കോഫി വിത്ത് കരണിന്റെ 22 കൊല്ലത്തെ യാത്രയവസാനിക്കുന്നു, കാരണമിത്

കരൺ ജോഹർ / AFP
കരൺ ജോഹർ / AFP

പതിറ്റാണ്ടുകളായി ഹിന്ദി സിനിമാ വ്യവസായത്തിനുള്ളിലെ ചൂടൻ വിശേഷങ്ങളും താരങ്ങളുടെ വ്യക്തിജീവിതവുമെല്ലാം അഭിമുഖങ്ങളിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച കോഫി വിത്ത് കരൺ ഷോയ്ക്ക് തിരശ്ശീല വീഴുന്നു. തന്റെ ജനപ്രിയ സെലിബ്രിറ്റി ചാറ്റ്ഷോയിലെ അഭിമുഖക്കാരന്റെ വേഷമഴിക്കാനൊരുങ്ങുകയാണ് കരൺ ജോഹർ. ഷോയുടെ വരാനിരിക്കുന്ന ഒമ്പതാം സീസൺ അവസാനത്തേതായിരിക്കുമെന്ന് കരൺ പ്രഖ്യാപിച്ചുകഴിഞ്ഞു. 

ബോളിവുഡ് സെലിബ്രിറ്റികളുടെ സൗഹൃദങ്ങളും പ്രണയങ്ങളും ബ്രേക്കപ്പുകളും വിവാഹങ്ങളും വിവാദ വെളിപ്പെടുത്തലുകളുമെല്ലാം കോഫി വിത്ത് കരണിനെ എക്കാലത്തും പ്രശസ്തിയുടെ കൊടുമുടിയിൽ നിർത്തിയിരുന്നു.

അതേസമയം, കരൺ എന്തിന് ഷോ അവസാനിപ്പിക്കണമെന്ന ചോദ്യങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. കരിയറിൽ പുതിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 

“വിനോദ വ്യവസായത്തിലെ എന്റെ ഐഡന്റിറ്റിയുടെ വലിയൊരു ഭാഗമാണ് 'കോഫി വിത്ത് കരൺ'... 22 വർഷം കഴിഞ്ഞുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇപ്പോൾ ഇതെന്റെ ഒമ്പതാം സീസണായിരിക്കും"- കരൺ പറഞ്ഞു.

ഇനിയങ്ങോട്ട് സിനിമാനിർമ്മാണത്തിനും കൂടുതൽ കഥകൾ പറയുന്നതിനുമായി മാറ്റിവെക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. "എന്റെ ജീവിതത്തിലെ അടുത്ത ദശകത്തിൽ കൂടുതൽ സിനിമകൾ സംവിധാനം ചെയ്യാനാഗ്രഹിക്കുന്നു. നിരവധി കഥകൾ പറയാൻ... അതിനാൽ ഭാരപ്പെട്ട മനസ്സോടെ ഞാനീ സീസൺ അവസാനത്തേതാക്കുന്നു. സംഭാഷണങ്ങൾ, തുറന്നുപറച്ചിലുകൾ, വിവാദങ്ങൾ എന്നിവയുടെ പര്യായമായ ഒരു കൗച്ചിൽ ഞാനിരിക്കുന്ന അവസാനത്തെ സമയമായിരിക്കുമിത്. ഷോ എനിക്കുതന്ന സ്നേഹത്തിന്റെ പൈതൃകം ആളുകളുടെ ഹൃദയങ്ങളിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു"-അദ്ദേഹം പറഞ്ഞു.

2004-ൽ സ്റ്റാർ വേൾഡിലാണ് 'കോഫി വിത്ത് കരൺ' ആദ്യമായി സംപ്രേക്ഷണം ചെയ്തത്. ഷാരൂഖ് ഖാനും കാജോളുമായിരുന്നു ആദ്യ അതിഥികൾ. ആദ്യ സീസണിൽ അമിതാഭ് ബച്ചൻ മകൻ അഭിഷേക് ബച്ചനൊപ്പവും ഐശ്വര്യ റായ് സംവിധായകൻ സ‍ഞ്ജയ് ലീല ബൻസാലിക്കൊപ്പവും എത്തിയിരുന്നു.

2019 വരെ സ്റ്റാർ വേൾഡിൽ ആറ് സീസണുകളിലായി ഈ ഷോ തുടർന്നു. 2007-ൽ സ്റ്റാർ വണ്ണിലും സീസൺ 2 സംപ്രേക്ഷണം ചെയ്തിരുന്നു. ആറാം സീസണായപ്പോഴേക്കും സ്റ്റാർ വേൾഡ് പോലെ തന്നെ സ്റ്റാർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഹോട്ട്‌സ്റ്റാറിലും എപ്പിസോഡുകൾ ലഭ്യമായിത്തുടങ്ങി. 'കോഫി വിത്ത് കരൺ' സീസൺ 9 ഒക്ടോബർ 14-ന് ജിയോഹോട്ട്‌സ്റ്റാറിൽ എക്സ്ക്ലൂസീവ് ആയി പ്രീമിയർ ചെയ്യും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Karan Johar confirms Koffee With Karan will end after Season 9., The show is ending after 22 years as Karan wants to focus on film directing., Season 9 will premiere exclusively on JioHotstar on October 14, 2026., The iconic chat show first premiered in 2004 with Shah Rukh Khan and Kajol.