നീലിക്കുപിന്നാലെ ബെല്ലി ഡാൻസുമായി കല്യാണി; ജീനി നീലിയെ തളച്ചെന്ന് ആരാധകർ

ബെല്ലി ഡാൻസുമായി ഞെട്ടിച്ച് കല്യാണി പ്രിയദർശൻ. 'ജീനി' എന്ന സിനിമയിലാണ് കല്യാണിയും കൃതി ഷെട്ടിയും ബെല്ലി ഡാൻസുമായി എത്തിയിരിക്കുന്നത്. കൃതിക്കും കല്യാണിക്കുമൊപ്പം രവി മോഹനും ഒരുമിക്കുന്ന 'ജീനി'യിലെ ആദ്യപാട്ടാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 'അബ്ദി അബ്ദി' എന്ന ഈ ഗാനം, മയ്‌സ കരായും ദീപ്തി സുരേഷും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്.
പാട്ട് പുറത്തിറങ്ങിയപ്പോൾ ഇരുകൈയും നീട്ടി പ്രേക്ഷകരത് സ്വീകരിച്ചു. 14 മണിക്കൂർ കൊണ്ട് 30 ലക്ഷത്തോളം പേരാണ് ഇത് കണ്ടത്. 'കല്യാണിയിൽനിന്ന് പ്രതീക്ഷിക്കാത്ത ബെല്ലി ഡാൻസ്...മനോഹരമായി ചെയ്തു', 'ജീനി നീലിയെ തളച്ചു', 'മനോഹരമായ നൃത്തവും എക്‌സ്പ്രഷനും'...വീഡിയോയ്ക്കുതാഴെ കമന്റുകൾ നിറയുന്നു.
''ഒരഭിനേതാവെന്ന നിലയിൽ ഞാനിതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്ത് വെല്ലുവിളികൾ ഏറ്റെടുക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഈ ഡാൻസ് അത്തരം നിമിഷങ്ങളിലൊന്നാണ്. ഇതിനെക്കുറിച്ച് സംവിധായകൻ എന്നോട് പറഞ്ഞപ്പോൾ, ഒരു കൊമേഴ്‌സ്യൽ ഗാനത്തെ എത്ര മനോഹരമായാണ് ചിത്രത്തിന്റെ ഒരു പ്രധാനഭാഗമായി അദ്ദേഹം മാറ്റിയതെന്നോർത്ത് ഞാൻ അദ്ഭുതപ്പെട്ടു'', പാട്ടിനുപിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കല്യാണി കുറിച്ചു.
അർജുനൻ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമയിൽ വാമിഖ ഗബ്ബി, ദേവയാനി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. എ.ആർ.റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് ഗണേഷ് ആചാര്യയും. മഷൂക് റഹ്മാനാണ് വരികളെഴുതിയിരിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Kalyani Priyadarshan impresses with a captivating belly dance performance in the new song `Abdi Abdi` from the film `Genie