന്‍ എനിക്ക് കാര്‍ വിറ്റു. അങ്ങനെയൊരു കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 'ഇങ്ങനെമാത്രമേ നീ പണം സമ്പാദിക്കൂ' എന്നായിരുന്നു അച്ഛന്റെ നയം. ഞങ്ങള്‍ ബാംഗ്ലൂരില്‍ നിന്ന് മുംബൈയിലേക്ക് പുതിയ എക്സ്പ്രസ് വേയിലൂടെ കാറോടിച്ചു'-കിരണ്‍ പറഞ്ഞു.
ഒരു ദശാബ്ദത്തിനുശേഷമാണ് കിരണ്‍ ലാപത ലേഡീസിലൂടെ സംവിധാനത്തിലേക്കിറങ്ങുന്നത്. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം.
15 വര്‍ഷത്തെ ദാമ്പത്യമവസാനിപ്പിച്ച് 2021-ല്‍ ആമിര്‍ ഖാനും കിരണും വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. 2005-ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകനുണ്ട്. ലഗാന്റെ സെറ്റില്‍ വെച്ചാണ് കിരണും ആമിറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ആദ്യഭാര്യ റീന ദത്തയുമായുള്ള വിവാഹബന്ധം 2002-ലാണ് ആമിര്‍ ഖാന്‍ വേര്‍പെടുത്തിയത്.
Content Highlights: kiran rao revealed that her early days as an AD were quite challenging