‘തുടർച്ചയായി നാല്പത് മണിക്കൂർ ജോലി ചെയ്തു, പലതവണ മരണത്തെ മുഖാമുഖം കണ്ടു’

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന 'കാന്താര ചാപ്റ്റർ 1'. സെപ്റ്റംബർ 22-ന് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ മലയാളികളടക്കം നാല് പേരാണ് വ്യത്യസ്ത സമയങ്ങളിലായി മരിച്ചത്, ഇതോടെ ചിത്രത്തിന് ദോഷം ഉണ്ടെന്ന തരത്തിൽ പല വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ, സിനിമയുടെ ചിത്രീകരണത്തിനിടെ മരണങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും, ചിത്രത്തിന് ശാപമുണ്ടെന്ന് തോന്നിയിരുന്നെന്നും കാന്താര ചിത്രീകരണത്തിനിടെ പലതവണ താൻ മരണത്തെ മുഖാമുഖം കണ്ടെന്നും ട്രെയ്‌ലർ റിലീസിനെത്തുടർന്ന് നടന്ന സംഭാഷണത്തിൽ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി പറുയകയുണ്ടായി.
"ഈ യാത്രയെ വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. സംഭവിച്ചത് വളരെ ദൗർഭാഗ്യകരമായിരുന്നു. യഥാർത്ഥത്തിൽ, ഷൂട്ടിങ്ങിനിടെ നാലോ അഞ്ചോ തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു, പ്രയാസമേറിയ സമയങ്ങളിലൂടെ കടന്നുപോകാൻ ഞങ്ങളെ സഹായിച്ച ദൈവിക ശക്തിയോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. സിനിമയുടെ ഫലം എന്തായിരിക്കുമെന്നോർത്ത് സ്വയം സമ്മർദ്ദത്തിലാകുന്ന ആളല്ല ഞാൻ. എൻ്റെ സിനിമയോട് ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് കാണാൻ എനിക്ക് ആകാംഷയുണ്ട്. ഓരോ പ്രോജക്റ്റിന് ശേഷവും അതാണ് എൻ്റെ മാനസികാവസ്ഥ. ഒക്ടോബർ 2-ന് ഞങ്ങളുടെ സിനിമ ജനങ്ങളെ കാണിക്കാനായി കാത്തിരിക്കുകയാണ്. അതിനെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കുന്നില്ല, അവർ കണ്ട് വിധി പറയട്ടെ,"- അദ്ദേഹം പറഞ്ഞു.
മൂന്ന് മാസത്തോളം ടീം തുടർച്ചയായി പ്രവർത്തിച്ചുവെന്നും പലപ്പോഴും ശരിയായ വിശ്രമം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധാന വിഭാഗം മുതൽ നിർമ്മാതാക്കൾ വരെയുള്ള മുഴുവൻ സംഘവും സിനിമയെ സ്വന്തം ചിത്രമായി കണക്കാക്കിയെന്നും അത് വെല്ലുവിളികളെ മറികടക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പരാമർശിച്ചു. നിരവധി അപകടങ്ങൾ സെറ്റിൽ സംഭവിച്ചിട്ടുണ്ടെന്നും അവയിൽ പലതും മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
" ഞങ്ങൾ തുടർച്ചയായി 30-40 മണിക്കൂർ വരെ ജോലി ചെയ്തിരുന്നു. ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂർ മാത്രമായിരിക്കും ഉറങ്ങിയിരുന്നത്. എന്നോടൊപ്പം പ്രവർത്തിച്ച മൊത്തം ടീമിനും നന്ദി." അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രീകരണത്തിടെ കന്നഡ താരം രാകേഷ് പൂജാരിയാണ് ആദ്യം ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മാസങ്ങൾക്കുശേഷം സിനിമയുടെ അണിയറപ്രവർത്തകനായ കപിൽ, നദിയില്‍ വീണ് മുങ്ങി മരിക്കുകയുണ്ടായി. ശേഷം സിനിമയിൽ പ്രവർത്തിച്ചുവന്ന കലാഭവൻ നിജുവും മരണപ്പെട്ടു. കാന്താരയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം സംഭവിച്ച കെജിഎഫ് താരം ദിനേശ് മംഗളൂരു കഴിഞ്ഞ വർഷമാണ് മരിച്ചത്. ജൂനിയർ ആർട്ടിസ്റ്റുമാർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു. ശേഷം മോശം കാലാവസ്ഥ മൂലം കോടികൾ ചെലവഴിച്ചു നിർമിച്ച സിനിമയുടെ സെറ്റും നശിച്ചു.
ഒക്ടോബർ 2-നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. രാജ്യമൊട്ടാകെ 7,000 സ്‍ക്രീനുകളില്‍ കാന്താര സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആരാധകർക്ക് മുന്നിൽ എത്തുമെന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Rishab Shetty opens up about the challenging shoot of Kantara, revealing near-death experiences and the film`s unfortunate incidents.