'എന്‍ പേര് രംഗരായ ശക്തിവേല്‍ നായകര്‍' കമല്‍ഹാസന് തഗ്ഗ്‌ലൈഫ് പിറന്നാള്‍

തഗ്ഗ് ലൈഫില്‍ കമല്‍ഹാസന്‍
തഗ്ഗ് ലൈഫില്‍ കമല്‍ഹാസന്‍

''എന്‍ പേര് രംഗരായ ശക്തിവേല്‍ നായകര്‍...'' തഗ്ഗ്‌ലൈഫ് എന്ന സിനിമയുടെ ടീസറില്‍ കമല്‍ഹാസന്റെ ആദ്യത്തെ ഡയലോഗ് ഇതാണ്. കമല്‍ഹാസന്റെ പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും നിര്‍മാണക്കമ്പനി പുറത്തുവിട്ടത്. പാറിപ്പറക്കുന്ന നീണ്ടമുടിയും തീക്ഷ്ണമായ കണ്ണുകളും പരുക്കന്‍ വസ്ത്രങ്ങളുമായി വ്യത്യസ്തമായ ലുക്കിലാണ് കമല്‍ എത്തുന്നത്. ടീസര്‍ വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ അത് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍, ഒരു കോടിയിലേറെ ആളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു. 

ശക്തിവേല്‍ നായകര്‍ എന്ന പേര് കേട്ടപ്പോള്‍ 'നായക'ന്റെ രണ്ടാം ഭാഗമാണോ എന്നൊരു സംശയം സിനിമാപ്രേമികള്‍ക്കുണ്ട്. എന്നാല്‍ അതിനെക്കുറിച്ചൊന്നും ഒരു സൂചനയും തന്നിട്ടില്ല. തൃഷ കൃഷ്ണന്‍, ജയംരവി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും സിനിമയില്‍ പ്രധാനറോളുകളിലെത്തുന്നു.

കമല്‍ഹാസന്റെ ബിഗ് ബജറ്റ് സിനിമകളിലൊന്നായ തഗ്ഗ് ലൈഫ്, അടുത്തവര്‍ഷമാണ് പുറത്തിറങ്ങുക. പാന്‍ ഇന്ത്യന്‍ റിലീസാണ് അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. കമലിന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവിസ് എന്നിവയുടെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്. 

35 വര്‍ഷങ്ങള്‍ക്കുശേഷം കമല്‍ഹാസനും സംവിധായകന്‍ മണിരത്‌നവും ഒരുമിക്കുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത. നായകന്‍ എന്ന ബ്ലോക്ബസ്റ്ററായിരുന്നു ഇവര്‍ അവസാനമായി ഒരുമിച്ച സിനിമ. അതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരം കമലിനെ തേടിയെത്തിയിരുന്നു. പിന്നീട് എന്തുകൊണ്ട് കമലിനെവെച്ചൊരു സിനിമ ചെയ്തില്ലെന്ന ചോദ്യത്തിന് മണിരത്‌നം മറുപടി നല്‍കിയതിങ്ങനെ. ''ഒരു വലിയ നടനെ സമീപിക്കുമ്പോള്‍ നിങ്ങളുടെ കൈയില്‍ എന്തെങ്കിലും വേണം. അത്ര വ്യത്യസ്തമായിട്ടുള്ള തിരക്കഥയും റോളുമുണ്ടെങ്കിലേ കമലിനെ പോലെ ഒരാളുടെ അടുത്തേക്ക് പോകാന്‍ പറ്റൂ. അതുകൊണ്ടാണ് ഇത്രയും വര്‍ഷങ്ങളുടെ ഗ്യാപ്പ് വന്നത്''. എന്തായാലും ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റായിരിക്കുമെന്നതിന്റെ സൂചനകള്‍ ടീസര്‍ തരുന്നുണ്ട്.
 

Content Highlights: kamalhassan turns 69-thuglife team reveals first look poster and teaser