'ബോളിവുഡിൽ താടിവെച്ച, പുകവലിക്കുന്ന നായകൻമാരുടെ കാലം': കരൺ ജോഹർ

ബോളിവുഡിന്റെ ഹൈപ്പർ-മാസ്‌കുലിൻ (hyper-masculine) കഥപറച്ചിലിനോടുള്ള അഭിനിവേശത്തെ (obsession) വിമർശിച്ചുകൊണ്ട് സംവിധായകനും നടനും നിർമാതാവുമായ കരൺ ജോഹർ. ബിഗ് ആൽഫ എനർജിയും അതിനോടനുബന്ധമായ ആഖ്യാനങ്ങളും ആധിപത്യം പുലർത്തുന്ന ഒരു ഘട്ടമായിട്ടാണ് ഇന്നത്തെ ബോളിവുഡിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ദി വീക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാമേഖലയിൽ അതിപുരുഷത്വപരമായ കഥപറച്ചിലിനോടുള്ള അഭിനിവേശം കൂടിവരികയാണെന്നും അദ്ദേഹം പറയുന്നു. പലപ്പോഴും കഥപറച്ചിലിലെ സൂക്ഷ്മതയും വൈവിധ്യവും ബലികഴിച്ചാണ് പുരുഷത്വപ്രകടനങ്ങളിലേക്ക് ബോളിവുഡ് ചായുന്നതെന്നും അദ്ദേഹം പറയുന്നു.
ഇന്നത്തെ തിയേറ്റർ റിലീസുകൾ പ്രധാനമായും പുരുഷ കേന്ദ്രീകൃതമായ ആഖ്യാനങ്ങളാൽ നയിക്കപ്പെടുന്നതാണെന്ന് കരൺ നിരീക്ഷിച്ചു. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ വൈവിധ്യത്തിന് ഇപ്പോഴും ഇടമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഒരു പ്രത്യേക ജോണറിലുള്ള ഒരു സിനിമ വിജയിച്ചാൽ, അതുപോലുള്ള 10 സിനിമകൾ വേറെയുമുണ്ടാവും. ഒരു കാരണവുമില്ലാതെ പുരുഷൻമാർ സ്ലോ മോഷനിൽ നടക്കുന്ന 10 മാസ്‌കുലിൻ സിനിമകൾ കൂടി നിങ്ങൾ കാണും. ആ നായകൻമാർക്കെല്ലാം താടിയുണ്ടാകും. എല്ലാവരും പുകവലിക്കും. സ്ത്രീകൾ കാണാനിഷ്ടപ്പെടുന്നത് അതാണ്. അല്ലെങ്കിൽ പുരുഷൻമാർ ചിന്തിക്കുന്നത് അതാണ്''.
റൺബീർ കപൂർ നായകനായ 'അനിമൽ' എന്ന സിനിമയ്ക്കുശേഷമാണ് ബോളിവുഡിൽ മാസ്‌കുലിൻ തരംഗത്തിന് തുടക്കമായത്. അതിനുശേഷം മാർക്കോ, ധുരന്ധർ തുടങ്ങിയ സിനിമകളും അതേ പാത സ്വീകരിച്ചു. പരുഷമായ രൂപഭാവങ്ങൾ, നീണ്ടതാടി, പുകവലി, അക്രമം, രക്തച്ചൊരിച്ചിൽ തുടങ്ങിയവയുമായാണ് ഇത്തരം നായകൻമാരെ അവതരിപ്പിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Karan Johar critiques the rising trend of hyper-masculinity in Bollywood storytelling. Observations on the 'Animal' movie effect leading to repetitive, male-centric narratives.