ഹോമോസെക്ഷ്വാലിറ്റി അംഗീകരിക്കപ്പെടുമ്പോൾ; മാത്യുവിന്റെയും തങ്കച്ചന്റെയും 'കാതല്‍' പറയുന്നത്...

#അക്ഷര അര്‍ജുന്‍
കാതൽ
കാതൽ

മലയാള സിനിമയുടെ മാറ്റത്തിന്റെ കാഴ്ചപ്പാടുകളെ ഊട്ടിയുറപ്പിക്കുന്ന സിനിമയാണ് കാതല്‍. പറയാന്‍ മടിക്കുന്ന, പറയപ്പെടേണ്ട വിഷയത്തെ നോര്‍മലൈസ് ചെയ്യുകയാണ് മാത്യു ദേവസ്യ എന്ന മമ്മൂട്ടി കഥാപാത്രത്തിലൂടെ ജിയോ ബേബി. മാത്യു ദേവസ്യ ഒരാളല്ല, ഒരായിരം പേരാണ്. സ്വവര്‍ഗാനുരാഗിയായ ഒരാള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന എല്ലാ പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്ന സമൂഹത്തിന്റെ പ്രതിനിധി. മമ്മൂട്ടിയെപോലുള്ള നടന്‍ ഈ കഥാപാത്രം ചെയ്യുമ്പോള്‍ അത് എത്രത്തോളം സമൂഹത്തെ സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കുണ്ടന്‍ എന്ന വിളിപ്പേരില്‍ നിന്ന് ഇന്നും കരകയറാത്ത ഓരോ വാതിലിലേക്കുമുള്ള ചൂണ്ടുവിരല്‍ കൂടിയാണീ സിനിമ. സ്വവര്‍ഗാനുരാഗികളായ ഒരാളോടൊപ്പം ജീവിക്കുമ്പോള്‍ ജീവിത പങ്കാളിയ്ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളും നിഷേധിക്കപ്പെടുന്ന അവരുടെ ശാരീരിക അവകാശങ്ങളും വരച്ചുകാട്ടുമ്പോഴും ഓമന എന്ന കഥാപാത്രത്തിന് മാത്യുവിനോടുള്ള വൈകാരിക അടുപ്പം ചില മൗനങ്ങളിലൂടെ വെളിവാക്കുന്നു. സ്വയം സ്‌നേഹിക്കുമ്പോഴാണ് മറ്റൊരാളുടെ ഇഷ്ടത്തെ മനസ്സിലാക്കി അവരെ സ്വതന്ത്രരാക്കാന്‍ കഴിയുന്നത്. അത് തന്നെയാണ് യഥാര്‍ഥ കാതല്‍, സെല്‍ഫ് ലൗ. ഒരു കോമ്പിനേഷന്‍ സീന്‍ പോലുമില്ലാതെ മാത്യുവും തങ്കച്ചനുമായുള്ള  സ്വവര്‍ഗാനുരാഗത്തിന്റെ തീവ്രത പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തറച്ചുവെക്കുകയാണ് ജിയോ ബേബി. 

സിനിമയിലും എഴുത്തിലും

ഗേ, ലെസ്ബിയന്‍, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയവയെല്ലാം പറഞ്ഞു പതിഞ്ഞ പ്രയോഗങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ഹോമോസെക്ഷ്വാലിറ്റിയും ബൈസെക്ഷ്വാലിറ്റിയും അംഗീകരിക്കപ്പെടേണ്ടതാണെന്ന ബോധ്യത്തിലേക്കുള്ള കാലത്തിന്റെ അടയാളപ്പെടുത്താലാണ് ഇന്ന് മലയാളസിനിമ. മലയാളിക്ക് സുപരിചിതമല്ലാതിരുന്ന സ്വവര്‍ഗാനുരാഗത്തിന്റെ അനുഭൂതിയിലൂടെ കടന്നുപോകുന്ന നോവലാണ് മാധവിക്കുട്ടിയുടെ 'ചന്ദനമരങ്ങള്‍'. കളിക്കൂട്ടുകാരായിരുന്ന ഷീലയുടെയും കല്യാണിക്കുട്ടിയുടെയും ബന്ധത്തിന്റെ ശക്തമായ ആവിഷ്‌കാരമാണത്. സ്വാതന്ത്ര്യം തേടി ഒളിച്ചോടുന്നതും തിരിച്ചറിയപ്പെടാതിരിക്കാന്‍ വേഷപ്പകര്‍ച്ച നടത്തുകയും ചെയ്യുന്ന പത്മരാജന്റെ സാലിയെയും നിമ്മിയെയും നമുക്കറിയാം. 2005-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന സിനിമയിലൂടെ പുരുഷന്റെ സ്‌ത്രൈണതയുടെ ഹാസ്യവശങ്ങള്‍ മാത്രം കണ്ട് കോമാളിയായി ചിത്രീകരിച്ച കാലത്തുനിന്നും സ്വവര്‍ഗാനുരാഗത്തെ സ്വാഗതം ചെയ്യപ്പെടുകയാണ്. സ്വത്വം വെളിപ്പെടുമെന്ന് ഭയന്ന് പ്രിയപ്പെട്ടവനെ കൊല്ലുന്ന ആന്റണി മോസസിനെ വരച്ചുകാട്ടിയ മുംബൈ പോലിസ് എന്ന ചിത്രവും മലയാളിക്ക് സുപരിചിതമാണ്. ലെസ്ബിയന്‍ പ്രണയം ചര്‍ച്ച ചെയ്യുന്ന 'ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍' ഗേ പ്രണയം വിഷയമായ 'റെഡ് വൈറ്റ് ആന്റ് റോയല്‍ ബ്ലൂ' എന്നീ ഹോളിവുഡ് സിനിമകളും ബദായി ദോ എന്ന ഹിന്ദി ചിത്രവും ഉള്‍പ്പെടെ ഹോമോസെക്ഷ്വാലിറ്റി അവതരിപ്പിക്കപ്പെട്ട സിനിമകള്‍ നിരവധിയാണ്. എഴുത്തിലും സിനിമയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ തന്നെയാണ് നാളിതുവരെയായി സമൂഹത്തെ മാറി ചിന്തിപ്പിക്കാന്‍ പ്രചോദിപ്പിക്കുന്നത്. 

പേടിയാണ് സമൂഹത്തെ

ലെസ്ബിയന്‍ പ്രണയത്തിന്റെ പേരില്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും ശാരീരികവും മാനസികവുമായുള്ള വേട്ടയാടലുകള്‍ക്ക് ഇരയാകേണ്ടി വന്ന അഫീഫയെയും സുമയ്യയെയും നമ്മളാരും മറന്നിട്ടുണ്ടാവില്ല. ഇന്ന് വീടും നാടും ഉപേക്ഷിച്ച് പേടിച്ച് ജീവിക്കുന്ന അഫീഫയ്ക്കും സുമയ്യയ്ക്കും പറയാനുള്ളതും മാത്യു ദേവസ്യയുടെ കഥ തന്നെയാണ്.

'പ്രണയം പറഞ്ഞപ്പോള്‍ വീട്ടുകാരെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ മാനസിക സമ്മര്‍ദ്ദങ്ങളില്ലാതെ സമാധാനമായി ജീവിക്കാമായിരുന്നു. വലിയ പുരോഗമനം പറയുന്ന, സ്വവര്‍ഗനുരാഗം നോര്‍മലാണെന്ന് പറയുന്ന ആളുകള്‍ പോലും ഇതിനെതിരാണ്. വാക്കുകളില്‍ മാത്രം ഒതുങ്ങിപ്പോകുന്ന പുരോഗമനമാണ് പലരുടെതും. പേടിയാണ് ഇപ്പോഴും സമൂഹത്തെ. ഒരുപാട് പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഇപ്പോഴും ഒരുമിച്ച് ജീവിക്കുകയാണ്.'

കേരളം മാറാന്‍ സമയമെടുക്കും 

അമേരിക്കയില്‍ ജനിച്ച് കേരളത്തെ സ്‌നേഹിച്ച അപര്‍ണ മള്‍ബറിയ്ക്ക് താന്‍ ലെസ്ബിയനാണെന്ന് കേരളത്തിലുള്ളവരോട് പറയാന്‍ മടിയായിരുന്നു. സമൂഹത്തിലൊരു മാറ്റം ഉണ്ടാക്കാന്‍ തന്റെ ഇടപെടലിന് സാധിക്കുമെന്ന ചിന്തയാണ് ഒരു തുറന്നുപറച്ചിലിന് അപര്‍ണയെ പ്രേരിപ്പിച്ചത്. ജിയോ ബേബിയുടെ 'കാതല്‍' അപര്‍ണയ്ക്കുണ്ടാക്കിയ സന്തോഷം മറ്റൊന്നായിരുന്നു.
 

അപർണ മള്‍ബറി പങ്കാളി
അമൃതശ്രീയ്ക്കൊപ്പം

'ലോകത്തിലെവിടെ പോയാലും ഹോമോ സെക്ഷ്വാലിറ്റിയെ അംഗീകരിക്കപ്പെടുന്നത് ആദ്യം സംസാരം, പിന്നെ മൂവ്‌മെന്റ് അങ്ങനെയെല്ലാം തന്നെയാണ്. പിന്നീട് നിയമവ്യവസ്ഥയില്‍ മാറ്റം വരുകയും അത് സാധാരണമായ ഒരു കാര്യമായി മാറുകയും ചെയ്യും. അമേരിക്കയിലും യു.കെയിലും ഫ്രാന്‍സിലുമെല്ലാം ഇങ്ങനെതന്നെയാണ്. കേരളത്തില്‍ ഇത് നോര്‍മലൈസ് ചെയ്യപ്പെടാന്‍ കുറച്ചു കൂടി സമയം എടുക്കും. അമേരിക്കയില്‍ 50-കളില്‍ അംഗീകരിക്കപ്പെട്ടൊരു കാര്യം കേരളത്തില്‍ ഇന്നാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്, ആ വ്യത്യാസമുണ്ട്. സിനിമകളില്‍ കൂടി മാത്രമേ വീടുകളില്‍ ഇതൊരു സംസാരവിഷയമായി വരൂ. ഈ റോള്‍ ഏറ്റെടുത്ത് ഭംഗിയാക്കിയ മമ്മൂട്ടി സാറിന് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഈ ശ്രമവും സിനിമയും സമൂഹത്തില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മറ്റൊന്നും ചിന്തിക്കാതെ എല്ലാവരും സ്‌നേഹം, സ്വീകാര്യത എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്.'

നികേഷും സോനുവും, ആദിലയും നൂറയും... ഇവരെപ്പോലെ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവന്ന അടയാളപ്പെടുത്തലുകള്‍ നമ്മുടെ സമൂഹത്തില്‍ത്തന്നെയുണ്ട്. 

Content Highlights: kathal movie , homosexuality, mammootty, jyothika