ഒരേപേരിൽ 9 സിനിമകൾ;എല്ലാം പരാജയം,റിഷി കപൂർ വിഷാദത്തിലേക്ക് പോയി,ഊർമിളയുടെ കരിയർഗ്രാഫ് താഴ്ന്നു

ഊർമിള മധോൺകർ, റിഷി കപൂറും ടീന മുനിമും / Pinterest
ഊർമിള മധോൺകർ, റിഷി കപൂറും ടീന മുനിമും / Pinterest

അന്ധവിശ്വാസങ്ങളാലും വിശ്വാസങ്ങളാലും നിറഞ്ഞതാണ് സിനിമാരംഗം. അത് ഏത് ഭാഷയിലാണെങ്കിലും അങ്ങനെ തന്നെ. ഒരു ലൊക്കേഷനിൽനിന്ന് ചിത്രീകരിച്ച രണ്ടോ മൂന്നോ സിനിമകൾ പരാജയപ്പെട്ടാൽ, ആ ലൊക്കേഷൻ പിന്നീട് തിരിഞ്ഞുപോലും നോക്കില്ല സിനിമാക്കാർ. 

എന്നാൽ, ആ വിശ്വാസങ്ങളെയെല്ലാം പൊളിച്ചെഴുതിയൊരു കഥയുണ്ട് ബോളിവുഡിൽ. 'കർസ്' (Karz) എന്ന പേരുമായി ബന്ധപ്പെട്ടുള്ളതാണത്. 'കർസ്' എന്നാൽ കടം എന്നാണ് അർഥം. 

1990-ലാണ് 'കർസ്' എന്ന പേരിൽ ആദ്യമായി സിനിമയിറങ്ങുന്നത്. റിഷി കപൂർ, ടീന മുനിം, സിമി ഗരേവാൾ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. ഇന്ന് അതിന് ഒരു കൾട്ട് സ്റ്റാറ്റസ് ഉണ്ടെങ്കിലും, റിലീസായ സമയത്ത് സ്ഥിതി അങ്ങനെയായിരുന്നില്ല. ബോക്‌സോഫീസിൽ കാര്യമായ ഇളക്കമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞില്ല. ഏകദേശം ഇതേ സമയത്താണ് 'ഖുർബാനി' റിലീസാവുന്നത്. അതോടെ 'കർസ്' തകർന്നടിഞ്ഞു. ഇതിലെ പാട്ടുകളെല്ലാം ഹിറ്റായെന്നത് വേറെ കാര്യം. 

സിനിമയുടെ പരാജയത്തെക്കുറിച്ച് റിഷി കപൂർ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയിലും പറയുന്നുണ്ട്, ''എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കുമെന്നാണ് കരുതിയത്. ഒരുപാട് പ്രതീക്ഷകളുള്ള സിനിമ. പക്ഷേ, അതൊന്നും നടന്നില്ല. സിനിമ പരാജയപ്പെട്ടതോടെ ഞാൻ കടുത്ത വിഷാദത്തിലായി. സിനിമാസെറ്റുകളിൽ തളർന്നുവീഴാൻ തുടങ്ങി. ആത്മവിശ്വാസവും തകർന്നു''. 

2002-ൽ സണ്ണി ഡിയോൾ, സുനിൽ ഷെട്ടി, ശില്പ ഷെട്ടി എന്നിവർ അഭിനയിച്ച 'കർസ്' ഇറങ്ങി. 'Karz: The burden of Truth' എന്നാണ് സിനിമയ്ക്ക് പേരിട്ടത്. ഇതും ബോക്‌സോഫീസിൽ കാര്യമായി വിജയിച്ചില്ല. 

1990-ലെ 'കർസി'ന്റെ റീമേക്ക് 2008-ൽ റിലീസ് ചെയ്തു. ഇത്തവണ പേരിൽ ചെറിയൊരു മാറ്റം വരുത്തിയിരുന്നു, 'Karzzzz' എന്നാക്കി അത്. ഹിമേഷ് രഷ്മിയ, ഊർമിള മധോൺകർ, ദിനോ മോറിയ എന്നിവരാണ് സിനിമയിൽ അഭിനയിച്ചത്. ആദ്യസിനിമയുടെ അവസ്ഥ തന്നെയായിരുന്നു ഇതിനും. 24 കോടിക്ക് നിർമിച്ച സിനിമ നേടിയത് വെറും 16 കോടി. ഊർമിളയുടെ കരിയറിന് അവസാനം കുറിച്ചതും ഈ സിനിമ തന്നെ. അതിനുശേഷം ബോളിവുഡിൽ പ്രധാനറോളുകളൊന്നും ഊർമിളയ്ക്ക് ലഭിച്ചില്ല. പതുക്കെ അവർ സിനിമയിൽനിന്ന് അകലുകയും ചെയ്തു. സിനിമയുടെ പരാജയത്തോടെ നിർമാതാക്കൾ സാമ്പത്തികപ്രതിസന്ധിയിലുമായി. 

'കർസ് തേരെ ഖൂൻ കാ' (1988) എന്ന സിനിമയുടെ അവസ്ഥയും സമാനമായിരുന്നു. ഭാരത് ഭൂഷണും മൂൺ മൂൺ സെന്നുമാണ് അതിൽ കേന്ദ്രകഥാപാത്രങ്ങളായത്. 1990-ൽ പുറത്തിറങ്ങിയ 'ദൂധ് കാ കർസ്', 'പ്യാർ കാ കർസ്'  എന്നീ സിനിമളും ബോക്‌സോഫീസിൽ തകർന്നു. തൊട്ടടുത്ത വർഷവും രണ്ടുസിനിമകളിറങ്ങി. 'മഹാൻ കർസ്', 'കർസ് ചുകാനാ ഹേ' എന്നിവയായിരുന്നുവത്. അതും വിജയിച്ചില്ല. 2016-ൽ 'ദൂധ് കാ കർസ്' എന്ന പേരിൽ വീണ്ടും സിനിമയിറക്കി. അതും മോശം പ്രകടനം കാഴ്ചവെച്ചു. ഇവയിൽ പലതും അഞ്ചുകോടി പോലും ബോക്‌സോഫീസിൽനിന്ന് നേടിയില്ല എന്നതാണ് സത്യം. അങ്ങനെ ബോളിവുഡിലെ ഏറ്റവും ദൗർഭാഗ്യം പിടിച്ച വാക്കായി മാറി 'കർസ്'. 



 

Content Highlights: 9 movies under same name, still it proved to be most unluckiest