കല്യാണി സോംബി ചിത്രത്തിൽ രൺവീറിന്റെ നായിക? ഭാഷ തടസ്സമല്ലെന്ന് നടി

‘ധുരന്ധർ’ രണ്ടാംഭാഗത്തിന്റെ തിരക്കുകൾ കഴിഞ്ഞാൽ രൺവീർ സിങ്ങിന്റെ അടുത്ത ഉദ്യമം സോംബി ചിത്രമായ ‘പ്രളയ്’ ആയിരിക്കും. ചിത്രത്തിൽ കല്യാണി പ്രിയദർശൻ രൺവീറിന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സൂപ്പർഹീറോ ചിത്രമായ ‘ലോക’യിലൂടെ കല്യാണി പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ബോളിവുഡിൽ അവസരമൊരുങ്ങുന്നതെന്നും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
റിപ്പോർട്ടുകൾക്ക് സ്ഥിരീകരണമില്ലെങ്കിലും, നല്ല തിരക്കഥകൾ ഏത് ഭാഷയിൽപ്പെട്ടതാണെങ്കിലും തന്നെ തേടിയെത്തിയിട്ടുണ്ടെന്ന് പറയുകയാണ് കല്യാണിയിപ്പോൾ. "ഇത് എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല, പക്ഷേ ഏത് ഭാഷയിലായാലും നല്ല കഥകൾ എന്നെ തേടിയെത്തിയിട്ടുണ്ട്. തിരക്കഥയുടെ കാര്യത്തിൽ ഞാൻ അത്യാഗ്രഹിയാണെന്ന് എപ്പോഴും പറയാറുണ്ട്. നല്ല തിരക്കഥയുണ്ടെങ്കിൽ, മറാത്തി, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഏതു ഭാഷയിലാണെങ്കിലും എനിക്കത് വേണം. ഞാനൊരാളേയുള്ളൂ. ഒരേ സമയം 10 സിനിമകളിൽ അഭിനയിക്കാൻ എനിക്കാവില്ല, പുറത്താണെങ്കിൽ 100 മികച്ച തിരക്കഥകളുമുണ്ട്, ഇതാണ് ഇപ്പോഴത്തെ അവസ്ഥ." അവർ പറയുന്നു.
ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തനിക്കും താൽപ്പര്യമുണ്ടെന്നും കല്യാണി പറഞ്ഞു. പക്ഷേ ഇതെല്ലാം നല്ല കഥകളനുസരിച്ചിരിക്കും. സിനിമയുടെയും കഥപറച്ചിലിന്റെയും കാര്യത്തിൽ ഭാഷയെ ഒരു തടസ്സമായി കണ്ടിട്ടില്ല. വികാരമാണ് സാർവത്രികമായ ഒരു കാര്യം. അതുകൊണ്ടാണ് ഇപ്പോൾ പാൻ-ഇന്ത്യൻ സിനിമകൾ എന്നൊന്നുണ്ടായിരിക്കുന്നത്. വാക്കുകൾ മനസ്സിലാകാത്തപ്പോഴും വികാരങ്ങൾ പകർന്നു നൽകാൻ കഴിയുന്നതുകൊണ്ട് വിവിധ ഭാഷകളിലുള്ള സിനിമകൾ ആളുകൾ കാണുന്നു."
'ലോക'യുടെ വിജയത്തിന് ശേഷം ഹിന്ദിയിൽ നിന്നുള്ള ഓഫറുകൾ കൂടിയോ എന്നു ചോദിച്ചപ്പോൾ, "കൂടിയോ കുറഞ്ഞോ എന്നെനിക്ക് പറയാൻ കഴിയില്ല, പക്ഷേ അത് എപ്പോഴും അവിടെയുണ്ട്. ഞാൻ ഒരാളാണ്, ഒരു സിനിമയ്ക്ക് പൂർണഹൃദയത്തോടെ എന്റെ സമയം നൽകാനാഗ്രഹിക്കുന്നു. 'ലോക'യുടെ കാര്യത്തിലും അങ്ങനെയായിരുന്നു. ആ സിനിമയിൽ പ്രവർത്തിക്കുമ്പോൾ ഞാൻ മറ്റൊന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് എന്റെ മുന്നിൽ വരുന്ന എല്ലാ നല്ല തിരക്കഥകളോടും യെസ് പറയാനാവില്ല"- അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kalyani Priyadarshan discusses Bollywood debut rumors, her `greedy` approach to good scripts regardless of language, and the universal appeal of emotion in films.